ലോകം മുഴുവന്‍ കൊവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ എല്ലാവരും അത്ഭുതത്തോടെ കാണുന്ന മൂന്ന് രാജ്യങ്ങള്‍ ഉണ്ട്. ഇറ്റലിയിലും അമേരിക്കയിലും ചൈനയിലും ഉൾപ്പടെ ലോകം മുഴുവൻ കൊവിഡ് 19 പടര്‍ന്നു പിടിക്കുമ്പോള്‍ ഉത്തരകൊറിയയും ബോട്സ്വാനയും ദക്ഷിണ സുഡാനും കൊവിഡ് മുക്തമാണ്. 

ലിബിയ, യെമന്‍ എന്നിവിടങ്ങളിലും വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ 198 രാജ്യങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരേയൊരാള്‍ മാത്രമാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് മരണമടഞ്ഞിട്ടുള്ളത് എന്നാണ് 14 കോടി ജനങ്ങളുള്ള റഷ്യ അവകാശപ്പെടുന്നത്. എന്നാല്‍ അത് അത്ര വിശ്വാസ യോഗ്യമല്ലെന്നാണ് മറ്റു ലോകരാജ്യങ്ങള്‍ പറയുന്നത്.

അതേസമയം, ലോകത്ത് കൊവിഡ് മരണം 21,000 കടന്നു. നാല് ലക്ഷത്തി അറുപത്തിയെണ്ണായിരത്തിലേറെ പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇറ്റലിയിൽ ഇതുവരെ കൊവിഡ് മരണം 7503 ആയി. ഒറ്റ ദിവസത്തിനിടെ 683 പേരാണ് മരിച്ചത്. 5,210 പുതിയ രോഗികളുമുണ്ട്. അമേരിക്കയിൽ രോഗവ്യാപനം ദ്രുതഗതിയിലാണ്. ഒരു ദിവസത്തിനിടെ പതിനായിരത്തിലേറെ പേർ രോഗികളായി. 150-ലേറെ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.

സ്പെയിനിലും രോഗവ്യാപനം കുറഞ്ഞില്ല. 24 മണിക്കൂറിൽ 7,457 പേർ രോഗികളായി. മരണങ്ങളുടെ എണ്ണത്തിൽ ഇറ്റലിക്ക് പിന്നാലെ സ്പെയിനും ചൈനയെ മറികടന്നു. ആകെ മരണം 3647. ജർമ്മനി, ഫ്രാൻസ്, ഇറാൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപനം തുടരുകയാണ്.