ചൈനയ്ക്ക് ഒരു പ്രത്യേകതയുണ്ട്. സത്യം മുഴുവനായും ഒരിക്കലും വിദേശമാധ്യമങ്ങളിൽ വന്നെന്നു വരില്ല. രാജ്യത്തെ ഒരേയൊരു പാർട്ടിയായ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് ഹിതകരമെന്നു തോന്നുന്ന വാർത്തകളും കണക്കുകളും മാത്രമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് പ്രസിദ്ധപ്പെടുത്താൻ കിട്ടുന്നത്. കൊറോണാവൈറസ് പടർന്നു പിടിക്കാൻ തുടങ്ങിയ ആദ്യത്തെ ദിവസങ്ങളിൽ എങ്ങനെയൊക്കെയാണ് ചൈനീസ് ഗവൺമെന്റ് അതിനെ തിരിച്ചറിയുന്നതിൽ പിഴവ് വരുത്തിയത്, എത്ര ദിവസമാണ് അവർ ആ പിഴവുകൾ തിരിച്ചറിയാതെ പോയത്, പിന്നീട് എത്ര ദിവസം കഴിഞ്ഞാണ് അവർ അത് തിരിച്ചറിഞ്ഞത്, അത് ആരുമറിയാതെ മൂടിവെക്കാൻ ശ്രമിച്ചത് എന്നൊക്കെയാണ് ഇനി പരിശോധിക്കാൻ പോകുന്നത്. 

കഴിഞ്ഞുപോയ കാര്യങ്ങളല്ലേ, ഇനി അതൊക്കെ ചികഞ്ഞു പരിശോധിച്ചിട്ട്  എന്താണ് കാര്യം എന്നാവും. തങ്ങളുടെ രാജ്യത്ത് ഉണ്ടായ വൈറസ് ബാധയെ പിടിച്ചു കെട്ടി, ചൈന ലോകത്തിനു മുന്നിൽ മാതൃകയായില്ലേ എന്നാവും. അല്ല, കാര്യമുണ്ട്. കൊവിഡ് 19  ബാധയെപ്പറ്റി സതാംപ്റ്റൻ സർവകലാശാലയിലെ ഗവേഷകർ മാർച്ചിൽ ഒരു പഠനം നടത്തിയിരുന്നു. അതിൽ അവർ നടത്തിയ ചില നിരീക്ഷണങ്ങൾ ഇക്കാര്യത്തിൽ ചൈന കാണിച്ച കുറ്റകരമായ അനാസ്ഥയിലേക്കുള്ള ചൂണ്ടു പലകയാണ്. 

 

 

പഠനം പറയുന്ന ഒരു പ്രധാന കാര്യം ഇതാണ്. ഫെബ്രുവരി അവസാനത്തോടെ ചൈനയിൽ 1,14, 325 രോഗ ബാധിതർ ഉണ്ടായിരുന്നു. രോഗത്തെ തടയാൻ വേണ്ടി ചൈന നടത്തിയ മരുന്നുപയോഗം ഒഴികെയുള്ള കാര്യങ്ങൾ, അതായത് കൃത്യമായ രോഗ നിർണ്ണയം, രോഗം കണ്ടെത്തുന്നവരുടെ കോൺടാക്റ്റ് ട്രേസിങ്, അവരുടെ ഫലപ്രദമായ ഐസൊലേഷൻ,  യാത്രാ നിയന്ത്രണങ്ങൾ, രോഗാണുക്കളെ കൊന്നൊടുക്കാനുള്ള ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവ, നടന്നിരുന്നില്ല എങ്കിൽ, ഈ പകർച്ചവ്യാധി ഇന്ന് ലോകത്ത് പറന്നതിന്റെ 67 ഇരട്ടി മാരകമായി പരന്നേനെ. അതായത്, 67 ഇരട്ടി പേർക്ക് അസുഖം വന്നേനെ ലോകമെമ്പാടും. ഇപ്പോൾ മരിച്ചതിന്റെ 67 ഇരട്ടി പേരെങ്കിലും മരിച്ചേനെ. ആ അർത്ഥത്തിൽ ചൈനീസ് ഗവൺമെന്റ് ചെയ്തത് എത്രയോ വലിയ ഒരു കാര്യമാണ്. അതുകൊണ്ട് മനുഷ്യരാശിക്കുണ്ടായ ഉപകാരം വളരെ വലുതാണ്..! 

