Asianet News MalayalamAsianet News Malayalam

Condom Sales Dropped : ലോക്ക് ഡൗണിൽ കോണ്ടം വില്പന ഇടിഞ്ഞു, കയ്യുറ നിർമ്മാണത്തിലേക്ക് നീങ്ങി ആഗോള ഭീമൻ

ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങിയ സെക്സ് കൂടുതൽ നടക്കുന്ന ഇടങ്ങൾക്ക് പൂട്ടുവീണത് കോണ്ടം വില്പന കുറച്ചു എന്നാണ് പറയപ്പെടുന്നത്.

Covid affects sales, worlds largest condom maker switches to making medical hand gloves says nikkei
Author
Thailand, First Published Jan 10, 2022, 12:08 PM IST

ബാങ്കോക്ക്: ലോകത്തിലെ ഏറ്റവും വലിയ കോണ്ടം(condom) നിർമാണ കമ്പനികളിൽ ഒന്നാണ് മലേഷ്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കെയർ എക്സ് (Karex). ലോകത്തിൽ ആകെ ചെലവാകുന്ന അഞ്ചു കോണ്ടങ്ങളിൽ ഒന്ന് വിറ്റഴിക്കുന്നത് ഈ കമ്പനിയാണ്. 140 ലോകരാഷ്ട്രങ്ങളിലേക്കായി വർഷാവർഷം 1400 കോടി കോണ്ടങ്ങളാണ് വർഷാവർഷം കെയർ എക്സ് കയറ്റുമതി ചെയ്തുപോരുന്നത്. ഡ്യൂറെക്സ്‌ പോലുള്ള ബ്രാൻഡുകൾക്കു വേണ്ടി ഫ്ലേവർ ഉള്ള കോണ്ടങ്ങൾ അടക്കം കെയർ എക്സ് ആണ് നിർമിച്ചുപോരുന്നത്. കൊവിഡ് (Covid 19) ഏല്പിച്ച ആഘാതം  മറ്റു വ്യാപാര മേഖലകളെ എന്ന പോലെ, ഒരു പരിധിവരെ കോണ്ടം വിപണിയെയും ബാധിച്ചിട്ടുണ്ട് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കെയർ എക്സിന്റെ ഉത്പന്നങ്ങളുടെ വില്പന 40 ശതമാനത്തോളം ഇടിഞ്ഞു എന്നാണ് കെയർ എക്സ് ബിഎച്ച്ഡി സിഇഓ ഗോ മിയ കിയാട്ടിനെ ഉദ്ധരിച്ചുകൊണ്ട് നിക്കെ ഏഷ്യ ആണ് ഈ വിവരം റിപ്പോർട്ട്  ചെയ്തിട്ടുള്ളത്. 

ലോക്ക് ഡൗൺ കാരണം ജനങ്ങൾ അവനവന്റെ വീടുകളിൽ കഴിയാൻ നിർബന്ധിതരാവുന്ന സാഹചര്യത്തിൽ ലൈംഗികബന്ധങ്ങളിൽ വർദ്ധനവുണ്ടായേക്കുമെന്നും അത് കോണ്ടം വിപണിക്ക് ഗുണം  ചെയ്യും എന്നുമാണ് ആദ്യഘട്ടങ്ങളിൽ അനുമാനിക്കപ്പെട്ടിരുന്നത്. എന്നാൽ, കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കാണാൻ സാധിച്ച ട്രെൻഡ് നേരെ വിപരീതമാണ്. ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങിയ സെക്സ് കൂടുതൽ നടക്കുന്ന ഇടങ്ങൾക്ക് പൂട്ടുവീണതും, സെക്ഷ്വൽ വെൽനെസ്സ് ക്ലിനിക്കുകൾ പോലുള്ള സ്ഥാപനങ്ങൾക്ക് പ്രവർത്തന വിലക്കുണ്ടായതും എല്ലാം തന്നെ കോണ്ടം വിൽപ്പനയെ വിപരീതമായി ബാധിച്ചിട്ടുണ്ട് എന്നും കമ്പനി പറയുന്നു. ഗവണ്മെന്റുകളുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന കോണ്ടം വിതരണ യജ്ഞങ്ങൾക്കും ലോക്ക് ഡൗൺ കാലത്ത് തടസ്സം നേരിട്ടത് കോണ്ടത്തിന്റെ ചെലവ് കുറയാൻ ഇടയാക്കിയ മറ്റൊരു കാരണമാണ്. 

ഇങ്ങനെ പല വിധ കാരണങ്ങളാൽ കോണ്ടം വില്പനയിൽ കാര്യമായ ഇടിവ് സംഭവിച്ച സാഹചര്യത്തിൽ കോണ്ടം നിർമാണത്തിൽ നിന്ന് ശ്രദ്ധ മെഡിക്കൽ ഹാൻഡ് ഗ്ലൗസ് നിർമ്മാണത്തിലേക്ക് തിരിച്ച് നഷ്ടം നികത്താനുള്ള ശ്രമത്തിലാണ് കെയർ എക്സ് അടക്കമുള്ള സ്ഥാപനങ്ങൾ. 2022 പാതിയോടെ, കയ്യുറ നിർമാണത്തിന് വേണ്ടി പുനഃക്രമീകരിക്കപ്പെട്ട തങ്ങളുടെ തായ്‌ലൻഡിലെ ഫാക്ടറികൾ ഉത്പാദന സജ്ജമാകും എന്നാണ് കെയർ എക്സ് അറിയിച്ചിട്ടുള്ളത്. കോണ്ടം വിൽപ്പനയിലെ നഷ്ടം, കൊവിഡ് കാരണം വർധിച്ച കയ്യുറ വില്പനയിലൂടെ നികത്താനുള്ള പരിശ്രമത്തിലാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ കമ്പനി.

Follow Us:
Download App:
  • android
  • ios