കൊവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിയുടെ മൃതദേഹം ഏറെ നേരത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പരിയാരം പഞ്ചായത്തിലെ കോരന്‍പീടിക ജുമാ മസ്ജിദിന്റെ പുല്ലാഞ്ഞി പൊയിലിലെ ഖബര്‍സ്ഥാനില്‍ കബറടക്കി. വൈകുന്നേരം 5.40 നാണ് സംസ്‌ക്കാര കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ചത്. ശനിയാഴ്ച്ച രാവിലെ 7.40 ന് പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ച മെഹറൂഫിന്റെ മൃതദേഹം മാഹിയിലേക്ക് കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് രാവിലെ മുതല്‍ തന്നെ അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു.

 മൃതദേഹം സംസ്കരിച്ചത് അതീവ സുരക്ഷകളോടെ...

അതീവ സുരക്ഷകളോടെ പ്രോട്ടോകോൾ പ്രകാരമാണ് മഹ്റൂഫിന്റെ മൃതദേഹം സംസ്കരിച്ചത്. പലഘട്ടങ്ങളിലായി മൃതദേഹം അണുവിമുക്തമാക്കുകയും സുരക്ഷാ കവചമൊരുക്കുകയും ചെയ്താണ് സംസ്കാരം നടത്തിയത്. മക്കൾ അടക്കമുള്ള അടുത്ത ബന്ധുക്കൾക്ക് മാത്രമേ മൃതദേഹം കാണാൻ അവസരം നൽകിയിരുന്നുള്ളൂ. അതും രണ്ടു മീറ്റർ അകലെ നിർത്തി. 

ശരീരം മുഴുവൻ പ്ലാസ്റ്ററിൽ ചുറ്റിക്കെട്ടി, പലവട്ടം പല തുണികളിലായി പൊതിഞ്ഞാണ് മൃതദേഹം ആശുപത്രിയിൽ നിന്നു പുറത്തെത്തിച്ചത്. ശരീര സ്രവങ്ങൾ പുറത്തേക്കു വരാതിരിക്കാനായിരുന്നു ഇത്. മാഹിയാണ് സ്വദേശമെങ്കിലും സുരക്ഷാ മുൻകരുതൽ എടുക്കാനായി മൃതദേഹം തളിപ്പറമ്പിലാണ് സംസ്കരിച്ചത്.

തളിപ്പറമ്പ് കോരൻപീടിക ജുമാമസ്ജിദ് കബർസ്ഥാനിലോ പരിസരത്തോ ശുദ്ധജല സ്രോതസ്സുകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയായിരുന്നു കബറടക്കം. പത്തടിത്താഴ്ചയിൽ കുഴിയെടുത്ത് രണ്ടു ഘട്ടങ്ങളിലായി അഞ്ച് കിലോ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചാണ് മൃതദേഹം മണ്ണിട്ടു മൂടിയത്. കബറടക്ക ചടങ്ങിൽ നാലു പേരെ മാത്രമാണ് പങ്കെടുപ്പിച്ചത്.
പൊതു ജനങ്ങളെ പ്രദേശത്തേക്ക് വരാന്‍ അനുവദിച്ചില്ല. ജെസിബി ഉപയോഗിച്ചാണ് കുഴി മൂടിയത്.