ആ പഠനം അവിടെ നിന്നിരുന്നെങ്കിൽ പ്രശ്നമുണ്ടാവില്ലായിരുന്നു. എന്നാൽ, ഗവേഷകർ ഒരു കാര്യം കൂടി പഠന വിധേയമാക്കി. ആ കണ്ടെത്തലാണ് ചൈനീസ് ഗവൺമെന്റിനെ ഇപ്പോൾ വെട്ടിലാക്കിയിരിക്കുന്നത്. നാട്ടിൽ പടർന്നുപിടിച്ച ന്യൂമോണിയയുടെ കൊറോണാസ്വഭാവം തിരിച്ചറിഞ്ഞ്, സർക്കാർ മേൽപ്പറഞ്ഞ നോൺ ഫാർമസ്യൂട്ടിക്കൽ ഇന്റർവെൻഷൻസ് ഒരാഴ്ച, രണ്ടാഴ്ച, മൂന്നാഴ്ച മുമ്പേ തുടങ്ങിയിരുന്നു എങ്കിൽ 66%, 86%, 95% കുറവായിരുന്നേനെ ഇന്നുള്ളതിനേക്കാൾ ഈ പകർച്ച വ്യാധിയുടെ തീവ്രത. അതായത് ചൈനയ്ക്ക് മൂന്നാഴ്ച മുമ്പേ വിവേകോദയം ഉണ്ടായിരുന്നു എങ്കിൽ എന്നുള്ളതിന്റെ അഞ്ചു ശതമാനം തീവ്രത മാത്രമേ ഈ മാരകമായ പകർച്ച വ്യാധിക്ക് കാണുകയുള്ളായിരുന്നു എന്ന്. അതായത്, ഇന്ന് രോഗം ബാധിച്ചതിനെ 1/20  പേർക്ക് മാത്രമേ കൊവിഡ് 19  ബാധ ഉണ്ടാകുമായിരുന്നുള്ളൂ എന്ന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചത്തൊടുങ്ങിയതിന്റെ  1/20  പേർ മാത്രമേ മരിക്കുകയുള്ളായിരുന്നു എന്ന്. ആ അർത്ഥത്തിൽ ചൈനീസ് ഗവൺമെന്റിന്റെ കെടുകാര്യസ്ഥത മനുഷ്യ രാശിക്ക് ചെയ്ത ദ്രോഹം എത്ര വലുതാണ്?

 

ഇനി പറയാൻ പോകുന്ന ടൈം ലൈൻ ചൈനയിൽ സാന്നിധ്യമുള്ള അപൂർവം അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചിലതായ വാൾ സ്ട്രീറ്റ് ജേർണൽ, വാഷിങ്ങ്ടൺ പോസ്റ്റ്, സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് എന്നിവയെ ആശ്രയിച്ചു തയ്യാറാക്കിയ ഒന്നാണ്. 

2019 ഡിസംബർ 10 : ചൈനയിൽ രോഗം ബാധിച്ചു എന്ന് ഏറ്റവും ആദ്യം മനസ്സിലാക്കിയ രോഗികളിൽ ഒരാളായ വീ ഗ്വിക്‌സിയാന് ശാരീരികാവശതകൾ അനുഭവപ്പെട്ടു തുടങ്ങുന്നു. 

