കൊറോണവൈറസ് പകരാന്‍ ഏറ്റവും സാധ്യതയുള്ള ഇടങ്ങളിലൊന്നാണ് ദന്താശുപത്രികളെന്ന് പഠനങ്ങള്‍ പറയുന്നു. എന്താണതിന് കാരണം എന്നു വിവരിക്കുകയാണ് ഡോ. ശ്രീജിത എസ്. ഇൻഫോ ക്ലിനിക്കില്‍ പോസ്റ്റ് ചെയ്ത ഡോക്ടറുടെ കുറിപ്പില്‍ പറയുന്നത് ഇങ്ങനെ:  

പല്ലടയ്ക്കുകയോ ക്ലീന്‍ ചെയ്യുകയോ ഒക്കെ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന സൂക്ഷ്മജലകണികകൾ (aerosol) രോഗം പകരാനിടയാക്കുന്നു. അതുപോലെതന്നെ, സദാ വായ്ക്കുള്ളിലെ ഉമിനീരുമായി കൊണ്‍ടാക്റ്റ് ഉണ്ടാവുന്നവരാണ് ദന്തഡോക്ടര്‍മാര്‍ എന്നതു കൊണ്ട്. ദന്തഡോക്ടര്‍മാരെപ്പറ്റി പറഞ്ഞ എല്ലാ കാര്യങ്ങളും അവിടെയെത്തുന്ന രോഗികള്‍ക്കും മറ്റ് ആശുപത്രി ജീവനക്കാർക്കും അത്രയും വ്യാപ്തിയിലല്ലെങ്കിലും, ബാധകമാണ്.

അതുകൊണ്ട് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ?

 • രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും രോഗം സംശയിക്കപ്പെടുന്നവര്‍ക്കുമുള്ള പൊതുനിര്‍ദ്ദേശങ്ങള്‍.
 • ആദ്യം ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെട്ട് രോഗവിവരങ്ങള്‍ നല്‍കുക.
 • അടിയന്തിരമല്ലാത്ത ചികിത്സകള്‍ ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് പിന്നീടൊരിക്കലേക്ക് മാറ്റിവെക്കാം. ഈ കാലയളവില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കുക.
 • കാത്തിരിപ്പ് മുറിയിലെ പത്രങ്ങള്‍ , മാസികകള്‍ , കളിപ്പാട്ടങ്ങള്‍ എന്നിവയില്‍ കഴിവതും സ്പര്‍ശിക്കാതിരിക്കുക.
 • ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ ഏതൊരു പൊതു ഇടങ്ങളിലും പാലിക്കേണ്ട മര്യാദകള്‍ പാലിക്കുക.അതായത്, വൃത്തിയുള്ള ഒരു തൂവാലയോ നാപ്കിനോ കയ്യില്‍ കരുതി അതിലേക്ക് തുമ്മുക.
 • ദന്താശുപത്രിയിലേക്കുള്ള വാതില്‍പിടികള്‍ , പൊതു ശുചിമുറിയിലേക്കുള്ള വാതില്‍ പിടികള്‍, എന്നിവയൊക്കെ സ്പര്‍ശിച്ചതിനു ശേഷം കൈ കഴുകുകയോ അതിന് സാഹചര്യമില്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യാം.
 • ഡോക്ടറുടെ മുന്നില്‍ വിവരങ്ങള്‍ പറയാനിരിക്കുമ്പോഴും സുരക്ഷിതമായ അകലം പാലിക്കുക.(2 മീറ്റര്‍ )
 • ചികിത്സക്ക് മുന്‍പായി ഡോക്ടറുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായും സത്യസന്ധമായും മറുപടി നല്‍കുക. പ്രത്യേകിച്ച് യാത്രാവിവരങ്ങള്‍ , രോഗലക്ഷണങ്ങള്‍ എന്നിവയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ക്ഷമയോടെ ഡോക്ടറുമായി സഹകരിക്കുക.
 • ചികിത്സക്ക് മുന്‍പായി വായ കഴുകിത്തുപ്പാനുള്ള മൗത്ത് വാഷ് തന്നാല്‍ അതുപയോഗിച്ചതിനു ശേഷം മാത്രം ചികിത്സ തുടങ്ങുക.

 

കൊവിഡ്19 സ്ഥിരീകരിച്ച ആളാണെങ്കില്‍ ശ്രദ്ധിക്കേണ്ടത്...

