ഈനാംപേച്ചികൾ കൊവിഡ് 19 വൈറസുമായി വളരെ സാമ്യതയുള്ള വൈറസുകൾ വഹിക്കുന്നുവെന്ന് പഠനം. അനധികൃതമായി കടത്താൻ ശ്രമിച്ച ഈനാംപേച്ചികളിലാണ് കൊറോണയുമായി സാദൃശ്യമുള്ള വൈറസുകളെ കണ്ടെത്തിയത്. നേച്ചർ എന്ന ബ്രിട്ടീഷ് ശാസ്ത്ര ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹോങ്കോംഗ് സർവകലാശാലയിലെ ​ഗവേഷകർ പഠനം നടത്തുകയായിരുന്നു.

 ഇത്തരം മൃഗങ്ങളെ വിൽക്കുന്നത് തടഞ്ഞാൽ മാത്രമേ ഭാവിയിൽ ഇത്തരം മഹാമാരികളിൽ നിന്ന് അകന്നു നിൽക്കാൻ സാധിക്കൂവെന്നും ​ഗവേഷകർ പറയുന്നു. കൊറോണ പോലെയുള്ള വെെറസുകൾ ഭാവിയിൽ ഉണ്ടാകുന്നത് തടയാൻ വന്യജീവികളെ മാർ‌ക്കറ്റുകളിൽ വിൽക്കുന്നത് നിർബന്ധമായും നിരോധിക്കണമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. നിയമവിരുദ്ധമായി കടത്തിക്കൊണ്ടു വരുന്നതിൽ പ്രധാനപ്പെട്ട മൃഗമാണ് ഈനാംപേച്ചി. 

ദയവുചെയ്ത് ഇനി എങ്കിലും ഗൗരവമായി കാണണം'; വിങ്ങിപ്പൊട്ടി കൊറോണാരോഗികളെ ചികിത്സിച്ച നഴ്‌സ്...

പരമ്പരാഗത മരുന്ന് നിർമ്മാണത്തിനും ഇറച്ചിക്കുമായാണ് ഇവയെ ഉപയോഗിക്കുന്നത്. രാജ്യാന്തര മാർക്കറ്റിൽ ഇവയുടെ ഇറച്ചിക്ക് വലിയ ഡിമാൻഡാണ്. അതുകൊണ്ട് തന്നെ ഇവ വംശനാശഭീഷണിയിലാണ്. കൊവിഡ് 19 വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതോടെ വിയറ്റ്നാമും ചൈനയും വന്യജീവികളെ ഭക്ഷിക്കുന്നത് നിരോധിച്ചിരുന്നു. ഇത്തരം ജീവികളെ ഉപയോഗിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.