Asianet News MalayalamAsianet News Malayalam

Constipation Remedies : മലബന്ധം പതിവാണോ? കാരണങ്ങള്‍ ഇവയാകാം...

മലബന്ധം പതിവാണെങ്കില്‍ ആദ്യം ജീവിതരീതികളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചുനോക്കാം. ഇതിന് ശേഷവും പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് വേണ്ട പരിശോധനകള്‍ നടത്തുന്നതാണ് ഉചിതം. 

constipation may come as part of these lifestyle mistakes
Author
Trivandrum, First Published Aug 16, 2022, 11:18 AM IST

നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് അവശ്യം വേണ്ടുന്ന ഘടകങ്ങള്‍ സ്വീകരിച്ച ശേഷം അവശിഷ്ടമായി വരുന്നതാണ് ശരീരം പുറന്തള്ളുന്നത്. ദഹനവ്യവസ്ഥയുടെ ഏറ്റവും അവസാനത്തെ പ്രക്രിയയാണിത്. എന്നാല്‍ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ വിസര്‍ജ്ജനത്തെയും പ്രശ്നത്തിലാക്കാറുണ്ട്. 

ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കാര്യമായ രീതിയിലാണ് നമ്മെ ബാധിക്കുക. മലബന്ധം പതിവാണെങ്കില്‍ ആദ്യം ജീവിതരീതികളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചുനോക്കാം. ഇതിന് ശേഷവും പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് വേണ്ട പരിശോധനകള്‍ നടത്തുന്നതാണ് ഉചിതം. 

എന്തായാലും മലബന്ധം കൂടെക്കൂടെ വരുന്നുവെങ്കില്‍ ഇക്കാര്യങ്ങള്‍ ആദ്യം ശ്രദ്ധിക്കാം...

ഒന്ന്...

നാം പിന്തുടരുന്ന ഡയറ്റിലെ പോരായ്മകള്‍ തീര്‍ച്ചയായും ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. അത്തരത്തില്‍ മലബന്ധവും ഉണ്ടാകാം. പാലും പാലുത്പന്നങ്ങളും അധികമായി കഴിക്കുന്നത്, മാംസാഹാരം എപ്പോഴും കഴിക്കുന്നത്, ഭക്ഷണത്തില്‍ ഫൈബര്‍ അളവ് കുറയുന്നത് എന്നിവയാണ് അധികവും കാരണമായി വരാറ്. 

രണ്ട്...

ശരീരത്തിന് ആവശ്യമായത്രയും ജലാംശം എത്തിയില്ലെങ്കിലും മലബന്ധമുണ്ടാകാം. വെള്ളമെത്തിയില്ലെങ്കില്‍ ദഹനം അവതാളത്തിലാകും. ഇതാണ് മലബന്ധത്തിനും കാരണമാകുന്നത്. മുതിര്‍ന്ന ഒരാള്‍ ദിവസത്തില്‍ മൂന്ന് ലിറ്റര്‍ വെള്ളമാണ് കുടിക്കേണ്ടത്. 

മൂന്ന്...

അമിതമായി മദ്യപിക്കുന്നവരിലും മലബന്ധം പതിവാകാം. മലബന്ധം മാത്രമല്ല പുളിച്ചുതികട്ടലും ഇവരില്‍ പതിവാകാം.

നാല്...

കായികാധ്വാനം ഇല്ലെങ്കിലും ദഹനപ്രശ്നങ്ങളുണ്ടാകാനും മലബന്ധമുണ്ടാകാനും സാധ്യതകളേറെയാണ്. അതിനാല്‍ കഴിയുന്നതും ശരീരം അനങ്ങുംവിധത്തിലുള്ള ജോലികള്‍ പതിവായി ചെയ്യാൻ ശ്രമിക്കുക. ഓഫീസ് ജോലി ചെയ്യുന്നവരാണെങ്കില്‍ വര്‍ക്കൗട്ടിന് വേണ്ടിയും സമയം മാറ്റിവയ്ക്കുക. 

അഞ്ച്...

പ്രമേഹമുള്ളവരിലും ചിലപ്പോള്‍ മലബന്ധം പതിവായി കാണാറുണ്ട്. പ്രമേഹരോഗികളില്‍ നാഡികള്‍ ബാധിക്കപ്പെടുന്നതിന്‍റെ ഭാഗമായാണ് ഇത് സംഭവിക്കുന്നത്. 

ആറ്...

ഹൈപ്പോതൈറോയ്ഡിസം അഥവാ തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനം കുറയുന്ന അവസ്ഥയിലും മലബന്ധം കൂടെക്കൂടെ അനുഭവപ്പെടാം. ദഹനപ്രശ്നങ്ങള്‍ മൂലം തന്നെയാണ് ഇതും ഉണ്ടാകുന്നത്. 

ഏഴ്...

മാനസികപ്രശ്നങ്ങളും വയറിന്‍റെ ആരോഗ്യവും തമ്മില്‍ വലിയ ബന്ധമാണുള്ളത്. കുടലിനകത്തെ ചെറുബാക്ടീരിയല്‍ സമൂഹം നമ്മുടെ മാനസികാവസ്ഥകളെ സ്വാധീനിക്കാറുണ്ട്. അതുകൊണ്ട് തന്നെ മനസ് അസ്വസ്ഥമാകുമ്പോള്‍ വയറും കൂടെ അസ്വസ്ഥമാകാനുള്ള സാധ്യതകളേറെയാണ്. മൂഡ് ഡിസോര്‍ഡര്‍ ഉള്ളവരില്‍ ഇത്തരത്തില്‍ മലബന്ധം പതിവായി കാണാറുണ്ട്. 

Also Read:- വിശപ്പില്ലായ്മ തൊട്ട് അസ്വസ്ഥതകള്‍; അറിയാം ആമാശയത്തിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍

Follow Us:
Download App:
  • android
  • ios