 • ആദ്യം ഫോണ്‍ വഴി ഡോക്ടറുമായി സംസാരിച്ച് രോഗവിവരങ്ങള്‍ നല്‍കുക.
 • അടിയന്തിരമായി ചികിത്സയെടുക്കേണ്ടതാണ് നിങ്ങളുടെ പല്ലിന്‍റെ നിലവിലെ അവസ്ഥയെങ്കില്‍ ഡോക്ടര്‍ മറ്റ് ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടതിനു ശേഷം ക്ലിനിക്കിലോ , കൂടുതല്‍ പ്രതിരോധ സൗകര്യങ്ങളുള്ള ആശുപത്രിയിലോ നിങ്ങള്‍ക്ക് ചികിത്സക്കുള്ള സമയം ക്രമീകരിച്ച് നല്‍കുന്നതായിരിക്കും.

അന്തര്‍ദ്ദേശീയ സംഘടനകളുടെയും ലോകാരോഗ്യസംഘടനയുടെയും ദന്തഡോക്ടര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും കേരളത്തിലെ പൊതുആരോഗ്യവും കണക്കിലെടുത്ത്, കേരളത്തില്‍ ദന്താശുപത്രികളില്‍ ഇക്കാലയളവില്‍ പാലിക്കാവുന്ന ചില നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