2019 ഡിസംബർ 16 : വുഹാൻ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിയുടെ രണ്ടു ശ്വാസകോശങ്ങളിലും കടുത്ത അണുബാധയുണ്ടെന്നു കണ്ടെത്തപ്പെടുന്നു. എന്നാൽ ഈ അണുബാധ സാധാരണ ഫ്ലൂ മരുന്നുകൾകൊണ്ട് കുറയുന്നില്ല എന്ന് ഡോക്ടർമാർ നിരീക്ഷിക്കുന്നു. അന്ന് ആ രോഗിയെ പരിശോധിച്ച ഡോക്ടറായ ലീ വെൻ ലിയാങ്ങ് ഈ അസുഖം ബാധിച്ചു വന്നവർ എല്ലാം തന്നെ ഹ്വാനിൻ ഫിഷ് ആൻഡ് മീറ്റ് മാർക്കറ്റിൽ ജോലി ചെയ്തിരുന്നവർ ആണെന്ന് തിരിച്ചറിയുന്നു. 2019 ഡിസംബർ 27 : ഈ പുതിയതരം പനിക്ക് പിന്നിൽ പണ്ട് സാർസും മേഴ്സും ഒക്കെ ഉണ്ടാക്കിയ അതേ കൊറോണാ വൈറസിന്റെ ഒരു വകഭേദമാണ് എന്ന വിവരം വുഹാനിലെ അധികാരികൾക്ക് കൈമാറപ്പടുന്നു. 

2019 ഡിസംബർ 30 : വുഹാൻ സെൻട്രൽ ആശുപത്രിയിലെ പ്രധാന ഡയറക്ടർമാരിൽ ഒരാളായ ഐ ഫെൻ വി ചാറ്റിലെ ഡോക്ടർമാരുടെ ഗ്രൂപ്പിൽ തന്റെ സംശയം, ഈ രോഗം കൊറോണാ വൈറസ് കാരണമാണോ എന്നത് പങ്കുവെക്കുന്നു. അതിന്റെ പേരിൽ അധികാരികൾ അവരെ കടുത്ത ഭാഷയിൽ ശാസിക്കുന്നു. 

അതേ സമയത്തു തന്നെ വുഹാനിലെ ഡോക്ടറായ ലി വെൻ ലിയാങ് ഇത് സാർസ് പോലുള്ള ഒരു കൊറോണാ വൈറസിന്റെ പണിയാണ് എന്ന സംശയം തന്റെ വീചാറ്റ് ഗ്രൂപ്പിലും പങ്കുവെക്കുന്നു. 

വുഹാൻ ഹെൽത്ത് കമ്മീഷൻ അസുഖത്തെ 'അകാരണമായി ഉണ്ടാകുന്ന ന്യൂമോണിയ' എന്ന് ക്ലസ്സിഫൈ ചെയ്യുന്നു. അവിടത്തെ ആശുപത്രികളെ അങ്ങനെ ഒരു അസുഖത്തെപ്പറ്റിയുള്ള വിവരം അറിയിക്കുന്നു. 

2019 ഡിസംബർ 31 : വുഹാനിലെ അധികാരികൾക്കുമുന്നിൽ ഒരേ ലക്ഷണങ്ങളോട് കൂടിയ ഇരുപത്തിയേഴാമത്തെ ന്യൂമോണിയ കേസ് വരുന്നു. അതോടെ അതിനു കാരണമായ വൈറസിന്റെ ഉറവിടമെന്ന് അവർക്ക് തോന്നിയ വുഹാനിലെ ഹുവാനിൻ വെറ്റ് മാർക്കറ്റ് അടച്ചുപൂട്ടി സീൽ വെക്കുന്നു. 

