ചൈനീസ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് കൊറോണാവൈറസ് ബാധിതമായ വുഹാൻ പട്ടണത്തിൽ, വൈറസ് ബാധിതരെ മാത്രം കിടത്തി ചികിത്സിക്കാൻ വേണ്ടി ആയിരം കിടക്കകൾ ഉള്ള ഒരു ആശുപത്രി വെറും ആറുദിവസം കൊണ്ട് പണിതുയർത്തും എന്നാണ്. ഇപ്പോൾ ഏതാണ്ട് 9000 -നുമേൽ  കേസുകൾ കൊറോണാവൈറസ് ബാധ തുടങ്ങിയ ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണം 130 കടന്നിരിക്കുന്നു. ഇങ്ങനെ ഒരു പുതിയ ആശുപത്രി നിർമിച്ച് കൊറോണാവൈറസ് കേസുകൾ മുഴുവൻ അങ്ങോട്ട് മാറ്റിയാൽ, ഭാവി കേസുകൾ മുഴുവനും അവിടെത്തന്നെ ചികിത്സിക്കാൻ തുടങ്ങിയാൽ, കൂടുതൽ ആളുകളിലേക്ക് പകരുന്നത് തടഞ്ഞ്, അസുഖത്തെ കൂടുതൽ ഫലപ്രദമായി നേരിടാൻ സാധിക്കുമെന്നാണ് ചൈനീസ് സർക്കാർ കരുതുന്നത്.

2003 -ൽ സാർസ് ബാധയുണ്ടായപ്പോൾ ബെയ്ജിങ്ങ് പട്ടണത്തിൽ 7 ദിവസങ്ങൾക്കകം നൂറുകണക്കിന് കിടക്കകളുള്ള ഒരു ആശുപത്രി കെട്ടിപ്പൊക്കിയിരുന്നു. അതേ മാതൃക പിന്തുടർന്നുകൊണ്ടാണ് ഇത്തവണ വുഹാനിലും സമാനമായ നിർമാണ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു നീങ്ങിയിരിക്കുന്നത്. ഇത്തവണ ആറുദിവസം കൊണ്ട് പണിതീർത്ത പഴയ റെക്കോർഡ് തകർക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. 

 

രണ്ടര ലക്ഷം സ്‌ക്വയർ ഫീറ്റ് വരുന്ന പണി സൈറ്റ് നിരത്താനുള്ള നൂറുകണക്കിന് ജെസിബികളും, ബുൾഡോസറുകളും ഹൈഡ്രകളും മറ്റും ഇപ്പോൾ അവിടെ രാപ്പകൽ നിരന്തരം പണിചെയ്തുകൊണ്ടിരിക്കുകയാണ്. സൈറ്റിൽ ഇപ്പോൾ പല ഷിഫ്റ്റുകളിലായി 4000 -ലധികം നിർമാണ തൊഴിലാളികൾ ഉണ്ട്. രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നുമുള്ള വിദഗ്ധരായ എഞ്ചിനീയർമാരെ രായ്‌ക്കുരാമാനമാണ് സർക്കാർ പണിസൈറ്റിലേക്ക് നിയോഗിച്ചത്. ഈ ആശുപത്രിയിലേക്ക് ആവശ്യമായ പരിശോധനാ ഉപകരണങ്ങളും, മരുന്നുകളും, കിടക്കകൾ അടക്കമുള്ള മറ്റ് അടിസ്ഥാനസൗകര്യങ്ങളും മറ്റും രാജ്യത്തെ മറ്റുള്ള ആശുപത്രികളിൽ നിന്ന് ഇതിനകം ആശുപത്രി പരിസരത്തുള്ള ഗോഡൗണുകളിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്. ആശുപത്രിക്കെട്ടിടം പണിതീർന്ന് കൈമാറിക്കഴിഞ്ഞാൽ അടുത്ത നിമിഷം തങ്ങളുടെ ജോലി തുടങ്ങാനായി പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഡോക്ടർമാരും നേഴ്‌സുമാരും ലാബ്‌ടെക്‌നീഷ്യന്മാരും ഒക്കെ അടങ്ങുന്ന സംഘം പരിസരത്ത് കാത്തുനിൽക്കുകയാണ്. 

2003 -ലെ സാർസ് കാലത്ത് ബെയ്ജിങ്ങിലെ സിയാവോതാങ്ങ്ഷാൻ ആശുപത്രി ഏഴുദിവസത്തിനുള്ളിൽ പണിതീർത്തത് ലോകത്തിലേക്കും വെച്ച് ഏറ്റവും വേഗത്തിൽ പണിതീർത്ത ആശുപത്രിക്കുള്ള റെക്കോർഡ് നേട്ടമായിരുന്നു. ആ ആശുപത്രിക്കുള്ളിൽ എക്സ് റേ, സിറ്റി സ്കാൻ, ഐസിയു, ഓപ്പറേഷൻ തീയറ്റർ, ലബോറട്ടറി,  വാർഡുകൾ എന്നിവ പണിതീർത്ത് കൈമാറിയിരുന്നു അന്ന്. വാർഡുകൾക്ക് അറ്റാച്ച്ഡ് ബാത്ത് റൂമുകളും ഉണ്ടായിരുന്നു. അന്നതിനെ രാജ്യത്തെ (സർക്കാർ നിയന്ത്രിത) മാധ്യമങ്ങൾ വിളിച്ചത് ആരോഗ്യരംഗത്തെ അത്ഭുതം എന്നായിരുന്നു.