കൊവിഡ് രോഗവും ഹൃദയവും തമ്മിൽ ഉള്ള ബന്ധം സംബന്ധിച്ച് പല പഠനങ്ങളും വരുന്നുണ്ട്. ഇതുവരെയുള്ള കണക്കുകൾ കാണിക്കുന്നത് നേരത്തെ ഹൃദ്രോഗം ഉള്ളവരിൽ കൊവിഡ് ബാധ ഏൽക്കാൻ ഉള്ള സാധ്യത കൂടുതൽ ആണെന്നും, അവരിൽ രോഗം കൂടുതൽ ഗുരുതരം ആകാൻ ഉള്ള സാധ്യത ഉണ്ടെന്നും ആണ് എന്നും ഡോ. വി. ജിതേഷ് (എപിഡെമിയോളജിസ്റ്റ്  ,  പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ്) ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.  

ചൈനയിൽ തന്നെ 44672 രോഗികളിൽ  നിന്നുള്ള  കണക്കുകൾ സൂചിപ്പിക്കുന്നത് ശരാശരി ചൈനക്കാരിൽ കൊവിഡ് മരണനിരക്ക് 2.3 % ആണെങ്കിൽ ഹൃദ്രോഗം ഉള്ളവരിൽ അത് 10.5  % ആണ്  - അതായതു ഏതാണ്ട് അഞ്ചിരട്ടിയോളം ആണെന്നും ഡോക്ടര്‍ പറയുന്നു.  ഹൃദ്രോഗം ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ഡോ. വി. ജിതേഷ് പറഞ്ഞു. അവ എന്തൊക്കെയാണെന്ന് നോക്കാം. 

 ഹൃദ്രോഗം ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

1. നിലവിൽ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾ ഒന്ന് പോലും മുടങ്ങാതെ  ശ്രദ്ധിക്കുക.

2. ഒരു മാസത്തേക്ക് എങ്കിലും ഉള്ള മരുന്നുകൾ കൈയ്യിൽ കരുതൽ ഉണ്ടെന്നു ഉറപ്പു വരുത്തുക.

3. മരുന്നുകൾ കുറവ് ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെയോ, പഞ്ചായത്ത് അധികൃതരെയോ അറിയിക്കുക, അല്ലെങ്കിൽ ജില്ലാ കണ്ട്രോൾ റൂമിൽ വിളിച്ചു അറിയിക്കുക.

4. എന്തെങ്കിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അല്ലാതെ ആശുപത്രി സന്ദർശനം പൂർണമായി ഒഴിവാക്കുക.

5. സംശയം ഉണ്ടെങ്കിൽ സ്ഥിരമായി ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശം (ഫോണിൽ) തേടുക.

6. വീട്ടുകാർ അടക്കം എല്ലാവരിൽ നിന്നും (പ്രത്യേകിച്ച് യാത്ര കഴിഞ്ഞു വന്നവർ, ചുമയോ, തുമ്മലോ ഉള്ളവർ )  എല്ലാ സമയത്തും ചുരുങ്ങിയത് ഒരു മീറ്റർ അകലം പാലിക്കുക.

7. വീട്ടിൽ നിന്നും ഒരു കാരണവശാലും പുറത്തിറങ്ങാതെ ഇരിക്കുക.

8. കൈകൾ ഇടയ്ക്കിടയ്ക്ക് നന്നായി സോപ്പിട്ടു കഴുകുക. മുറിയിലെ വസ്തുക്കളിൽ മറ്റുള്ളവർ സ്പർശിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക. എല്ലാം വൃത്തി ആയി സൂക്ഷിക്കുക.

9. വീട്ടിലെ മറ്റുള്ളവർ മുറിയിൽ കയറുന്നതു ഒഴിവാക്കുക. അഥവാ കയറേണ്ട സാഹചര്യം ഉണ്ടായാൽ മാസ്ക് ധരിക്കുന്നു എന്ന് ഉറപ്പു വരുത്തുക. 

10. ചെയ്തു കൊണ്ടിരുന്ന വ്യായാമം മുടങ്ങാതെ ശ്രദ്ധിക്കുക. പുറത്തു പോയി ഉള്ള വ്യായാമത്തിനു പകരം വീട്ടിൽ തന്നെ ചെയ്യാവുന്ന വ്യായാമങ്ങൾ ശീലിക്കുക.

11. നന്നായി വെള്ളം  കുടിക്കുക, ആവശ്യത്തിന് ഉറങ്ങുക. 

12. വ്യക്തികളിൽ നിന്ന് അകലം പാലിക്കുമ്പോഴും സാമൂഹ്യ ബന്ധങ്ങൾ നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കുക.   

13.  വീടിനു അകത്തു ഇരിക്കുമ്പോൾ തന്നെ ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റു നടക്കാനും, ചെറു വ്യായാമങ്ങൾ ചെയ്യാനും ശ്രദ്ധിക്കുക.

14. കൊവിഡ് രോഗം സംബന്ധിച്ച മാധ്യമ വാർത്തകൾ, ചർച്ചകൾ എന്നിവ അമിതമായി കാണാതെ ഇരിക്കുക. ഇവ സമ്മർദ്ദം വർധിപ്പിക്കാൻ കാരണം ആയേക്കും. സാമൂഹ്യ  മാധ്യമങ്ങൾ വഴി ഉള്ള തെറ്റായതും, പേടിപ്പിക്കുന്നതും ആയ വാർത്തകൾ വിശ്വസിക്കാതെ ഇരിക്കുക. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ മാത്രം വിശ്വസിക്കുകയും, കൃത്യമായി പാലിക്കുകയും ചെയ്യുക. 

15. പ്രായം 65 വയസിനു മുകളിൽ ആണെങ്കിൽ ഹൃദ്രോഗത്തോടൊപ്പം പ്രായം കൊണ്ടുള്ള സങ്കീർണതകളും കൂടുതൽ അപകടം ഉണ്ടാക്കാം. അത്തരക്കാർ  നിയന്ത്രണങ്ങൾ മറ്റുള്ളവരെക്കാൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തണം. 

എഴുതിയത് : ഡോ. വി. ജിതേഷ് (എപ്പിഡെമിയോളജിസ്റ്റ് , പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് )