അന്നേ ദിവസം തന്നെ, അതായത് ആദ്യത്തെ കേസ് വന്നതിന് 21 ദിവസങ്ങൾക്കു ശേഷം, രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന തിരിച്ചറിയാൻ പ്രയാസമുള്ള ഈ പുതിയ രോഗത്തെപ്പറ്റി ചൈനീസ് ഗവൺമെന്റ് അധികാരികൾ ലോകാരോഗ്യ സംഘടനയെ ധരിപ്പിക്കുന്നു. 

2020 ജനുവരി 1 : വുഹാൻ പബ്ലിക് സേഫ്റ്റി ബ്യൂറോ വീചാറ്റിൽ ഈ അകാരണമായ ന്യൂമോണിയയെപ്പറ്റി അഭ്യൂഹങ്ങൾ പറഞ്ഞുപരത്വത്തിന്റെ പേരിൽ ഡോക്ടർ വെൻ ലിയാങ്ങ് അടക്കം എട്ടു ഡോക്ടർമാരെ ചോദ്യം ചെയ്യാൻ വേണ്ടി വിളിപ്പിക്കുന്നു. 

ഹുബൈ പ്രൊവിൻഷ്യൽ ഹെൽത്ത് കമ്മീഷൻ വിഷയത്തിൽ ഇടപെടുന്നു. ഈ പുതിയ(നോവൽ) വൈറസ് സർസിന് കാരണമായ കൊറോണാവൈറസിന്റെ ഒരു ജനിതക വകഭേദമാണ് എന്ന് അതിനോടകം കണ്ടെത്തിക്കഴിഞ്ഞിരുന്ന വുഹാനിലെ ലാബുകളോട് കമ്മീഷൻ തുടർ പരിശോധനകൾ നിർത്താനും, ഇതുവരെ ശേഖരിച്ച സാമ്പിളുകൾ നശിപ്പിച്ചു കളയാനും ഉത്തരവിടുന്നു. 

2020 ജനുവരി 2 : ചൈനയിലെ ഗവേഷകർ പുതിയ കൊറോണാ വൈറസിന്റെ ജനിതക ഘടന കൃത്യമായി മാപ്പ് ചെയ്തെടുക്കുന്നതിൽ വിജയിക്കുന്നു. ഈ വിവരം അവർ ജനുവരി 9 വരെ രഹസ്യമാക്കി സൂക്ഷിക്കുന്നു. 

2020 ജനുവരി  7 : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങ് വിഷയത്തിൽ ഇടപെടുന്നു. 

2020 ജനുവരി 9 : പുതിയ കൊറോണാ വൈറസിനെപ്പറ്റിയുള്ള ചൈനയുടെ ഔദ്യോഗിക പ്രഖ്യാപനം, വൈറസിന്റെ ജനിതക ഘടന വെളിപ്പെടുത്തൽ ഒക്കെ വരുന്നു. 

2020 ജനുവരി 11-17 : ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു സുപ്രധാന സമ്മേളനം മുൻനിശ്ചയപ്രകാരം നടക്കുന്നു. ആ സമയത്തുപോലും പുതിയ കേസുകൾ ഒന്നുമില്ലെന്ന്‌ വുഹാൻ ഹെൽത്ത് കമ്മീഷൻ നിലപാടെടുക്കുന്നു. 

2020 ജനുവരി 13 : ചൈനയ്ക്ക് പുറത്ത്, തായ്‌ലൻഡിൽ, ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇപ്പോഴും ചൈന തങ്ങളുടെ നാട്ടിൽ നടക്കുന്നതിനെപ്പറ്റിയോ, വൈറസിന് മീറ്റ് മാർക്കറ്റുമായുള്ള ബന്ധത്തെപ്പറ്റിയോ ഒന്നും ലോകത്തോട് തെളിച്ച് പറയുന്നില്ല. 

2020 ജനുവരി 14 : നോവൽ കൊറോണാ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്തിന് തെളിവൊന്നും ചൈനയ്ക്ക് കിട്ടിയിട്ടില്ല എന്ന് WHO. 

