യാതൊരു വിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലാത്തവർക്ക് കൊവിഡ് 19 പിടിപെട്ടാൽ അത് അവരിൽ പ്രമേഹം അഥവാ ഡയബറ്റിസിന് കാരണമായേക്കാം എന്ന് സൂചിപ്പിക്കുന്ന പഠനങ്ങൾ പുറത്തു വന്നിരിക്കുന്നു. ലണ്ടനിലെ കിങ്‌സ് കോളേജിലെ ഒരു സംഘം ഗവേഷകരാണ് ഇങ്ങനെ ഒരു കണ്ടെത്തൽ നടത്തിയിരിക്കുന്നത്. നോവൽ കൊറോണാവൈറസ് ബാധ ഒരു പ്രശ്നവുമില്ലാത്തവർക്ക് പ്രമേഹം വരാൻ കാരണമാകും എന്നു മാത്രമല്ല, ഉള്ള പ്രമേഹം പലമടങ്ങ് വഷളാകാനും കാരണമാകുമെന്നാണ് അവരുടെ പഠനം സൂചിപ്പിക്കുന്നത്.

മനുഷ്യ ശരീരത്തിൽ നോവൽ കൊറോണാ വൈറസ് വന്നുപോകുന്ന കാലയളവ് താരതമ്യേന വളരെ കുറവാകയാൽ, എങ്ങനെയാണ് അത് ഗ്ലൂക്കോസ് മെറ്റാബോളിസത്തെ എങ്ങനെ തകിടം മറിക്കുന്നു എന്നത് ഇനിയും വ്യക്തമായിട്ടില്ല എന്നും കിങ്‌സ് കോളേജിലെ ഗവേഷകർ പറയുന്നു. 

ഡയബറ്റിസ് അഥവാ പ്രമേഹമെന്നത് ലോകത്തിൽ ഏറ്റവുമധികം പേരെ ബാധിക്കുന്ന ഒരു രോഗമാണ്. വളരെ കുറച്ചുകാലം കൊണ്ട് വൈദ്യശാസ്ത്രത്തിന്റെ ശ്രദ്ധ ഏറെ ആകർഷിച്ച ഒന്നാണ് കൊവിഡ് 19 എന്ന മഹാമാരിയും. ഒന്ന് മറ്റൊന്നിനെ ട്രിഗർ ചെയ്യുന്നു എന്നത് വളരെ ഗുരുതരമായ ഒരു സാഹചര്യമാണ് എന്നത് കിങ്‌സ് കോളേജിലെ പ്രൊഫസറായ ഫ്രാൻസെസ്കോ റുബീനോ പറഞ്ഞു. " കൊവിഡ് കാരണം രോഗികളിൽ ഉണ്ടാകുന്നത് ടൈപ്പ് #1 ഡയബറ്റിസ് ആണോ ടൈപ്പ് #2 ഡയബറ്റിസ് ആണോ, ഇനി പുതിയ ഏതെങ്കിലും തരം പ്രമേഹമാണോ എന്നതും സ്ഥിരീകരിക്കപ്പെടേണ്ടിയിരിക്കുന്നു" റുബീനോ പറഞ്ഞു.

ഈ സാധ്യതയെപ്പറ്റി കൂടുതൽ പഠിക്കാനായി 'കൊവിഡയബ്  രജിസ്ട്രി'(CoviDiab Registry) എന്നൊരു അന്താരാഷ്ട്ര വൈദ്യശാസ്ത്ര പ്രോജക്ടും വിഭാവനം ചെയ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഇത് ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കൊവിഡ് ബാധയിൽ നിന്ന് സുഖം പ്രാപിക്കുന്ന രോഗികളുടെ ഡയബറ്റിസ് ഹിസ്റ്ററി ട്രാക്ക് ചെയ്യും.  ലോകത്തിലെ പതിനേഴു ഡയബറ്റിസ് വിദഗ്ധർ ചേർന്ന് ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിന്  എഴുതിയ  കത്തിലാണ് ഈ വിവരം അറിയിച്ചിട്ടുള്ളത്. ഇങ്ങനെ, കൊവിഡ് 19 കാരണം ഉണ്ടാകുന്ന ഡയബറ്റിസിന്റെ സ്വഭാവത്തെ ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കുകയാണ് ഈ രജിസ്ട്രിയുടെ ലക്‌ഷ്യം.