 • അത്യാവശ്യമല്ലാത്ത ചികിത്സകള്‍ അല്‍പകാലത്തേക്ക് നീട്ടി വെക്കുക.ഈ കാലയളവില്‍ രോഗിക്ക് വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ ഫോണിലൂടെ നല്‍കാവുന്നതാണ്.
 • ഫോണിലൂടെയുള്ള കണ്‍സള്‍ട്ടേഷനു ശേഷം മാത്രം അടിയന്തിര ചികിത്സയുടെ പ്രാധാന്യമനുസരിച്ച് രോഗിക്ക് നിശ്ചിതസമയം അനുവദിക്കുക.ഐസൊലേഷനിലുള്ളയാളാണെങ്കില്‍ ദിവസത്തിന്‍റെ അവസാനമോ മറ്റു രോഗികളില്ലാത്ത സമയത്തോ കാണുക.
 • ക്ലിനിക്കുകളുടെ മുന്‍പില്‍ രോഗികള്‍ക്ക് കാണും വിധം മലയാളത്തിലും ആവശ്യമെങ്കില്‍ അന്യഭാഷകളിലും കൊറോണക്കാലത്തെ ആശുപത്രി സന്ദര്‍ശനത്തില്‍ പാലിക്കേണ്ട പ്രത്യേകമര്യാദകള്‍ എഴുതി വയ്ക്കാം.
 • കാത്തിരിപ്പുമുറിയില്‍ തന്നെ ഡോക്ടറോട് രോഗവിവരവും യാത്രാവിവരങ്ങളും മറ്റും കൃത്യമായി ധരിപ്പിക്കണം എന്നു കൂടി എഴുതി പ്രദര്‍ശിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്ക് അതിന്‍റെ ഗൗരവം മനസ്സിലാകാന്‍ സഹായിക്കും.
 • ആവശ്യമായ സുരക്ഷാഉപാധികള്‍ കൃത്യമായി ഉപയോഗിച്ചു കൊണ്ടു മാത്രം ഓരോ രോഗിയേയും പരിശോധിക്കുക. കോവിഡ്19 പോസിറ്റീവ് അല്ലാത്തവരെ സാധാരണയായി ഉപയോഗിക്കുന്ന സര്‍ജിക്കല്‍ മാസ്കുകള്‍ ഉപയോഗിച്ച് പരിശോധിക്കാമെങ്കിലും രക്തം , ഉമിനീര്‍ എന്നിവ പുറത്തേക്ക് തെറിക്കാന്‍ സാധ്യതയുള്ള പല്ല് കീറിയെടുക്കല്‍ മുതലായവ അത്യാവശ്യമായി ചെയ്യേണ്ടി വരികയാണെങ്കില്‍ സര്‍ജിക്കല്‍ ഗൗണും ഗോഗിള്‍സും കൂടി ഉപയോഗിക്കാം.
 • സുരക്ഷാഉപാധികള്‍ ആവശ്യത്തിനു ലഭ്യമല്ലാത്ത പക്ഷം ചികിത്സ ഒഴിവാക്കുകയോ , കൂടുതല്‍ സൗകര്യങ്ങളുള്ളയിടത്തേക്ക് റഫര്‍ ചെയ്യുകയോ ആവാം.
 • ഉമിനീരും രക്തവും പുറത്തേക്ക് തുപ്പിക്കുന്നതിനു പകരം ഹൈ വോളിയം സക്ഷനുകള്‍ ചികിത്സയിലുടനീളം ലഭ്യമാക്കാന്‍ സാധിക്കുമെങ്കില്‍ ഉചിതമാവും.
 •  വരുന്ന രോഗികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിധം കാത്തിരിപ്പു മുറിയില്‍ ഹാന്‍ഡ് സാനിറ്റൈസറും , നാപ്കിനുകളും ലഭ്യമാക്കാന്‍ സാധിക്കുന്നവര്‍ അത് ചെയ്യുകയും ഉപയോഗിക്കേണ്ട വിധം എഴുതി പ്രദര്‍ശിപ്പിക്കുകയും ചെയ്യാം.
 • ക്ലിനിക്കിലെ സഹായികളായ സ്റ്റാഫുകള്‍ക്കും സുരക്ഷാ ഉപാധികള്‍ ലഭ്യമാക്കാം. ചെയ്യുന്ന ജോലിയുടെ ഗൗരവം അനുസരിച്ച് മാസ്ക് മാത്രമോ (ഉദാ - റിസപ്ഷനിസ്റ്റ് ) മാസ്കും ഗ്ലൗസും(ഉദാ-എക്സ്റേ എടുക്കുന്നവര്‍) സര്‍ജിക്കല്‍ ഗൗണുമോ (ഉദാ - സര്‍ജിക്കല്‍ അസിസ്റ്റന്‍ഡ് ) ലഭ്യമാക്കുകയും അവര്‍ അത് ധരിക്കുന്നുണ്ടെന്നുറപ്പു വരുത്തുകയും ചെയ്യേണ്ടതും ആരോഗ്യപ്രവര്‍ത്തകരെന്ന നിലയില്‍ ഡോക്ടറുടെ കടമയാണ്.
 • ചികിത്സക്കെത്തുന്ന രോഗികളോട് വിവരങ്ങളന്വേഷിക്കുമ്പോള്‍ സുരക്ഷിതമായ അകലം പാലിക്കാം.(രണ്ടു മീറ്റര്‍ )
 • ഓരോ രോഗിക്കും ശേഷം ചെയറും അനുബന്ധസ്ഥലങ്ങളും പതിവു സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ച് തുടച്ച് വൃത്തിയാക്കുന്നുണ്ടെന്ന് ഒന്നു കൂടി ഉറപ്പു വരുത്താം.
 • വായ പരിശോധിക്കുന്നതിനു മുന്‍പ് hydrogen peroxide അടങ്ങിയ mouthwash കൊടുക്കുന്നത് രോഗമുള്ളവരുടെ ഉമിനീരിലെ viral load കുറക്കാന്‍ സഹായകമാകുമെന്ന് ലഭ്യമായ പഠനങ്ങള്‍ പറയുന്നു. പകര്‍ച്ചയുടെ തോത് കണക്കിലെടുത്ത് ഈ കാലയളവില്‍ രോഗം സംശയിക്കുന്നവരിലും അല്ലാത്തവരിലും ഇത് ഉപയോഗിക്കാം.
 • രോഗലക്ഷണങ്ങളുള്ളവരോ രോഗം സംശയിക്കുന്നവരോ ചികിത്സക്കെത്തിയാല്‍ നിലവിലെ അവസ്ഥയുടെ ഗൗരവം രോഗിയെ പറഞ്ഞു മനസ്സിലാക്കുകയും അതാത് ജില്ലകളിലെ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം.
 • ഏറ്റവും പ്രധാനമായി ഡോക്ടര്‍മാരിലോ മറ്റു സ്റ്റാഫിലോ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ഐസൊലേറ്റ് ചെയ്യുകയും ഒരു കാരണവശാലും ദന്തരോഗികളെ കാണാതിരിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരമൊരു അടിയന്തിരഘട്ടത്തില്‍ പകരത്തിനുള്ളവരേയോ റഫര്‍ ചെയ്യാവുന്ന മറ്റിടങ്ങളെയോ നേരത്തേ തന്നെ ആലോചിച്ച് തയ്യാറാക്കി വെക്കുന്നത് തത്സമയത്തെ പരിഭ്രാന്തി ഒഴിവാക്കാനുപകരിക്കും.

കൃത്യമായ പ്രതിരോധനടപടികള്‍ പാലിച്ച് അത്യാവശ്യമുള്ള ചികിത്സകള്‍ മാത്രമായി പരിമിതപ്പെടുത്തുക. ഈ കൊറോണക്കാലത്ത് എല്ലാക്കാര്യത്തിലുമെന്ന പോലെ ദന്താരോഗ്യത്തിലും ചികിത്സയിലും നമുക്ക് ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.