Asianet News Malayalam

കൊവിഡ് പ്രതിരോധത്തില്‍ വാഴ്ത്തപ്പെടാത്ത 'ഹീറോസ്' ഇവരാണ് ; ഡോക്ടറുടെ കുറിപ്പ്...

കൊവിഡ് 19 പ്രതിരോധത്തില്‍ നാടെങ്ങും ഒറ്റകെട്ടായി നില്‍ക്കുകയാണ്. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം വില മതിക്കാത്തതാണ്. 

covid dr gr santhosh kumar writes about health sector
Author
Thiruvananthapuram, First Published Apr 11, 2020, 9:39 PM IST
  • Facebook
  • Twitter
  • Whatsapp

കൊവിഡ് 19 പ്രതിരോധത്തില്‍ നാടെങ്ങും ഒറ്റകെട്ടായി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം വില മതിക്കാത്തതാണ് എന്ന് നമ്മുക്ക് അറിയാം. എന്നാല്‍ വാഴ്ത്തപ്പെടാത്ത ചില ഹീറോസ് കൂടിയുണ്ട് ഇവിടെയെന്നാണ് ഡോ. ജി. ആർ. സന്തോഷ്‌ കുമാർ ഇന്‍ഫോക്ലിനിക്കിന്‍റെ പേജില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്. 

കുറിപ്പ് വായിക്കാം...

കൊറോണ വൈറസ് ഉയര്‍ത്തുന്ന ഭീഷണിയെ മറികടക്കാന്‍ കഴിയും എന്ന് ഉറച്ചു വിശ്വസിക്കുന്നു. രോഗങ്ങളെ പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയുന്ന വിദഗ്ദരായ ഡോക്ടര്‍മാര്‍ ഉള്ളതോ, മികച്ച ഐ.സി.യു സംവിധാനം ഒരുങ്ങുന്നതോ, കൂടുതല്‍ വെന്റിലേറ്ററുകള്‍ സ്ഥാപിക്കപ്പെടുന്നതോ അല്ല കാരണം. കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ ഫീല്‍ഡ് സ്റ്റാഫിലുള്ള വിശ്വാസമാണ് ഈ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം.

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് (JPHN), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (JHI), പബ്ലിക് ഹെൽത്ത് നേഴ്‌സ് (PHN), ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (HI), പബ്ലിക് ഹെൽത്ത് നേഴ്സിംഗ് സൂപ്പർ വൈസർ (PHNS) , ഹെൽത്ത് സൂപ്പർവൈസർ (HS) എന്നിവരാണ് ഫീല്‍ഡ് സ്റ്റാഫില്‍ പ്രധാനപ്പെട്ടവര്‍. ഇവരെപ്പോലെ തന്നെ പ്രാധാന്യം ആര്‍ഹിക്കുന്നവരാണ് ICDS ന്റെ അംഗന്‍വാടി ടീച്ചര്‍മാരും ആരോഗ്യകേരളത്തിന്റെ ആശാപ്രവര്‍ത്തകരും.

നമ്മുടെ ആരോഗ്യ സംവിധാനത്തിലെ ഏറ്റവും സാമൂഹിക പ്രതിബദ്ധതയുള്ള വിഭാഗം ഇവരാണെന്ന് പറയാം. ഏറ്റവും കുറവ് ശമ്പളം/ഇന്‍സെന്റീവ് വാങ്ങുന്നവരും ഇവരാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരളത്തിലെ പബ്ലിക് ഹെല്‍ത്ത് കാല്‍ചവുട്ടി നില്‍ക്കുന്നത് ഈ മനുഷ്യരുടെ മുകളിലാണ്. ഇവരാണ് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ അടിത്തറ.

വൈറസുമായി സമ്പര്‍ക്കമുള്ളവരെ കണ്ടെത്തല്‍, കോണ്ടാക്റ്റ് ട്രേസിംഗ്, ഐസൊലേഷന്‍, ക്വാറന്‍റ്റൈന്‍ എന്നിവയൊക്കെ ഫലപ്രദമായി നമുക്ക് ചെയ്യാനായത് ഇവരുടെ സാന്നിധ്യം മൂലമാണെന്ന് പൊതുസമൂഹം മനസിലാക്കണം. ഈ ഫീല്‍ഡ് സ്റ്റാഫ് ആരോഗ്യവകുപ്പിനെ (പ്രാഥമികാരോഗ്യ/സാമൂഹികാരോഗ്യ കേന്ദ്രങ്ങളെ) അതാത് സ്ഥലങ്ങളിലെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുമായി നിരന്തരം ബന്ധിപ്പിച്ചു നിറുത്തുന്ന കണ്ണികള്‍ കൂടിയാണ്.

ഫീല്‍ഡ് സ്റ്റാഫും, വാര്‍ഡ്‌ മെമ്പര്‍മാരും /കൌണ്‍സിലറന്മാരും പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി/കോര്‍പ്പോറേഷന്‍ പ്രതിനിധികളും, പ്രാദേശിക മെഡിക്കല്‍ ഓഫീസര്‍ന്മാരും ചേര്‍ന്ന ഈ സഖ്യത്തില്‍ കുടുംബശ്രീ പോലെയുള്ള എജന്‍സികളുടെ അംഗങ്ങളും കൂടി ചേര്‍ന്നുണ്ടാക്കുന്ന ഉരുക്ക് സൈന്യത്തെ അത്രവേഗമൊന്നും കീഴടക്കാന്‍ കൊവിഡ് വൈറസിന് കഴിയില്ല. ഈ സത്യമാണ് നാം ഇന്ന് മുന്നില്‍ കാണുന്നത്. നമ്മുടെ രോഗപ്രതിരോധത്തിന്റെ അടിത്തട്ടിന് നല്ല ഉറപ്പുള്ളത് ഇതു കൊണ്ടാണ്.

മറ്റൊരു കാര്യം കൂടിയുണ്ട്. ഈ സൈന്യത്തിന്റെ മുന്നില്‍ നില്‍ക്കുന്നത് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ്സും, ആശാപ്രവര്‍ത്തകരും, അംഗനവാടി ടീച്ചര്‍മാരുമാണ്. സംശയിക്കേണ്ട, നമ്മുടെ രോഗപ്രതിരോധം ഏറ്റവും താഴെത്തട്ടില്‍ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് സ്ത്രീകള്‍ തന്നെയാണ്.

സമൂഹത്തിലെ ഉന്നതതലം മുതല്‍ താഴേക്ക് നിരവധി പേരുടെ കൂട്ടായ പരിശ്രമം കൊണ്ടാണ് കൊവിഡ് പ്രതിരോധം ഇതുവരെ എത്തിയത്. നാളെ വ്യത്യസ്ഥമായ രീതികള്‍ സ്വീകരിക്കേണ്ടി വന്നേക്കാം. പക്ഷെ ആദ്യം നാം നന്ദി പറയേണ്ടത് ഈ ബേസ് ലൈന്‍ പ്രവര്‍ത്തകര്‍ക്കാണ്. മറ്റുള്ളവരെ നിങ്ങള്‍ എവിടെയെങ്കിലുമൊക്കെ വെച്ച് കണ്ടുമുട്ടിയെന്ന് വരും. പക്ഷെ, ഇവര്‍ അദൃശ്യരാണ്. ഇവരെ കണ്ടെത്താന്‍ നിങ്ങള്‍ ഒരുപാട് താഴേക്ക് ഇറങ്ങി വരേണ്ടിവരും.

എഴുതിയത് : ഡോ. ജി. ആർ. സന്തോഷ്‌ കുമാർ

Follow Us:
Download App:
  • android
  • ios