ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച  വൈറസ് ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് രാജ്യങ്ങള്‍. കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെ ചൈനയിലെ വുഹാനില്‍ പടര്‍ന്നുപിടിച്ച നോവല്‍ കൊറോണ വൈറസ് മൂന്നുമാസത്തിനകം ലോകത്തിലെ നൂറിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. 

മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണും. ഈ 14 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരിയഡ് എന്നറിയപ്പെടുന്നത്. ഈ വൈറസിനെ  കുറിച്ച് നിരവധി പഠനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. അതില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന പഠനം പറയുന്നത് കൊറോണ വൈറസിന് ചില രോഗികളിൽ അഞ്ചാഴ്ച അഥവാ മുപ്പത്തിയേഴ് ദിവസം വരെ ശ്വാസനാളിയില്‍ വസിക്കാന്‍ കഴിയുമെന്നാണ്. 

കഴിഞ്ഞ ദിവസം 'ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണല്‍ ' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇങ്ങനെ പറയുന്നത് . ചൈനയില്‍ പത്തൊന്‍പത് ഡോക്ടർമാരുടെ സംഘം   191 രോഗികളെ നിരീക്ഷിച്ച ശേഷമാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഇതില്‍ 54 രോഗികള്‍ ആശുപത്രിയില്‍ വെച്ചുതന്നെ മരണപ്പെട്ടിരുന്നു. 

സിവിയര്‍ ഡിസീസ് സ്റ്റാറ്റസ് ഉള്ള രോഗികളില്‍ വൈറസ് 19  ദിവസവും ക്രിട്ടിക്കല്‍ ഡിസീസ് സ്റ്റാറ്റസ് ഉള്ള രോഗികളില്‍  24 ദിവസവും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ഏറ്റവും കുറവായി രോഗിയില്‍ കൊറോണ വൈറസ് നിലനിന്നതായി രേഖപ്പെടുത്തിയത് എട്ടു ദിവസമാണ്.