കൊവിഡ് 19 മഹാമാരി വ്യാപകമായി തുടരുന്ന സാഹചര്യത്തിലാണ് നാമിപ്പോഴുമുള്ളത്. അതുകൊണ്ട് തന്നെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നവരുടെ എണ്ണവും ഇപ്പോള്‍ വളരെ കൂടുതലാണ്. നിലവില്‍ നമ്മള്‍ അവലംബിക്കുന്ന കൊവിഡ് പരിശോനകളുടെയെല്ലാം ഫലത്തിനായി മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ കാത്തിരിക്കേണ്ടതുണ്ട്. 

എന്നാല്‍ അഞ്ച് നിമിഷത്തിനകം പരിശോധനയുടെ ഫലം തിരിച്ചറിയാമെങ്കിലോ! അത്തരമൊരു രീതി വികസിപ്പിച്ചെടുത്തിരിക്കുകയാണ് 'ഇലിനോയിസ് യൂണിവേഴ്‌സിറ്റി'ക്ക് കീഴിലെ 'ഗ്രെയിന്‍ഗെര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ്'ല്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍. 

പേപ്പര്‍ കേന്ദ്രീകരിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഒരു ഇലക്ട്രോ കെമിക്കല്‍ സെന്‍സര്‍ ആണ് സംഭവം. വൈറസിന്റെ സാന്നിധ്യം കാണിക്കാന്‍ ഇതില്‍ നിന്ന് സിഗ്നലുകളാണ് പുറത്തുവരിക. കൊവിഡ് 19 മാത്രമല്ല, വൈറസിനാല്‍ പിടിപെടുന്ന രോഗങ്ങളെയെല്ലാം സെന്‍സ് ചെയ്ത് അറിയിക്കാന്‍ ഇതിന് കഴിയുമെന്നാണ് ഗവേഷകരുടെ വാദം. 

മഹാമാരിക്കാലത്ത് ആരോഗ്യമേഖലയില്‍ പല തരത്തിലുമുള്ള കണ്ടെത്തലുകളും നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു 'ഈസി ടെസ്റ്റിംഗ്' രീതി തങ്ങള്‍ മാത്രമാണ് വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നാണ് ഗവേഷകരുടെ അവകാശവാദം. ഈ പരിശോധനാരീതി സാധാരണക്കാര്‍ക്ക് ആശ്രയിക്കാന്‍ കഴിയും വിധം എത്തുമോ എന്നത് ഇനിയും വ്യക്തമല്ല. എന്തായാലും ചുരുങ്ങിയ സമയത്തിനകം കൃത്യമായ ഫലം അറിയാന്‍ കഴിയുന്ന രീതിയാണെങ്കില്‍ അത്, തീര്‍ച്ചയായും ഈ ഘട്ടത്തില്‍ വലിയ ചുവടുവയ്പ് തന്നെയായി മാറും. 

Also Read:- കൊവിഡ് പരിശോധനയ്ക്ക് ഇനി ചെലവ് കുറഞ്ഞ 'പേപ്പര്‍ ടെസ്റ്റ്'...