കൊറോണ വൈറസിന്റെ വരവും ഇതിന് പിന്നാലെയുണ്ടായ ലോക്ഡൗണുകളും പ്രായ-ലിംഗ ഭേദമെന്യേ ആളുകളെ പല തരത്തിലുള്ള മാനസിക വിഷമതകളിലേക്കും നയിച്ചിട്ടുണ്ടെന്ന് വിവിധ പഠനങ്ങള്‍ നേരത്തേ മുതല്‍ക്ക് തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ കണ്ടെത്തലുകളുമായി ചേര്‍ത്തുവായിക്കാവുന്ന മറ്റൊരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ 'അമേരിക്കന്‍ ജേണല്‍ ഓഫ് സൈക്യാട്രി' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തില്‍ വന്നിരിക്കുന്നത്. 

ആളുകളില്‍ വ്യാപകമായ തോതില്‍ വിഷാദം കണ്ടുവരുന്ന കാലമാണ് ലോക്ഡൗണ്‍ സമയമെന്നും സാമൂഹികാകലം പാലിച്ചുകൊണ്ട് തന്നെ സാമൂഹിക ബന്ധങ്ങളെ ചേര്‍ത്തുപിടിക്കുകയാണ് ഇതിനെ പരിഹരിക്കാന്‍ ചെയ്യേണ്ടതെന്നും പഠനം വ്യക്തമാക്കുന്നു. ഇതിന് വേണ്ടി ഇന്റര്‍നെറ്റുള്‍പ്പെടെയുള്ള നൂതന സൗകര്യങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

പരസ്പരം കാണാനാകാതെ ആഴ്ചകളും മാസങ്ങളും കടന്നുപോകുമ്പോള്‍ പലരിലും വിഷാദം വേരിറങ്ങുകയാണെന്നാണ് പഠനം പറയുന്നത്. ഇത് പരിഗണിച്ചില്ലെങ്കില്‍, പരിഹരിക്കാന്‍ ശ്രമം നടത്തിയില്ലെങ്കില്‍ പിന്നീട് മോശം സാഹചര്യത്തിലേക്കെത്തിയേക്കുമെന്നും പഠനം പറയുന്നു. 

അടുപ്പമുള്ള സുഹൃത്തുക്കള്‍, വീട്ടുകാര്‍ എന്നിവരെയെല്ലാം നിര്‍ബന്ധമായും ഫോണില്‍ ബന്ധപ്പെടാനോ വീഡിയോ കോള്‍ മുഖേന ബന്ധപ്പെടാനോ ശ്രമിച്ചുകൊണ്ടിരിക്കുക. എപ്പോഴും 'പോസിറ്റീവ്' ആയ സമീപനം വച്ചുപുലര്‍ത്താന്‍ ആവശ്യമായ ചുവടുവയ്പുകളെല്ലാം നടത്തുക. വ്യക്തിപരമായി അനുഭവിക്കുന്ന സംഘര്‍ഷങ്ങളും സങ്കടങ്ങളും പ്രിയപ്പെട്ടവരുമായി പങ്കുവച്ചുകൊണ്ടേയിരിക്കുക- ഇത് തീര്‍ച്ചയായും വിഷാദത്തെ വലിയൊരു പരിധി വരെ കുറയ്ക്കുക തന്നെ ചെയ്യും,- പഠനം പറയുന്നു. 

വിഷാദവും നമ്മുടെ ജിവിതരീതികളും, സാമൂഹിക ജീവിതവും പാരിസ്ഥിതിക ഘടകങ്ങളും എത്തരത്തിലെല്ലാം ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് പഠനം പ്രധാനമായും പരിശോധിച്ചത്. കൊറോണക്കാലത്ത് സാമൂഹികജീവിതം ഇല്ലാതാകുന്നു എന്നത് തന്നെയാണ് ആളുകളില്‍ വലിയ തോതില്‍ വിഷാദം വിതയ്ക്കാന്‍ കാരണമായതെന്നും പഠനം അടിവരയിട്ട് ഉറപ്പിക്കുന്നുണ്ട്. മറ്റ് ആരോഗ്യ പ്രതിസന്ധികളോ സാമ്പത്തിക പ്രതിസന്ധികളോ പോലും ഇതിന് പിന്നില്‍ മാത്രമാണ് വരുന്നതെന്നതും ശ്രദ്ധേയമാണ്. 

Also Read:- ആര്‍ത്തവത്തിന് മുന്‍പുള്ള 'മൂഡ്' പ്രശ്നങ്ങളെ നിസാരവത്കരിക്കുന്നത് അപകടം....