കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാനായി വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള തിരക്കിലായിരുന്നു ഗവേഷകലോകം. ഇപ്പോള്‍ പല വാക്‌സിനുകളും പരീക്ഷണഘട്ടങ്ങളെല്ലാം വിജയിച്ച് ആളുകളിലേക്ക് എത്തിക്കാനുള്ള നീക്കം വരെയായി. എങ്കിലും സാധാരണക്കാര്‍ക്ക് വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് തിട്ടപ്പെടുത്താനാകാത്ത സാഹചര്യം തന്നെയാണ് ഇപ്പോഴും നിലവിലുള്ളത്. 

ഇതിന് പുറമെ ചില വിഭാഗക്കാരില്‍ വാക്‌സിന്‍ പ്രയോജനപ്പെടില്ലെന്ന പ്രതിസന്ധിയും നിലനില്‍ക്കുന്നുണ്ട്. ശരീരത്തിനകത്ത് ചെന്ന് രോഗപ്രതിരോധ വ്യവസ്ഥയെ ഉണര്‍ത്തി രോഗത്തെ ചെറുക്കാനുള്ള ആന്റിബോഡി നിര്‍മ്മിക്കുകയാണ് വാക്‌സിന്‍ ചെയ്യുന്നത്. 

എന്നാല്‍ പ്രായമായവരില്‍ ഒരു വിഭാഗം, എച്ച്‌ഐവി- ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ബാധിച്ചവര്‍ എന്നിവരില്‍ വാക്‌സിന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കണമെന്നില്ല. അതിനാല്‍ അത്തരത്തിലുള്ള ആളുകള്‍ക്കായി നേരിട്ട് ആന്റിബോഡി കുത്തിവയ്ക്കുന്ന തരം ചികിത്സ നടത്താമെന്നാണ് യുകെയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ അവകാശപ്പെടുന്നത്. 

ഇത്തരത്തില്‍ ആന്റിബോഡി ഡ്രഗ് ചികിത്സ പരീക്ഷണാര്‍ത്ഥം ആരംഭിച്ചുവെന്നാണ് 'ദ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ്' ഗവേഷകര്‍ അറിയിക്കുന്നത്. 'ആസ്ട്രാസെനേക്ക' വികസിപ്പിച്ചെടുത്ത AZD7442 എന്ന ആന്റിബോഡിയാണ് നിലവില്‍ പരീക്ഷിക്കുന്നതത്രേ. വാക്‌സിനെ അപേക്ഷിച്ച് വളരെ പെട്ടെന്ന് ശരീരത്തില്‍ പ്രവര്‍ത്തിക്കുകയും ദീര്‍ഘകാലം വരെ സുരക്ഷിതത്വം നല്‍കുകയും ചെയ്യുമെന്നാണ് ഇതിന്റെ പ്രത്യേകത. 

നേരത്തേ സൂചിപ്പിച്ചത് പോലെ പ്രായമായവരില്‍ വലിയൊരു വിഭാഗത്തിനും പ്രതിരോധ വ്യവസ്ഥയുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന തരം അസുഖങ്ങളുള്ളവര്‍ക്കും വലിയ പ്രതീക്ഷയാണ് ആന്റിബോഡി ചികിത്സ നല്‍കുക. ഏതാനും ചില നടപടികള്‍ കൂടി കടന്നുകിട്ടിയാല്‍ ഈ ചികിത്സാരീതി പ്രാബല്യത്തില്‍ വരുത്താമെന്ന് തന്നെയാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍.

Also Read:- ഗുരുതരമായ അലര്‍ജി നേരിട്ട് കൊവിഡ് വാക്‌സിനെടുത്ത ഡോക്ടര്‍...