Asianet News MalayalamAsianet News Malayalam

ജൂലൈ അവസാനത്തോടെ മൂന്നാം തരംഗം ഉണ്ടാകാം; നേരിടാൻ ചെയ്യേണ്ടത് എന്തൊക്കെ? ഡോ സുല്‍ഫി നൂഹു പറയുന്നു

ഇപ്പോള്‍ മുതൽ തന്നെ മൂന്നാം തരംഗം മുൻകൂട്ടി കാണുകയും അത് കുറയ്ക്കാനുള്ള മാർഗങ്ങൾ ആരായുകയും വേണമെന്ന് പറയുകയാണ് ഐഎംഎയുടെ സമൂഹ മാധ്യമ വിഭാഗം നാഷണൽ കോർഡിനേറ്റർ ഡോ. സുൽഫി നൂഹു. 

covid 19 third wave Coming soon need extra care says dr sulphi noohu
Author
Thiruvananthapuram, First Published May 31, 2021, 3:41 PM IST

കൊവിഡിന്‍റെ രണ്ടാം തരംഗം അല്പം കുറഞ്ഞു വരുന്നതേയുള്ളൂ. എന്നാല്‍ ഇപ്പോള്‍ മുതൽ തന്നെ മൂന്നാം തരംഗം മുൻകൂട്ടി കാണുകയും അത് കുറയ്ക്കാനുള്ള മാർഗങ്ങൾ ആരായുകയും വേണമെന്ന് പറയുകയാണ് ഐഎംഎയുടെ സമൂഹ മാധ്യമ വിഭാഗം നാഷണൽ കോർഡിനേറ്റർ ഡോ. സുൽഫി നൂഹു. ജൂലൈ അവസാനത്തോടെ മൂന്നാം തരംഗം വരുമെന്നാണ് ചില കണക്കുകൂട്ടലുകള്‍ എന്നും ഡോ. സുൽഫി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനെ എങ്ങനെ നേരിടാം എന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. 

കുറിപ്പ് വായിക്കാം...

മൂന്നാം തരംഗം ബൗണ്ടറി കടത്താൻ!

രണ്ടാം തരംഗം അല്പം കുറഞ്ഞു വരുന്നതേയുള്ളൂ. ഇപ്പോൾ മുതൽ തന്നെ മൂന്നാം തരംഗം മുൻകൂട്ടി കാണുകയും അത് കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ ആരായുകയും വേണം.  ജൂലൈ അവസാനത്തോടെ അത് വീണ്ടും വരുമെന്നാണ് ചില കണക്കുകൂട്ടലുകൾ. ആ കണക്കുകൂട്ടലുകളിൽ ചിലപ്പോൾ സമയവ്യത്യാസം വന്നേക്കാം. 

എന്നാൽ ഒരു കാര്യം ഉറപ്പ്. മൂന്നാം തരംഗത്തിന്റെ ശക്തിയുടെ  കടിഞ്ഞാൺ പരിപൂർണ്ണമായും നമ്മളിൽ തന്നെയാണ്. മൂന്നാം തരംഗം വന്നു പോകുന്നത്  പോലും അറിയാതിരിക്കാൻ ഇപ്പോൾതന്നെ തയ്യാറെടുപ്പുകൾ വേണം. അതേ, മൂന്നാം തരംഗത്തെ ബൗണ്ടറി കടത്താൻ നമുക്ക് കഴിയും ,കഴിയണം! 

വാക്സിനേഷൻ തന്നെയാണ് ആദ്യത്തെ പ്രതിവിധി. വാക്സിൻ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ലോകരാഷ്ട്രങ്ങളും  ഭാരതവും കേരളവും ശ്രമിക്കണം. വാക്സിൻ നിർമ്മാണം  അസംഭവ്യമായ സംഭവമൊന്നുമല്ല, കേരളത്തിന്. അതിനുള്ള ശ്രമങ്ങൾ തുടരുക തന്നെ വേണം, യാഥാർത്ഥ്യബോധത്തോടെ. വാക്സിൻ നിർമിക്കാൻ കഴിഞ്ഞില്ലെങ്കിൽ  കൂടിയും എത്രയും പെട്ടെന്ന് എത്രയും കൂടുതൽ വാക്സിനുകൾ ലഭ്യമാക്കുവാൻ എന്ത് കടുത്ത നിലപാടും സ്വീകരിക്കപ്പെടണം. പരമാവധി വാക്സിനേഷൻ  പരമാവധി ആൾക്കാരിൽ എത്തിക്കാൻ ശ്രമിക്കുമ്പോഴും ചില പൊടിക്കൈകൾ കൂടി വേണ്ടിവന്നേക്കും.

