കൊറോണ വൈറസ് ചൈനയില്‍ പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കൃത്യമായ മരുന്നുകളും വാക്സിനും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഈ വൈറസ് ആപത്താണെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടനയും നൽകിയിട്ടുണ്ട്. 

വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലായിരുന്നുവെങ്കിലും പിന്നീട് ജപ്പാന്‍ തായ്‌ലാന്‍ഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും സമാനമായ കേസുകള്‍ കണ്ടെത്തി. നാല് രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ലോകരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചുതുടങ്ങിയത്. ഇതിനിടെ 'കൊറോണ' മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണെന്ന് കഴിഞ്ഞ ദിവസം ചൈന സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് വിഷയത്തിന്റെ തീവ്രത അളവിലധികം വര്‍ധിച്ചത്.

ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോ(SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകൾ ആണ്.

പ്രധാനപ്പെട്ട ലക്ഷണങ്ങൾ...

1. കൊറോണ വൈറസ് ബാധിച്ചാൽ രണ്ടു മുതൽ നാലു ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. 

2. തുമ്മൽ, മൂക്കൊലിപ്പ്, ക്ഷീണം, ചുമ, തൊണ്ടവേദന, ആസ്മ ഇവയും ഉണ്ടാകാം. 

ചികിത്സിച്ചു ഭേദപ്പെടുത്താൻ ആവാത്തതിനാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വിശ്രമിക്കുക, ധാരാളം വെള്ളം  കുടിക്കുക, പുകവലി ഒഴിവാക്കുക, പുക ഏൽക്കാതിരിക്കുക.