ഇതുവരെയുള്ള ക്ലിനിക്കൽ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത് കൊവിഡും ഡയബറ്റിസുമായി ഒരു പരസ്പര സ്വാധീനമുണ്ട് എന്നാണ്. അതായത് കൊവിഡ് 19 -ൽ നിന്ന് സുഖം പ്രാപിച്ചുവരുന്ന നല്ലൊരു ശതമാനം രോഗികൾക്ക് ഡയബറ്റിസ് വരാനുണ്ട്. മറിച്ച്, ഡയബറ്റിസ് മൂർച്ഛിച്ചു നിൽക്കുന്ന രോഗികൾക്ക് കൊവിഡ് ബാധയുണ്ടായാൽ അവരിൽ മരണസാധ്യത ഏറുകയും ചെയ്യുന്നു. 

കൊവിഡ് ബാധിച്ച് മരിച്ച രോഗികളിൽ 20-30 % പേർക്കും പ്രമേഹമുണ്ടായിരുന്നു എന്നാണ് കിങ്‌സ് കോളേജ് നടത്തിയ പഠനം പറയുന്നത്. അതുപോലെ തന്നെ കൊവിഡിൽ സുഖം പ്രാപിച്ചവരിൽ പുതുതായി ഡയബറ്റിസ് കണ്ടെത്തപ്പെടുകയും ചെയ്തിട്ടുണ്ട്. SARS-Cov-2  എന്ന കൊവിഡിന് കാരണമായ വൈറസ് എങ്ങനെയാണ് പൂർണാരോഗ്യവാന്മാരിൽ ഡയബറ്റിസിനെ ട്രിഗർ ചെയ്യുന്നത് എന്നത് കൃത്യമായി മനസ്സിലാക്കാൻ ഗവേഷകർക്ക് ഇനിയും സാധിച്ചിട്ടില്ല. 

കൊറോണവൈറസിനെ മനുഷ്യ ശരീരത്തിലെ കോശങ്ങളുമായി ബന്ധിപ്പിക്കുന്ന ACE 2 എന്ന പ്രോട്ടീൻ കൊവിഡ് രോഗികളുടെ ശ്വാസകോശത്തിൽ മാത്രമല്ല കണ്ടെത്തപ്പെട്ടിട്ടുള്ളത്. ഗ്ലൂക്കോസിന്റെ ചയാപചയപ്രക്രിയയിൽ പങ്കെടുക്കുന്ന പാൻക്രിയാസ്, ചെറുകുടൽ, കൊഴുപ്പിന്റെ കോശങ്ങൾ, കരൾ, വൃക്ക എന്നിവിടങ്ങളിലും അവയുടെ സാന്നിധ്യം കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഈ അവയവങ്ങളിലെത്തുന്ന ACE 2 അവയുടെ കോശങ്ങളെ ബാധിച്ച് ഗ്ലൂക്കോസ് മെറ്റബോളിസം തടസപ്പെടുത്തുന്നതാകും ഈ പ്രതിഭാസത്തിന് കാരണം എന്ന് ഗവേഷകർ ഊഹിക്കുന്നു. 

കൊവിഡയബ്  രജിസ്ട്രിയിലൂടെ ശേഖരിക്കപ്പെടുന്ന ക്ലിനിക്കൽ ഡാറ്റ പ്രയോജനപ്പെടുത്തി രോഗികളുടെ ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള ശേഷി, ഇൻസുലിൻ റെസിസ്റ്റിവിറ്റി, ഓട്ടോ ഇമ്യൂൺ ആന്റിബോഡി സ്റ്റാറ്റസ് എന്നിവ മനസ്സിലാക്കി അതിനെ പ്രതിരോധിക്കാൻ വേണ്ട ഔഷധങ്ങൾ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കും എന്നും കിങ്‌സ് കോളേജിലെ ഗവേഷർ പറയുന്നു.