2020 ജനുവരി 15 : പിന്നീട് അമേരിക്കയിലെ പേഷ്യന്റ് സീറോ ആയി പ്രഖ്യാപിക്കപ്പെട്ട രോഗി കൊറോണാ വൈറസ് ബാധയും ശരീരത്തിലേന്തി വുഹാനിൽ നിന്ന്  കാലിഫോർണിയയിലേക്ക് വിമാനം കയറുന്നു.

2020 ജനുവരി 18 : വുഹാൻ ഹെൽത്ത് കമ്മീഷൻ പുതിയ നാല് കേസുകൾ കൂടി കണ്ടെത്തിയതായി പ്രഖ്യാപിക്കുന്നു. എന്നാൽ അപ്പോഴും നടപടികൾ ഒന്നുമുണ്ടാകുന്നില്ല. ചൈനയിൽ എല്ലാം സ്വാഭാവികമായി തന്നെ നടക്കുന്നു. ചൈനീസ് പുതുവർഷത്തോടനുബന്ധിച്ച് പതിനായിരക്കണക്കിനുപേർ ഒത്തുകൂടുന്ന ചടങ്ങുകൾ നടക്കുന്നു. 

2020 ജനുവരി 19  : ചൈനീസ് ഗവൺമെന്റ് തങ്ങളുടെ ആദ്യത്തെ എപ്പിഡമോളജിസ്റ്റിനെ വുഹാനിലേക്ക് അയക്കുന്നു. 

2020 ജനുവരി 20 : ദക്ഷിണ കൊറിയയിലെ ആദ്യത്തെ കൊവിഡ് 19 സ്ഥിരീകരണം വരുന്നു. കൊറോണാ വൈറസ് വ്യാപനത്തിനെ പ്രതിരോധിക്കുന്ന ഡോക്ടർമാരുടെ സംഘത്തിലെ വിദഗ്ധൻ സോങ് നാൻഷൻ ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരും എന്നത് സ്ഥിരീകരിച്ച് പ്രസ്താവന ഇറക്കുന്നു. 


2020 ജനുവരി 21 : യു എസ് സെന്റർ ഫോർ ഡിസീസസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അമേരിക്കൻ മണ്ണിലെ ആദ്യത്തെ കൊറോണാ വൈറസ് ബാധ സ്ഥിരീകരിക്കുന്നു. അന്നേദിവസം തന്നെ ചൈനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ മുഖപത്രമായ പീപ്പിൾസ് ഡെയ്‌ലിയിൽ കൊറോണാ വൈറസ് ബാധയെപ്പറ്റിയും അതിനെതിരെ പോരാടാനുള്ള ഷീ ജിൻ പിങ്ങിന്റെ തീരുമാനത്തെപ്പറ്റിയും ഉള്ള ഔദ്യോഗിക റിപ്പോർട്ടുകൾ ആദ്യമായി വരുന്നു. 

ചൈനീസ് നിയമ പരിപാലന സംവിധാനത്തിലെ ഉന്നതരായ അധികാരികളിൽ നിന്ന് പൗരന്മാരെ ലക്ഷ്യമിട്ടുള്ള ആദ്യ ഭീഷണി പുറപ്പെടുന്നു, " സ്വാർത്ഥതാത്പര്യങ്ങൾക്കു പുറത്ത് അസുഖമുണ്ടായിട്ട് അതേപ്പറ്റി ഗവൺമെന്റിനോട് വെളിപ്പെടുത്താതിരിക്കുന്നവർ അപമാനത്തിന്റെ മുക്കാലിമേൽ എന്നെന്നേക്കുമായി കെട്ടിത്തൂക്കപ്പെടും" 

