കൊവിഡ് ബാധിതരായ അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ മുലയൂട്ടാമെന്ന് ലോകാരോഗ്യ സംഘടന.  കുഞ്ഞുങ്ങളെ അമ്മയിൽ നിന്ന് വേർപെടുത്താൻ പാടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

'' മുലപ്പാലിലൂടെ അണുബാധ പകരാമെന്ന് അമ്മമാരുടെ മനസ്സിൽ വളരെയധികം ആശങ്കകളുണ്ട്. മുലയൂട്ടുന്ന സമയത്ത്  കൊറോണ വൈറസ് കുഞ്ഞുങ്ങളിലേക്ക് പകരുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് യുഎൻ ആരോഗ്യ ഏജൻസി വിശദമായി അന്വേഷിച്ചു''-  ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

'' മുലയൂട്ടൽ തടയുന്നത് മറ്റ് നിരവധി രോഗങ്ങൾക്ക് കാരണമാകും. മുലപ്പാല്‍ കൃത്യമായി ലഭിച്ചില്ലെങ്കില്‍ അത് കുഞ്ഞിന്റെ പ്രതിരോധശേഷിയെ ഗുരുതരമായി ബാധിക്കും. കൊവിഡ് 19 എന്ന് സംശയിക്കപ്പെടുന്ന അല്ലെങ്കിൽ സ്ഥിരീകരിച്ച അമ്മമാരെ മുലയൂട്ടൽ തുടരാൻ പ്രോത്സാഹിപ്പിക്കണം, കുഞ്ഞുങ്ങളെ അമ്മയിൽ നിന്നും വേർപെടുത്തരുത്''- ടെഡ്രോസ് പറഞ്ഞു.

'' ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍, കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ലഭ്യമാക്കാത്തത് കൊവിഡ് ബാധ മൂലം ഉണ്ടാകുന്ന അപകട സാധ്യതയേക്കാള്‍ ഗുരുതരമാണ്. മുലപ്പാലിലൂടെ കൊറോണ വൈറസ് പകരുന്നതിനെക്കുറിച്ചും തെളിവുകളൊന്നുമില്ല. ഇപ്പോൾ നമുക്കറിയാവുന്നതിന്റെ അടിസ്ഥാനത്തിൽ, മുലയൂട്ടലിന്റെ ഗുണം അപകടസാധ്യതകളെ മറികടക്കും'' - ടെഡ്രോസ് കൂട്ടിച്ചേർത്തു.

'' മുലയൂട്ടുന്ന സമയത്ത് ശുചിത്വം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. മാസ്‌ക് നിർബന്ധമായും ധരിക്കണം. മാത്രമല്ല, അവര്‍ സ്പര്‍ശിക്കുന്ന എല്ലാ പ്രതലങ്ങളും ഇടയ്ക്കിടെ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണം. മുലപ്പാല്‍ കുഞ്ഞുങ്ങള്‍ക്ക് അവശ്യം വേണ്ട പ്രോട്ടീന്‍ നല്‍കുന്നതോടൊപ്പം പല രോഗങ്ങളേയും തടയുന്നതിനുള്ള പോഷകങ്ങളും നല്‍കുന്നു'' - ടെഡ്രോസ് പറഞ്ഞു.

കൊവിഡ് മൂലം 80% ഇന്ത്യക്കാരുടെ വരുമാനമിടിഞ്ഞു; എന്തും നേരിടാന്‍ തയ്യാറായി 90% ആളുകള്‍...