രണ്ടാമത്തെ ഡോസ്, വ്യത്യസ്തമായ വാക്സിൻ നൽകിയാൽ രോഗപ്രതിരോധ ശേഷിക്ക് വ്യത്യാമുണ്ടാകുന്നില്ലായെന്ന് പഠനങ്ങളുണ്ട്. അതുകൊണ്ടുതന്നെ രണ്ടാമത്തെ ഡോസ് ലഭ്യമായ വാക്സിൻ നൽകുന്നത് പരിഗണിക്കപ്പെടണം. വാക്സിൻ എടുത്തതിനു ശേഷം  മുപ്പതുമിനിറ്റോളം ആശുപത്രിയിൽ  ഒബ്സർവേഷൻ റൂമിൽ ഇരിക്കണം എന്നുള്ള നിർദ്ദേശം ഇനി  ആവശ്യമില്ലതന്നെ. അവിചാരിതമായ അലർജി അത്യപൂർവമായി ഉണ്ടായേക്കാം എന്ന  ഭയമായിരിക്കണം  ഇത്തരം ഒരു തീരുമാനം എടുത്തതിന് കാരണം. വാക്സിനേഷനെ ഇനി  മറ്റൊരു കുത്തിവയ്പ്പ് പോലെ  കണ്ടാൽ മതിയാകും. അതുകൊണ്ടുതന്നെ, 30മിനിറ്റ് ഈ ആൾക്കൂട്ടം ആശുപത്രിയിൽ തന്നെ തങ്ങേണ്ട കാര്യമേയില്ല. 

ആരോഗ്യ പ്രവർത്തകരിൽ ഒരു നല്ല ശതമാനത്തിന് ഇനിയും വാക്സിൻ ലഭിക്കേണ്ടതായിട്ടുണ്ടെന്നാണ് നിഗമനം. കൂടാതെ മുൻനിര പ്രവർത്തകരിലും അവർക്ക് എത്രയും പെട്ടെന്ന് വാക്സിൻ ലഭ്യമാക്കുകയും അതോടൊപ്പം അവരുടെ കുടുംബാംഗങ്ങളേയും  വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുകയും വേണം. എല്ലാ ദിവസവും വൈറസും പേറി വീട്ടിലെത്തുന്ന ആരോഗ്യപ്രവർത്തകരുടെ കുടുംബാംഗങ്ങളും  സംരക്ഷണം  അർഹിക്കുന്നണ്ടല്ലോ.
 
തൽക്കാലം ഒരു സോഫ്റ്റ് ലോക ഡൗൺ തുടരുകതന്നെ വേണം. ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി അഞ്ച് ആകുന്നത് വരെ. ലോകാരോഗ്യ സംഘടന പോസിറ്റിവിറ്റി അഞ്ചിന് താഴെ നിർത്തണമെന്ന് വീണ്ടും വീണ്ടും പറയുന്നുണ്ട്. മഹാമാരിയിയെ തടയുവാനുള്ള ഏറ്റവും വലിയ മാർഗം പഠനങ്ങൾ തന്നെയാണ്. ഭാരതത്തിലെ, കേരളത്തിലെ, ഇതുവരെ ലഭ്യമായ ഡേറ്റ  യുദ്ധകാലാടിസ്ഥാനത്തിൽ വിശകലനം ചെയ്യപ്പെടണം. മൂന്നാം തരംഗത്തിന്റെ  ശക്തി കുറയ്ക്കുവാനും മരണം കുറയ്ക്കുവാനും അത് സഹായിക്കുക തന്നെ ചെയ്യും. ആയിരം വട്ടം ഉറപ്പ്. 

