Asianet News MalayalamAsianet News Malayalam

ഡോ.വിജയ് പി നായരുടെ വീഡിയോകള്‍ സംശയിപ്പിക്കുന്നത്; അഭിപ്രായവുമായി സൈക്കോളജിസ്റ്റ്...

''ഡോ. വിജയ് പി നായര്‍, താനൊരു സൈക്കോളജിസ്റ്റാണ് എന്നാണ് പറയുന്നത്. അതെത്രമാത്രം ശരിയാണെന്ന് അന്വേഷിക്കേണ്ടതുണ്ട്. അദ്ദേഹത്തിന് ആ ഡിഗ്രിയുണ്ടോയെന്ന് നമുക്കറിയില്ല. ഇന്ന് മോട്ടിവേഷണല്‍ സ്പീക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിങ്ങനെയുള്ളവരുടെ ബോര്‍ഡുകള്‍ തട്ടി നടക്കാനാകാത്ത അവസ്ഥയാണുള്ളത്...''

counselling psychologist says that vijay p nair has some behavioural abnormalities
Author
Trivandrum, First Published Sep 27, 2020, 12:36 AM IST

തിരുവനന്തപുരത്ത് സ്ത്രീകളുടെ സംഘം കയ്യേറ്റം ചെയ്ത യൂട്യൂബര്‍ ഡോ. വിജയ് പി നായരുടെ വീഡിയോകള്‍ ഏറെ സംശയങ്ങളുണ്ടാക്കുന്നതെന്ന് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റായ കല മോഹന്‍. 

കാര്യമില്ലാതെയാണ് പലരേയും ഡോ. വിജയ് വ്യക്തിഹത്യ നടത്തിയിരിക്കുന്നതെന്നും അത് സ്വഭാവ വൈകല്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും കല മോഹന്‍ പറയുന്നു. 

'യാതൊരു അടിസ്ഥാനവുമില്ലാതെയാണ് പല സ്ത്രീകളേയും അദ്ദേഹം തന്റെ വീഡിയോയിലൂടെ അപമാനിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളും, അവതരണരീതിയുമെല്ലാം പരിഗണിക്കുമ്പോള്‍ എനിക്ക് തോന്നുന്നത് ഒരുപക്ഷേ അദ്ദേഹത്തില്‍ സ്വഭാവ വൈകല്യത്തിനുള്ള സാധ്യതയുണ്ട് എന്നതാണ്...

...മറ്റൊരു വലിയ വിഷയം കൂടി ഇതിനകത്ത് ഉള്‍പ്പെടുന്നുണ്ട്. ഡോ. വിജയ് പി നായര്‍, താനൊരു സൈക്കോളജിസ്റ്റാണ് എന്നാണ് പറയുന്നത്. അതെത്രമാത്രം ശരിയാണെന്ന് അന്വേഷിക്കേണ്ടതുണ്ട്. അദ്ദേഹത്തിന് ആ ഡിഗ്രിയുണ്ടോയെന്ന് നമുക്കറിയില്ല. ഇന്ന് മോട്ടിവേഷണല്‍ സ്പീക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിങ്ങനെയുള്ളവരുടെ ബോര്‍ഡുകള്‍ തട്ടി നടക്കാനാകാത്ത അവസ്ഥയാണുള്ളത്...

സൈബര്‍ സ്‌പെയ്‌സുകളിലാണെങ്കില്‍ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ പൊടിപൊടിക്കുന്നു. ഇവരില്‍ എത്ര പേര്‍ ആധികാരികമായി കോഴ്‌സ് പാസായവും പരിചയസമ്പത്തുള്ളവരും ആണ്. കണ്‍സള്‍ട്ടേഷന് പോകുന്ന പലരും ഇതൊന്നും അന്വേഷിക്കാറില്ല. ഇങ്ങനെയുള്ള വ്യാജന്മാരുടെ കയ്യില്‍പ്പെട്ട് മോശം അനുഭവമുണ്ടായ ശേഷം അതിന് വേണ്ടി കൗണ്‍സിലിംഗിനായി നമ്മളെ സമീപിക്കുന്നവര്‍ എത്രയോ ആണ്. 

അതിനാല്‍ ഇവരുടെയൊക്കെ ആധികാരികത തീര്‍ത്തും അന്വേഷിക്കേണ്ടതുണ്ട്. ഇനി ഡോ. വിജയ് കോഴ്‌സ് പാസായ ആളാണെന്ന് തന്നെ വയ്ക്കാം. അപ്പോഴും അദ്ദേഹം തന്റെ വീഡിയോകളില്‍ സംസാരിക്കുന്ന വിഷയങ്ങള്‍ പലതും അശാസ്ത്രീയവും അതുപോലെ തന്നെ സ്ത്രീവിരുദ്ധവും ആണ്. ഒരിക്കലും ആരോഗ്യകരമായൊരു പ്രവണത അല്ല അത്...

യൂട്യൂബ് അല്ലെങ്കില്‍ ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ സൗജന്യമായി ഇതെല്ലാം കാണുന്ന ആളുകളെ സംബന്ധിച്ച്, അവരുടെ മനസിനെ ഇതെല്ലാം സ്വാധീനിക്കുകയാണ്. മാതൃകാപരമായ ഒരു രീതിയായി ഇതിനെ ഒരിക്കലും കാണാനാകില്ല. ഇതൊരു തുടക്കമാകട്ടെ എന്നാണ് ഞാനാഗ്രഹിക്കുന്നത്. സ്വയം ഏജന്‍സിയെടുത്ത് മറ്റ് പ്രൊഫഷണലുകളെക്കൂടി അപമാനപ്പെടുത്തുന്ന തരത്തില്‍ ഇടപെടുന്ന ഇത്തരം ആളുകളെ ഒതുക്കാന്‍ ഇനിയെങ്കിലും നമുക്കാകട്ടെ...'- കല മോഹന്‍ പറയുന്നു.

ഇന്നലെ വൈകീട്ടോടെയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന, ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരടങ്ങിയ സംഘം ഡോ. വിജയ് പി നായരെ കയ്യേറ്റം ചെയ്യുന്ന വീഡിയോ ഫേസ്ബുക്കിലൂടെ ലൈവായി പുറത്തുവിട്ടത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ സംഭവം കേരളം മുഴുവൻ ചർച്ചയാവുകയായിരുന്നു. ഇവരടക്കമുള്ള സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങളായിരുന്നു ഡോ. വിജയ് പി നായർ തന്‍റെ വീഡിയോകളിലൂടെ നടത്തിയിരുന്നത്. 

വീഡിയോകൾക്കെതിരെ നിയമപരമായി പരാതി നൽകിയ സ്ത്രീ സംഘം, വിഷയം സംസാരിക്കാനായി ഡോ. വിജയ് പി നായരുടെ ഓഫീസിലെത്തുകയായിരുന്നു. ഇതിനിടെ ഇയാൾ തങ്ങളെ അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതോടെയാണ് തിരിച്ച് തല്ലിയതും അസഭ്യം വിളിച്ചതും എന്നുമാണ് ഭാഗ്യലക്ഷ്മി അടക്കമുള്ള സംഘം പറയുന്നത്.

വിവാദമായ വീഡിയോ കാണാം...

"

Also Read:- 'ആദ്യം തെറി വിളിച്ചതും കയ്യേറ്റം ചെയ്തതും അയാള്‍'; പ്രതികരണവുമായി ഭാഗ്യലക്ഷ്മിയും ദിന സനയും ശ്രീലക്ഷ്മിയും...

Follow Us:
Download App:
  • android
  • ios