വിശദമായ പരിശോധനയില്‍ ബിയലിന് കാഴ്ചാപരിമിതിയുണ്ടെന്ന് കണ്ടെത്തപ്പെട്ടു. പൂര്‍ണ്ണമായ അന്ധതയല്ല, മറിച്ച് കാഴ്ച വ്യക്തമാകാത്ത അവസ്ഥയായിരുന്നു ബിയലിന്. അതും എപ്പോഴും പ്രശ്‌നമുണ്ടാകണമെന്ന് നിര്‍ബന്ധവുമില്ല. വായിക്കാനും, പടികള്‍ കയറാനും, പെട്ടെന്ന് മുന്നില്‍ തടസം സൃഷ്ടിക്കുന്ന സാധനങ്ങള്‍ മനസിലാക്കാനുമെല്ലാം ബിയലിന് പ്രയാസമായിരുന്നു

രണ്ട് വയസ് ആയപ്പോഴാണ് ബിയല്‍ നന്നായി നടക്കാന്‍ പഠിച്ചത്. പക്ഷേ എന്നിട്ടും പടികള്‍ കയറുമ്പോഴും മുറികളില്‍ നിന്ന് പുറത്തുകടക്കുമ്പോഴുമെല്ലാം അവന്‍ കൂടെക്കൂടെ വീണുകൊണ്ടിരുന്നു. അങ്ങനെയാണ് ബിയലിന്റെ പിതാവ് ജെയിം പ്യൂഗും ഭാര്യ കൊണ്‍സ്റ്റാന്‍സ ലുസേറോയും മകനെയും കൊണ്ട് ഡോക്ടറുടെ അടുക്കലേക്ക് പോകുന്നത്. 

സ്‌പെയിനിലെ ബാഴ്‌സലോണയാണ് പ്യൂഗ് കുടുംബത്തിന്റെ സ്വദേശം. ലുസേറൊ ഡോക്ടറാണ്. പ്യൂഗ് ഇലക്ട്രിക്കല്‍ എഞ്ചിനീയറും. മകന് ശാരീരികമായോ മാനസികമായോ എന്തോ പ്രശ്‌നമുണ്ടെന്ന് ഇരുവരും മനസിലാക്കിയതോടെയാണ് ഇവര്‍ ഒരു ഡോക്ടറുടെ സഹായം തേടാന്‍ തീരുമാനിച്ചത്. 

അങ്ങനെ വിശദമായ പരിശോധനയില്‍ ബിയലിന് കാഴ്ചാപരിമിതിയുണ്ടെന്ന് കണ്ടെത്തപ്പെട്ടു. പൂര്‍ണ്ണമായ അന്ധതയല്ല, മറിച്ച് കാഴ്ച വ്യക്തമാകാത്ത അവസ്ഥയായിരുന്നു ബിയലിന്. അതും എപ്പോഴും പ്രശ്‌നമുണ്ടാകണമെന്ന് നിര്‍ബന്ധവുമില്ല. വായിക്കാനും, പടികള്‍ കയറാനും, പെട്ടെന്ന് മുന്നില്‍ തടസം സൃഷ്ടിക്കുന്ന സാധനങ്ങള്‍ മനസിലാക്കാനുമെല്ലാം ബിയലിന് പ്രയാസമായിരുന്നു. 

സര്‍ജറിയിലൂടെയോ കണ്ണടയിലൂടെയോ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നമാണ് മകന് എന്നത് കൂടി അറിഞ്ഞപ്പോള്‍ ആദ്യം ഇവരുവരും തകര്‍ന്നു. എന്നാല്‍ പിന്നീട് എങ്ങനെയും മകനെ സഹായിക്കണമെന്ന് നിശ്ചയദാര്‍ഢ്യത്തില്‍ അവര്‍ പുതിയൊരു ആശയത്തിലേക്കെത്തി. മുമ്പും സാങ്കേതികമായ ചെറു കണ്ടെത്തലുകള്‍ നടത്തിയ, അത്തരം സ്റ്റാര്‍ട്ടപ്പുകള്‍ കൈകാര്യം ചെയ്യുന്ന പ്യൂഗ് മകന് വേണ്ടി പ്രത്യേകമായി കണ്ണട രൂപകല്‍പന ചെയ്യാന്‍ തീരുമാനിച്ചു. 

ലുസേറൊയും മറ്റ് ചില ഗവേഷകരും കൂടി ഈ ഉദ്യമത്തില്‍ പങ്കാളികളായി. ഒടുവില്‍ അവര്‍ ആ ലക്ഷ്യം നേടുക തന്നെ ചെയ്തു. വായിക്കാനും, പടികള്‍ കൃത്യമായി കാണാനും, മുന്നിലുള്ള തടസങ്ങള്‍ മനസിലാക്കാനുമെല്ലാം സഹായിക്കുന്ന 'ത്രീഡി എഫക്ട്' ഉള്ള 'ഡിജിറ്റല്‍ ഡിവൈസ്' തന്നെയാണിത്. ഇത് രൂപകല്‍പന ചെയ്ത് തയ്യാറാക്കുകയെന്നത് വളരെയധികം ചിലവേറിയ പ്രക്രിയ ആയിരുന്നു.

തങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് വലിയൊരു പങ്കും കൂടാതെ മറ്റ് സന്നദ്ധസംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമെല്ലാം പിരിച്ചെടുത്ത പണവും സമാഹരിച്ചാണ് ദമ്പതികള്‍ പ്രത്യേക കണ്ണട വികസിപ്പിച്ചെടുത്തത്. അത് വിജയകരമാവുകയും ചെയ്തു. 2017ലാണ് ഇവര്‍ ഈ നേട്ടം കരസ്ഥമാക്കിയത്. 

ബിയല്‍ ഈ കണ്ണട ഉപയോഗിച്ചാണ് തുടര്‍ന്ന് ജീവിച്ചത്. ഇപ്പോള്‍ ബിയലിനെ പോലുള്ള കാഴ്ചാപരിമിതി നേരിടുന്ന അനേകം പേര്‍ക്ക് ആശ്വാസമാകാന്‍ തങ്ങളുടെ കണ്ണട വിപണിയിലെത്തിക്കുന്നതിന്റെ തിരക്കിലാണ് പ്യൂഗും ലുസേറൊയും. സ്‌പെയിനിലും ഡെന്മാര്‍ക്കിലും ഇത് വില്‍പന നടത്താനുള്ള തയ്യാറെടുപ്പുകള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. 

വിപണിയിലേക്ക് ഇത് വരാന്‍ ഒരുങ്ങുന്നതിന് മുന്നോടിയായാണ് പ്യൂഗിന്റെയും ലുസേറൊയുടെയും കഥ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. കാഴ്ചാപരിമിതിയുള്ള മകന് വേണ്ടി മാതാപിതാക്കള്‍ കണ്ടെത്തിയ കണ്ണട, ഇനി ഇതേ പ്രശ്‌നം അനുഭവിക്കുന്ന നൂറുകണക്കിന് പേര്‍ക്കോ ആയിരക്കണക്കിന് പേര്‍ക്കോ ആണ് ആശ്വാസമാവുകയെന്നത് ഇവരെ സംബന്ധിച്ച് സാമ്പത്തിക ലാഭത്തെക്കാള്‍ സന്തോഷം നല്‍കുന്നതുമാണ്.

Also Read:- മരണഭയം, പ്രിയപ്പെട്ടവര്‍ നഷ്ടമാകുമോ എന്ന ആശങ്ക; കൊവിഡ് കാലം മനുഷ്യരോട് ചെയ്യുന്നത്...