2020 ജനുവരി 21 : വുഹാനും രണ്ട് അയൽനഗരങ്ങളും പൂർണ്ണമായ ലോക്ക് ടൗണിൽ ആക്കപ്പെടുന്നു. ഇത്രയും സമയത്തിനുള്ളിൽ തന്നെ 50 ലക്ഷത്തോളം വരുന്ന ചൈനീസ് പൗരന്മാർ ഈ രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിനു ചുറ്റുമുള്ള വിമാനത്താവളങ്ങളിൽ നിന്ന് പല രാജ്യങ്ങളിലെ പല പട്ടണങ്ങളിലേക്കായി പുറപ്പെട്ടു പോയിക്കഴിഞ്ഞിരുന്നു. കൊറോണ വൈറസ് ബാധ നിർണയിക്കാനുള്ള യാതൊരു വിധ സ്‌ക്രീനിങ്ങും കൂടാതെ തന്നെ..!

2020 ജനുവരി 24 : ചൈനീസ് ഗവൺമെന്റിന് രോഗത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാകുന്നു. അവർ 4 കോടിയോളം പേരെ ടോട്ടൽ ലോക്ക് ഡൗണിൽ ആക്കുന്നു. വുഹാനിൽ തിരക്കിട്ട് കൊറോണാബാധിതരെ ചികിത്സിക്കാൻ വേണ്ടി മാത്രമായി വളരെ വേഗത്തിൽ ഒരു പുതിയ ആശുപത്രി പണിതുടങ്ങുന്നു. ഇവിടെ നിന്നങ്ങോട്ട് വളരെ മാതൃകാപരമായ നിയന്ത്രണങ്ങൾ രാജ്യത്ത് നിലവിൽ വരുന്നു. പക്ഷേ, അപ്പോഴേക്കും ആദ്യത്തെ രോഗിക്ക് ലക്ഷണങ്ങൾ വന്നിട്ട് 45 ദിവസങ്ങൾ കഴിഞ്ഞിരുന്നു. 

ആദ്യത്തെ രോഗിക്ക് ലക്ഷണങ്ങൾ കണ്ട അന്ന് തന്നെ അത് കൊറോണാവൈറസ് ബാധയാണെന്നോ, സാർസിന് കാരണമായ കൊറോണാ വൈറസിന് സമാനമായ പുതിയ ഒരു വൈറസ്സാണ് രോഗ കാരണമായത് എന്നും ഒക്കെ കണ്ടുപിടിക്കുക അസാധ്യമാണ്. എന്നാൽ അതിനു ശേഷം, ഗൗരവതരമായ നടപടികളിലേക്ക് കടക്കും മുമ്പ് ചൈനീസ് ഗവൺമെന്റ് പാഴാക്കിയത് ആറര ആഴ്ച സമയമാണ്. അതിൽ പാതിയും നഷ്ടമായത് അസുഖത്തിന്റെ എപിഡെമിക് സ്വഭാവം തിരിച്ചറിഞ്ഞ് റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ച ഡോക്ടർമാരെ ഭീഷണിപ്പെടുത്താൻ വേണ്ടിയാണ്. രാജ്യത്ത് യാതൊരുവിധ പകർച്ച വ്യാധിയുമില്ല എന്ന് നിരന്തരം നിഷേധിച്ചുകൊണ്ടിരിക്കാനാണ്. അതിനു ശേഷവും അവർ വളരെ ധാർഷ്ട്യത്തോടെയാണ് ഡോക്ടർമാരോട് പെരുമാറിയത്. ഒടുവിൽ കാര്യത്തിന്റെ ഗൗരവാവസ്ഥ ബോധ്യപ്പെട്ടപ്പോഴേക്കും ഏറെ വൈകിക്കഴിഞ്ഞിരുന്നു. രോഗം കൈവിട്ടു പോയിക്കഴിഞ്ഞിരുന്നു. ലോകമെമ്പാടും പടർന്നു പിടിച്ചു കഴിഞ്ഞിരുന്നു. 

