Asianet News MalayalamAsianet News Malayalam

രോഗം ഭേദമായവരുടെ ശ്വാസകോശത്തില്‍ കൊറോണവൈറസ് ഒളിച്ചിരിക്കാമെന്ന് പഠനം

ശ്വാസകോശത്തിനുള്ളില്‍ കടന്നുകൂടിയ വൈറസുകളെ സാധാരണ പരിശോധനയില്‍ കണ്ടെത്താനാകില്ലെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ചോങ് ക്വിങ് ആര്‍മി മെഡിക്കല്‍ യൂണിവേഴ്‌സിറ്റി തലവന്‍ ഡോ. ബിയാന്‍ സിയുവിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്.
 

Coronavirus can stay hidden in lungs after patients recover: Study
Author
Beijing, First Published Apr 30, 2020, 7:45 PM IST

ബീജിംഗ്: രോഗം ഭേദമായാലും കൊറോണവൈറസ് ശ്വാസകോശത്തിനുള്ളില്‍ ഒളിച്ചിരിക്കാമെന്ന് പഠനം. ദക്ഷിണകൊറിയയിലും ചൈനയിലും രോഗം ഭേദമായി ആശുപത്രി വിട്ടവര്‍ക്ക് ഏറെ ദിവസങ്ങള്‍ കഴിഞ്ഞ് രോഗം വീണ്ടും ബാധിച്ചതിവന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ആരോഗ്യ വിദഗ്ധര്‍ നടത്തിയ പഠനമാണ്  സൗത് ചൈനീസ് മോണിംഗ് പോസ്റ്റ് പ്രസിദ്ധീകരിച്ചത്.

രോഗം ഭേദമായവരില്‍ രണ്ടാമതും വൈറസ് ബാധയേല്‍ക്കുന്നതിനേക്കാള്‍ സാധ്യത അകത്തുള്ള വൈറസ് വീണ്ടും പ്രവര്‍ത്തിക്കാനാണെന്ന് കൊറിയ സെന്റര്‍ ഫോര്‍ ഡിസീസ് സെന്റര്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍  ജോങ് യുന്‍ കിയോങ് അഭിപ്രായപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകര്‍ ഏറെ ആശങ്കയോടെ നോക്കിക്കാണുന്ന പഠനമാണ് പുറത്തുവന്നത്. ശ്വാസകോശത്തിനുള്ളില്‍ കടന്നുകൂടിയ വൈറസുകളെ സാധാരണ പരിശോധനയില്‍ കണ്ടെത്താനാകില്ലെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ചോങ് ക്വിങ് ആര്‍മി മെഡിക്കല്‍ യൂണിവേഴ്‌സിറ്റി തലവന്‍ ഡോ. ബിയാന്‍ സിയുവിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. 

ദക്ഷിണ പടിഞ്ഞാറന്‍ ചൈനയില്‍ കൊവിഡ് മുക്തയായ 78കാരിയുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ ശ്വാസകോശത്തിനുള്ളില്‍ കൊറോണവൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. അതേസമയം, ഇവരുടെ മൂന്ന് പരിശോധനകളും നെഗറ്റീവുമായിരുന്നു. ജനുവരി 27നാണ് വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഭേദമായതിനെ തുടര്‍ന്ന് ഫെബ്രുവരി 13ന് ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് ഹൃദയസ്തംഭനം കാരണമാണ് മരിച്ചത്. 

ഒളിച്ചിരിക്കുന്ന വൈറസുകള്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. നിലവിലെ പരിശോധനയിലൂടെ ശ്വാസകോശത്തിലെ ഉള്‍വശത്തിലെ വൈറസ് ബാധ കണ്ടെത്താന്‍ കഴിയില്ലെന്നും വൈറസിനെ പൂര്‍ണമായി ഇല്ലാതാക്കാന്‍ ആശുപത്രി വിടുന്നതിന് മുമ്പ് ശ്വാസകോശം പ്രത്യേക ദ്രാവകം ഉപയോഗിച്ച് കഴുകുന്ന പ്രക്രിയ നടത്തണമെന്ന്(flushing lungs) പഠനം നിര്‍ദേശിക്കുന്നു. എന്നാല്‍, ഈ ചികിത്സാ രീതി എത്രത്തോളം പ്രായോഗികമാണെന്ന് മറ്റൊരു കൂട്ടം ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. വിഷയത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും അഭിപ്രായമുയര്‍ന്നു. 

Follow Us:
Download App:
  • android
  • ios