ചികിത്സാ മാനദണ്ഡങ്ങൾ പുനർ രൂപീകരിക്കുന്നതിന് കാലതാമസമൊട്ടും തന്നെ പാടില്ല. ദിവസവും വരുന്ന നൂറുനൂറ് പ്രധാനപ്പെട്ട പഠനങ്ങൾക്കനുസൃതമായി  ചികിത്സാ നിർദ്ദേശങ്ങൾ രണ്ടാഴ്ചയിലൊരിക്കൽ നവീകരിക്കപ്പെടണം. ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്  പോലെ കോവിഡ് നിയന്ത്രണവും ചികിത്സയും കൂടുതൽ കൂടുതൽ വികേന്ദ്രീകരിക്കണം.
 
ഏറ്റവും പ്രധാനം മരണ കണക്കുതന്നെ. മരണ കണക്ക് മരണകെണിയാകാൻ പാടില്ല തന്നെ. മരണം എത്രയെന്നറിഞ്ഞാൽ അത് തടയുവാനുള്ള സാധ്യതയും കൂടും. ഇതിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഭാരതവും കേരളവും സ്വീകരിക്കണം. ശരിക്കുള്ള കണക്കറിഞ്ഞാൽ മാത്രമേ അത് തടയുവാനുള്ള മാർഗങ്ങളും നമുക്ക് സ്വീകരിക്കുവാൻ കഴിയുകയുള്ളൂ. 

അന്താരാഷ്ട്ര തലത്തിൽതന്നെ മരണ കണക്കുകൾ എപ്പോഴും വിവാദവിഷയമാണ്. അങ്ങ് ചൈന മുതൽ അമേരിക്ക വരെ, തെറ്റുകൾ കടന്നു കൂടിയിട്ടുണ്ട്. തെറ്റുകൾ തിരുത്തപ്പെട്ടുകയും അന്താരാഷ്ട്ര ഏകീകൃത മാനദണ്ഡങ്ങൾ ഉപയോഗിച്ച്   കിറുകൃത്യമായി  അവലോകനം ചെയ്യുന്നത് മൂന്നാം തരംഗത്തെ ബൗണ്ടറിയല്ല സ്റ്റേഡിയത്തിനു പുറത്തു കടത്താൻ നമ്മെ സഹായിക്കും.

പണത്തിന് മേലെ പരുന്തും പറക്കില്ല എന്നാണ് ചൊല്ല്. കോവിഡ്-19 നേരിടാൻ ഇപ്പോൾ ലഭ്യമായ സാമ്പത്തിക  സ്രോതസ്സുകൾ മതിയാകില്ലയെന്നാണ് കണക്കുകൂട്ടലുകൾ. വരാൻ പോകുന്ന ബജറ്റിലെങ്കിലും ജിഡിപിയുടെ 5% ആരോഗ്യമേഖലയ്ക്ക് മാറ്റിവയ്ക്കണം. സാമ്പത്തികശേഷി കൊണ്ടോന്നുമാകില്ലല്ലോ. ചികിത്സിക്കാൻ, രോഗം പ്രതിരോധിക്കാൻ, ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും, അതും നല്ല നിലവാരമുള്ളവർ ഉണ്ടാകേണ്ടിയിരിക്കുന്നു. 

എവിഡന്സ് ബേസ്ഡ് ആയിട്ടുള്ള  ശാസ്ത്ര സത്യങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുത്തിട്ടുള്ള ചികിത്സാക്രമങ്ങൾ മാത്രം, അത് മാത്രം പ്രോത്സാഹിപ്പിക്കപ്പെടണം. മൂന്നാം തരംഗം വരുമ്പോൾ വെറുതെ ബൗണ്ടറിയടിക്കാൻ കഴിയില്ല. നല്ല പരിശീലനവും പ്രയത്നവും തയ്യാറെടുപ്പും വേണം. അതും എത്രയും വേഗം. അങ്ങനെ ചിലതൊക്കെ ഉറപ്പാക്കിയാൽ മൂന്നാം തരംഗം സ്റ്റേഡിയത്തിന് പുറത്ത്. 

- ഡോ സുൽഫി നൂഹു

 

Also Read: രോഗികൾക്കും ഡോക്ടർമാർക്കും ആത്മവിശ്വാസം പകരാൻ കൊവിഡ് വാര്‍ഡിലെത്തി തമിഴ് മുഖ്യന്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios