റോം: കൊറോണ വൈറസിന്റെ പ്രഹരശേഷി കുറയുകയാണെന്ന് ഇറ്റാലിയന്‍ ഡോക്ടര്‍. മിലാനിലെ സാന്‍ റാഫേല് ആശുപത്രിയിലെ മേധാവി ആല്‍ബെര്‍ട്ടോ സാംഗ്രില്ലോയാണ് കൊറോണ വൈറസിന്‍റെ പ്രഹരശേഷിയില്‍ കുറവു വരുന്നുവെന്ന് വിശദമാക്കിയത്. ലാബുകളിലെത്തുന്ന സ്വാബ് സാംപിളുകളിലെ വൈറസ് സാന്നിധ്യത്തെ അടിസ്ഥാനമാക്കിയാണ് ആല്‍ബെര്‍ട്ടോയുടെ നിരീക്ഷണം. കഴിഞ്ഞ പത്ത് ദിവസങ്ങളില്‍ ലഭിച്ച സ്വാബ് സാംപിളുകളില്‍ ഒരുമാസം മുന്‍പ് എടുത്ത സാംപിളുകളേക്കാള്‍ വൈറസിന്‍റെ സാന്നിധ്യം വളരേക്കുറവാണ്. 

ലോകത്ത് കൊവിഡ് മരണസംഖ്യയില്‍ മൂന്നാമത് നില്‍ക്കുന്ന രാജ്യമാണ് ഇറ്റലി. ഫെബ്രുവരി 21 മുതല്‍ 33415പേരാണ് ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആറാമതാണ് ഇറ്റലിയുള്ളത്. 233019 പേരാണ് ഇറ്റലിയിലെ കൊവിഡ് 19 രോഗികള്‍. 

മെയ് മാസം മുതല്‍ കൊവിഡ് 19 പ്രഹര ശേഷിയില്‍ കുറവുവന്നിട്ടുണ്ടെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു. രാജ്യത്തെ പുതിയ രോഗികളും മരണനിരക്കിലും കുറവ് വന്നതും ഇതിന്‍റെ സൂചനയാണെന്ന് ആല്‍ബെര്‍ട്ടോ സാംഗ്രില്ലോ അന്തര്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പ്രതികരിച്ചു. എങ്കിലും വൈറസിന്‍റെ രണ്ടാം വരവിനേക്കുറിച്ച് കൂടുതല്‍ കരുതലോടെയുള്ള നിലപാടുകളാണ് സ്വീകരിക്കേണ്ടത്. ഒരു സാധാരണ നിലയിലേക്ക് രാജ്യം മടങ്ങിയെത്തേണ്ടതുണ്ട്. 

ഇതൊരു വിജയമാണെന്ന് വിലയിരുത്തേണ്ട സമയം ആയിട്ടില്ലെന്നും ആല്‍ബെര്‍ട്ടോ സാംഗ്രില്ലോ ഞായറാഴ്ച പ്രതികരിച്ചു. വൈറസ് പൂര്‍ണമായും അപ്രത്യക്ഷമായെന്ന ശാസ്ത്രീയ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മുന്‍ കരുതലുകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പാടുള്ളുവെന്നും ഇദ്ദേഹം പറയുന്നു. അതേസമയം കര്‍ശന മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയം അണര്‍ സെക്രട്ടറി സാന്‍ഡ്ര സാംപ പറയുന്നു.