ഇതേപ്പറ്റിയാണ് തുടക്കത്തിൽ പറഞ്ഞ പഠനം പറഞ്ഞത്. നാട്ടിൽ പടർന്നുപിടിച്ച ന്യൂമോണിയയുടെ കൊറോണാസ്വഭാവം തിരിച്ചറിഞ്ഞ്, സർക്കാർ മേൽപ്പറഞ്ഞ നോൺ ഫാർമസ്യൂട്ടിക്കൽ ഇന്റർവെൻഷൻസ് ഒരാഴ്ച, രണ്ടാഴ്ച, മൂന്നാഴ്ച മുമ്പേ തുടങ്ങിയിരുന്നു എങ്കിൽ 66%, 86%, 95% കുറവായിരുന്നേനെ ഇന്നുള്ളതിനേക്കാൾ ഈ പകർച്ച വ്യാധിയുടെ തീവ്രത. അതായത് ചൈനയ്ക്ക് മൂന്നാഴ്ച മുമ്പേ വിവേകോദയം ഉണ്ടായിരുന്നു എങ്കിൽ എന്നുള്ളതിന്റെ അഞ്ചു ശതമാനം തീവ്രത മാത്രമേ ഈ മാരകമായ പകർച്ച വ്യാധിക്ക് കാണുകയുള്ളായിരുന്നു എന്ന്. 

ഇങ്ങനെ അസുഖത്തെ കൈകാര്യം ചെയ്യുന്നതിൽ, അത് പടർന്നു പിടിക്കുന്നത് തടയുന്ന കാര്യത്തിൽ ഒക്കെ വലിയ തോതിലുള്ള കെടുകാര്യസ്ഥതയും കുറ്റകരമായ അനാസ്ഥയും ഒക്കെ ചൈനീസ് ഗവൺമെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നിട്ടും, അവസാനത്തെ ആഴ്ചകളിൽ അതൊക്കെ മൂടിവെക്കാനും, തങ്ങളുടെ പാളിച്ചകളുടെ തെളിവുകൾ തേച്ചുമാച്ചു കളയാനും ഒക്കെ പരമാവധി ശ്രമിച്ച്, തങ്ങളുടെ പ്രൊപ്പഗാണ്ടാ മെഷിനറി പ്രയോജനപ്പെടുത്തിക്കൊണ്ട് കൊവിഡ് 19 നിയന്ത്രണത്തിന്റെ ചൈനീസ് മാതൃകയുടെ ഫലസിദ്ധിയെപ്പറ്റി പ്രചാരണം നടത്തുന്നത് സത്യത്തിൽ എത്ര പരിഹാസ്യമാണ്?

ചെയ്യേണ്ടത് സമയസമയത്ത് ചൈനീസ് സർക്കാർ ചെയ്തിരുന്നു എങ്കിൽ, തങ്ങളുടെ ഡോക്ടർമാരെ വിശ്വാസത്തിൽ എടുത്തിരുന്നു എങ്കിൽ, നേരത്തെ തന്നെ വേണ്ട യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു, കൃത്യമായ പരിശോധനകൾ നടത്തി തങ്ങളുടെ പൗരന്മാരെ ഐസൊലേറ്റ് ചെയ്തിരുന്നു എങ്കിൽ ഇന്ന് ഇറ്റലിയിലും, ഇറാനിലും, ഇന്ത്യയിലും ഒന്നും ഇങ്ങനെ ആളുകൾ മരിക്കില്ലായിരുന്നു. പതിനായിരക്കണക്കിനുപേർ കൊവിഡ് 19 ബാധിതരായി പരിമിതസൗകര്യങ്ങൾക്കിടയിൽ കിടന്നു നരകിക്കില്ലായിരുന്നു. എത്രയോ പേർ തങ്ങളുടെ ഉപജീവനത്തിനുള്ള അനുവാദം പോലും നിഷേധിക്കപ്പെട്ട് വീടുകളിൽ തന്നെ തളച്ചിടപ്പെടില്ലായിരുന്നു.