മോശം ജീവിതശൈലിയുടെ ഭാഗമായി ഇന്ന് ഏറെ പേരില്‍ കണ്ടുവരുന്ന അസുഖമാണ് മൂത്രാശയത്തിലെ കല്ല്. അധികവും കാത്സ്യം ഓക്‌സലേറ്റ് എന്ന ഘടകമാഇതിന് കാരണമാകുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഇത് തീരെ ചെറിയ വലിപ്പത്തിലുള്ളതായിരിക്കും. അതായത്, ചെറുതരികള്‍ പോലെ. അത് മൂത്രത്തിലൂടെ സ്വാഭാവികമായി പുറത്തേക്ക് പോവുകയും ചെയ്‌തേക്കാം.

എന്നാല്‍ വലിപ്പം കൂടിയ കല്ലുകളാണെങ്കില്‍ അവ മൂത്രത്തിലൂടെ സുഗമമായി പുറന്തള്ളപ്പെടില്ല. അത്തരം സാഹചര്യങ്ങളിലാണ് മൂത്രമൊഴിക്കുമ്പോള്‍ വേദനയനുഭവപ്പെടുന്നത്. മൂത്രാശയത്തിലെ കല്ല് എത്രയും നേരത്തേ കണ്ടെത്തുന്നുവോ അത്രയും ഫലപ്രദമായി ചികിത്സിക്കാവുന്ന അസുഖമാണ്. കണ്ടെത്താന്‍ വൈകും തോറും ഇതിലെ സങ്കീര്‍ണ്ണത വര്‍ധിക്കുന്നു.

ചില ലക്ഷണങ്ങളിലൂടെ മൂത്രാശയക്കല്ല് തിരിച്ചറിയാവുന്നതാണ്. അത്തരത്തിലുള്ള ഏഴ് ലക്ഷണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

1. വയറിന്റെ വശത്ത് മാത്രം അനുഭവപ്പെടുന്ന അസഹ്യമായ വേദന. അത് പടര്‍ന്ന് നടുഭാഗത്തും അനുഭവപ്പെട്ടേക്കാം.

2. മൂത്രമൊഴിക്കുമ്പോള്‍ പുകച്ചിലും വേദനയും തോന്നുന്നത്.

3. മൂത്രത്തില്‍ രക്തം കാണുകയാണെങ്കില്‍ ഇതും ഒരുപക്ഷേ മൂത്രാശയക്കല്ലിന്റെ ലക്ഷണമാകാം.

4. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നതും മൂത്രാശയക്കല്ലിന്റെ ലക്ഷണമാകാം.

5. പുക മൂടിയത് പോലെ മൂത്രം കാണപ്പെടുന്നതും, അതോടൊപ്പം തന്നെ രൂക്ഷമായ ദുര്‍ഗന്ധവും ഇതിന്റെ ലക്ഷണമാകാം.

6. ശക്തമായ രീതിയില്‍ ചീറ്റിക്കൊണ്ട് മൂത്രം പുറത്തുവരുന്നതും ഒരുപക്ഷേ ഇക്കാരണം കൊണ്ടാകാം.

7. ഇടയ്ക്ക് പനി, കുളിര്, ഛര്‍ദ്ദി, ക്ഷീണം എന്നിവയെല്ലാം അനുഭവപ്പെടുന്നതും മൂത്രാശയക്കല്ല് കൊണ്ടാകാം.

മുകളില്‍ പറഞ്ഞ ഏതെങ്കിലും ലക്ഷണമുണ്ടെങ്കിലും അത് മൂത്രാശയക്കല്ല് തന്നെയാണെന്ന് സ്വയമുറപ്പിക്കരുത്. തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ കൂടി തേടിയ ശേഷം മാത്രം നിഗമനത്തിലെത്തുക.