കൊറോണയുടെ ഭീതിയിലാണ് ലോകം. ഈ കൊറോണ കാലത്ത് ഭക്ഷണകാര്യത്തിലും അൽപം ശ്രദ്ധവേണം. രോഗങ്ങൾ വരാതെ തടയാൻ രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിലൂടെ ഒരു പരിധിവരെ സാധിക്കും. കാലാവസ്ഥാ മാറ്റം മൂലം ഉണ്ടാകുന്ന രോഗങ്ങളെ തടയാനും രോഗപ്രതിരോധശക്തി വർധിപ്പിക്കാനും ധാരാളം വെള്ളം കുടിക്കുക.

ഒപ്പം വൈറ്റമിൻ സി ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഈ സമയത്ത് പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഏറ്റവും മികച്ചതാണ് നെല്ലിക്ക, മല്ലിയില, ഇഞ്ചി അല്ലെങ്കിൽ പുതിനയില എന്നിവ ചേർത്ത ജ്യൂസ്. ജീവകം സി കൊണ്ട് സമ്പന്നമാണ് ഇവ മൂന്നുമെന്ന് ഹെൽത്ത് പ്രാക്ടീഷണറും പോഷകാഹാര വിദഗ്ധയ‌ുമായ ശിൽ‌പ അറോറ പറയുന്നു....ഇവ മൂന്നും കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം....

നെല്ലിക്ക...

ജലദോഷം, പനി എന്നിവ പ്രതിരോധിക്കാൻ ഫലപ്രദമാണ് നെല്ലിക്ക. വൈറ്റമിൻ സി ധാരാളം അടങ്ങിയ നെല്ലിക്ക ശ്വേതരക്താണുക്കളുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് നിരവധി രോഗങ്ങളെയും അണുബാധകളെയും പ്രതിരോധിക്കാൻ ശരീരത്തെ സഹായിക്കുന്നു. ഇരുമ്പ്, കാല്‍സ്യം തുടങ്ങി നിരവധി ധാതുക്കളും നെല്ലിക്കയിൽ ഉണ്ട്.

ഇഞ്ചി....

 ജിഞ്ചെറോൾ എന്ന സംയുക്തം ഇഞ്ചിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. zingerone എന്ന ആന്റി ഓക്സിഡന്റും ഇഞ്ചിയിലുണ്ട്. ജിഞ്ചെറോളിന് ആന്റിബാക്ടീരിയൽ, അനാൾജെസിക്, ആന്റി പൈററ്റിക് ഗുണങ്ങൾ ഉണ്ട്. ജലദോഷം, തൊണ്ടവേദന മുതലായവ സുഖമാക്കാൻ ഇഞ്ചിയുടെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ സഹായിക്കും. രക്തസമ്മർദവും കൊളസ്ട്രോളും നിയന്ത്രിക്കാനും ഇഞ്ചിക്ക് കഴിവുണ്ടെന്നാണ് ശിൽ‌പ പറയുന്നത്.

മല്ലിയില...

 ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണിത്. നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള മല്ലിയിലയിൽ രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്ന എസൻഷ്യൽ ഓയിലുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ബാക്ടീരിയകളെ പ്രതിരോധിക്കാനുമുള്ള കഴിവും മല്ലിയിലയ്ക്കുണ്ട്.‌

പുതിനയില... 

ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള പുതിനയിൽ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ചുമ മൂലം ഉണ്ടാകുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കാൻ പുതിനയിലയ്ക്ക് കഴിവുണ്ട്. ഇതിന്റെ ഗന്ധം തലവേദന ഇല്ലാതാക്കാനും സഹായിക്കും. 

ഈ ജ്യൂസ് തയ്യാറാക്കുന്ന വിധം...

നാലോ അഞ്ചോ നെല്ലിക്ക, ഇഞ്ചി അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ, നാലോ അഞ്ചോ മല്ലിയില അല്ലെങ്കിൽ പുതിനയില ഇവ കഴുകി വൃത്തിയാക്കിയ ശേഷം മിക്സിയിൽ അരയ്ക്കുക. ഈ ജ്യൂസ് അരിച്ച ശേഷം അതിൽ തേനോ ബ്ലാക്ക് സോൾട്ടോ ചേർക്കാം.