കൊവിഡ് 19 വ്യാപിച്ചതോടെ പലയിടങ്ങളിലും ഏറ്റവും അധികം ക്ഷാമം വന്നിട്ടുള്ളത് മാസ്ക്കുകള്‍ക്കാണ്. വീട്ടില്‍ ഇരുന്ന് മാസ്ക്കുകള്‍ നിര്‍മ്മിക്കുകയാണ് ഇന്ന് പലരും ചെയ്യുന്നത്. മാസ്ക് ശരിയായ രീതിയിൽ അല്ലാതെ ഉപയോഗിച്ചാൽ അത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യാനും സാധ്യത ഉണ്ട് എന്നാണ് ഡോ. വി. ജിതേഷ്  (എപ്പിഡെമിയോളജിസ്റ്റ് , പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ്  ) പറയുന്നത്. മാസ്ക് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ഉപയോഗിച്ച മാസ്ക് എന്ത് ചെയ്യണം എന്നും  അദ്ദേഹം പറയുന്നു. 


മാസ്ക് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

1. മാസ്ക് എടുക്കും മുൻപ് കൈകൾ സോപ്പിട്ടു കഴുകുക. 
2. വായ്,  മൂക്ക്, താടി എന്നിവ പൂർണമായ രീതിയിൽ മറയുന്ന രീതിയിൽ മാസ്ക് മുഖത്ത് വച്ച ശേഷം പിന്നിൽ കെട്ടുക.
3. മാസ്ക്കിന്റെ പ്ലീറ്റുകൾ താഴേക്ക് നിൽക്കുന്ന രീതിയിൽ ആയിരിക്കണം മാസ്ക് കെട്ടേണ്ടത്. 
4. വശങ്ങളിലൂടെ വായു കടക്കാത്ത രീതിയിൽ ടൈറ്റ് ആയി വേണം മാസ്ക് കെട്ടാൻ.
5. ഒരാൾക്ക് തുടർച്ചയായ ഉപയോഗം ഉണ്ടെങ്കിൽ 4 -5 മാസ്ക് എങ്കിലും വേണ്ടി വരും. പുറത്തു പോകുമ്പോൾ ആവശ്യത്തിന് മാസ്‌ക്കുകൾ കയ്യിൽ കരുതുക. 

മാസ്ക് അഴിക്കുന്ന രീതി...

1. മാസ്ക്കിനു നനവ് തോന്നിയാൽ ഉടനെ അഴിച്ചു മാറ്റണം. 
2. മാസ്ക് അഴിക്കുമ്പോൾ മാസ്കിന്റെ മുൻഭാഗം ഒരു കാരണവശാലും തൊടാൻ പാടില്ല. 
3. മാസ്ക്കിന്റെ പിന്നിലെ കെട്ടുകൾ അഴിച്ചു കയറുകളിൽ മാത്രം പിടിച്ചു സോപ്പ് വെള്ളത്തിൽ നിക്ഷേപിക്കുക. 
4. വീട്ടിൽ വച്ച് അല്ല മാസ്ക് അഴിക്കുന്നതു എങ്കിൽ മാസ്ക് അതിന്റെ വള്ളിയിൽ മാത്രം പിടിച്ചു ഒരു സിപ് ലോക്ക് കവറിൽ നിക്ഷേപിച്ച ശേഷം മാത്രം ബാഗിൽ വെക്കുക. 

ഉപയോഗിച്ച മാസ്ക് എന്ത് ചെയ്യണം?

1. മാസ്ക് ഉപയോഗ ശേഷം നന്നായി സോപ്പിട്ടു കഴുകി, ഉണക്കി, നല്ല ചൂടിൽ ഇസ്തിരി ഇട്ട ശേഷം വീണ്ടും ഉപയോഗിക്കാം. 5 മണിക്കൂർ എങ്കിലും നല്ല സൂര്യ പ്രകാശത്തിൽ ഉണക്കാൻ ശ്രദ്ധിക്കുക. ഇസ്തിരി ഇടുന്നതു കുറഞ്ഞത് 5 മിനിറ്റ് എങ്കിലും നല്ല ചൂടിൽ ചെയ്യണം. 
2. മാസ്ക് കേടു വന്നു തുടങ്ങിയാൽ വീണ്ടും ഉപയോഗിക്കരുത്. അത്തരം മാസ്‌ക്കുകൾ കത്തിച്ചു കളയേണ്ടതാണ്.
3. മാസ്ക് കഴുകാതെ വീണ്ടും ഉപയോഗിക്കാൻ പാടില്ല .
4. കഴുകി ഉണക്കിയ മാസ്ക് നല്ല വൃത്തിയുള്ള പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കുക. ഈ കവർ സോപ്പിട്ടു കഴുകി രണ്ടു വശവും ഉണക്കി എടുക്കണം.


ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ...

1. മാസ്ക് 6 മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല. 
2. നനവ് വന്നാൽ മാസ്ക് തുടർന്ന് ഉപയോഗിക്കാൻ പാടില്ല.
3. മാസ്ക്കിന്റെ മുൻഭാഗം ഒരു കാരണവശാലും തൊടാൻ പാടില്ല.. അഥവാ തൊട്ടു പോയാൽ ഉടനെ കൈകൾ സോപ്പിട്ടു കഴുകണം.
4. മാസ്ക് ഇടയ്ക്കിടയ്ക്ക് അഡ്ജസ്റ്റ് ചെയ്യാൻ വേണ്ടി ശ്രമിക്കരുത്. അഥവാ ചെയേണ്ടി വന്നാൽ കൈകൾ ഉടനെ സോപ്പിട്ടു കഴുകണം. 
5. ഒരാൾ ഉപയോഗിക്കുന്ന മാസ്ക് മറ്റൊരാൾ ഉപയോഗിക്കാൻ പാടില്ല. 
6. മാസ്ക് അഴിക്കുന്ന സമയത്തു കൈകൾ കൊണ്ട് കണ്ണും മൂക്കും വായും, തൊടാൻ പാടില്ല
7. ശ്വാസ തടസം അനുവഭവപ്പെടുന്ന ആളുകൾ, കിടപ്പിലായവർ, അബോധാവസ്ഥയിൽ ഉള്ളവർ തുടങ്ങിയവർക്ക് മാസ്ക് കെട്ടരുത്. 
8. മാസ്ക് കുട്ടികൾക്ക് കളിക്കാൻ കൊടുക്കരുത്. 
9. രണ്ടു വയസ്സിൽ താഴെ ഉള്ള കുട്ടികളിൽ മാസ്ക് ഉപയോഗിക്കാൻ പാടില്ല. 
10. ആരോഗ്യ പ്രവർത്തകർ, രോഗ ലക്ഷണങ്ങൾ ഉള്ളവർ, രോഗബാധ സംശയം ഉള്ളവർ തുടങ്ങിയവർ തുണി മാസ്ക് ഉപയോഗിക്കാൻ പാടില്ല. അവർ മെഡിക്കൽ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം.

മാസ്ക് മാത്രം ആയി ആർക്കും സംരക്ഷണം നൽകില്ല എന്ന് ഓർക്കുക. ശുചിത്വ ശീലങ്ങൾ പാലിക്കുക എന്നതാണ് സംരക്ഷണത്തിന് കൂടുതൽ ആവശ്യം എന്ന് ഓർക്കുക.

എഴുതിയത് : ഡോ. വി. ജിതേഷ് (എപ്പിഡെമിയോളജിസ്റ്റ് , പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് )