കൊറോണാവൈറസ് ഇതിനകം തന്നെ ആയിരക്കണക്കിന് പേർക്ക് ബാധിച്ചുകഴിഞ്ഞു. ഇരുനൂറോളം പേർ മരിച്ചും കഴിഞ്ഞിരിക്കുന്നു ഇതുവരെ. ഫ്രാൻസ് തങ്ങളുടെ പൗരന്മാരെയെല്ലാം തന്നെ പ്രത്യേക വിമാനത്തിൽ വുഹാനിൽ നിന്ന് രക്ഷപ്പെടുത്തിക്കഴിഞ്ഞു. മറ്റെല്ലാ രാജ്യങ്ങളും അതിനുള്ള ശ്രമം തുടരുകയാണ്. 

അങ്ങനെ വുഹാനിൽ ഉള്ള മറ്റു രാജ്യക്കാർ എല്ലാം തന്നെ തങ്ങളാൽ കഴിയും വിധം സ്വാധീനങ്ങൾ ചെലുത്തി എങ്ങനെയും 'തടി കഴിച്ചിലാക്കാൻ' ശ്രമിക്കുന്നതിനിടെ വ്യത്യസ്തമായ ഒരു നടപടി കൊണ്ട് ശ്രദ്ധേയനാവുകയാണ് ബെനിറ്റോ ക്രോള എന്ന ബ്രിട്ടീഷുകാരൻ.  ഭാര്യയുടെ ബന്ധുക്കളെ കാണാനായി ചൈന സന്ദർശിച്ച ആ ദമ്പതികൾ തിരികെപ്പോകാൻ വേണ്ടി എയർപോർട്ടിൽ എത്തിയപ്പോഴാണ് അവിടെ വെച്ച് ഭാര്യ മാഡി വൂവിനെ ഇമിഗ്രേഷൻ അധികൃതർ  കൊറോണാവൈറസ് ബാധയുടെ പേരും പറഞ്ഞ് തടഞ്ഞത്. വൈറസ് ബാധ ഉണ്ടായ ആദ്യം തന്നെ ചൈനീസ് സർക്കാർ ചെയ്തത് തങ്ങളുടെ പൗരന്മാർക്ക് നാടുവിട്ടു പോകുന്നതിന് വിലക്കേർപ്പെടുത്തുകയാണ്. അതുകൊണ്ടാണ് വൂവിനെ മാത്രം അധികൃതർ തടഞ്ഞത്. 

ഒരു പ്രൊഫഷണൽ പൈലറ്റായ ബെനിറ്റോ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് മാഡി വൂവിനെ പരിചയപ്പെടുന്നതും, പ്രണയത്തിലാകുന്നതും, പിന്നീട് വിവാഹം കഴിക്കുന്നതും."ഭാര്യയെ മാത്രമേ തടയുന്നുള്ളൂ, നിങ്ങൾക്ക് വേണമെങ്കിൽ പോകാം " എന്ന് ഇമിഗ്രേഷൻ അധികൃതർ പറഞ്ഞെങ്കിലും, നാട് മാരകമായ ഒരു പകർച്ചവ്യാധിയുടെ പിടിയിൽ അകപ്പെട്ടുകിടക്കുന്ന അവസ്ഥയിൽ ഭാര്യയെ അങ്ങനെ അവിടെ ഒറ്റയ്ക്കുവിട്ട് പോകാൻ ബെനിറ്റോയ്ക്ക് മനസ്സുവന്നില്ല. 'പറക്കുന്നെങ്കിൽ അത് ഭാര്യയെ കൂടെക്കൂട്ടി മാത്രം' എന്ന് പ്രഖ്യാപിച്ച് ബെനിറ്റോയും യാത്ര റദ്ദാക്കി ഭാര്യയ്‌ക്കൊപ്പം ചൈനയിൽ തന്നെ തുടർന്നു.