ഇന്ന് മൂന്ന് ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ഇരുപത് ലക്ഷത്തിനടുത്ത് ആക്ടീവ് കേസുകളാണ് രാജ്യത്ത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമാണിപ്പോള്‍ ( Third Wave ) നടക്കുന്നത്. കൊവിഡ് 19 രോഗം പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ( Omicron Variant ) വ്യാപകമായതിന് പിന്നാലെയാണ് രാജ്യത്തും കൊവിഡ് മൂന്നാം തരംഗം ആരംഭിച്ചത്. 

ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കുന്ന ഡെല്‍റ്റ എന്ന വകഭേദമായിരുന്നു നേരത്തെ കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ചത്. ഇതിനെക്കാള്‍ മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്തുന്ന വകഭേദമാണ് ഒമിക്രോണ്‍. 

എന്തായാലും ഒമിക്രോണ്‍ മൂലമുണ്ടായ മൂന്നാം തരംഗം രണ്ടാം തരംഗത്തെ അപേക്ഷിച്ച് അല്‍പം കൂടി ആശ്വാസകരമായ സാഹചര്യമാണുണ്ടാക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളറിയിക്കുന്നത്. കൊവിഡ് പൊസിറ്റിവിറ്റി നിരക്കും ആശുപത്രികളില്‍ എത്രമാത്രം കിടക്കകള്‍ ഉപയോഗിക്കപ്പെട്ടുവെന്നതിന്റെ കണക്കും വച്ചുകൊണ്ടുള്ള ഗ്രാഫ് പങ്കുവച്ച് ഹെല്‍ത്ത് സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. 


രണ്ടാം തരംഗത്തെ അപേക്ഷിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഈ തരംഗത്തില്‍ കുറവാണെന്നാണ് ഇദ്ദേഹം അറിയിക്കുന്നത്. മരണനിരക്കും രണ്ടാംതരംഗത്തെ താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണെന്നത് ആശ്വാസകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതേസമയം ദില്ലിയും മുംബൈയും പോലെയുള്ള നഗരങ്ങളില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകള്‍ താഴ്ന്നുവരികയാണെങ്കില്‍ പോലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായും രാജേഷ് ഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നു.

ലക്ഷണങ്ങളെ കുറിച്ചാണെങ്കില്‍ മൂന്നാം തരംഗത്തില്‍ ദില്ലിയില്‍ 99 ശതമാനം രോഗികളിലും പനിയും ചുമയും തൊണ്ടയില്‍ അസ്വസ്ഥതയും വേദനയും ആണ് കാണുന്നതെന്നും ഇവ ആദ്യ അഞ്ചുദിവസങ്ങള്‍ കഴിഞ്ഞാല്‍ ഭേദപ്പെടുമെന്നും ശരീരവേദനയും തളര്‍ച്ചയുമാണ് കൊവിഡിന്റെ ഭാഗമായി ഏറെ നാളത്തേക്ക് നീണ്ടുനില്‍ക്കുകയെന്നും രാജേഷ് ഭൂഷണ്‍ പറയുന്നു. 

ഇന്ന് മൂന്ന് ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ഇരുപത് ലക്ഷത്തിനടുത്ത് ആക്ടീവ് കേസുകളാണ് രാജ്യത്ത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഒരു ദിവസത്തിനുള്ളില്‍ മാത്രം 380 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. രണ്ട് ഡോസ് വാക്‌സിനുമെടുത്തവരുടെ എണ്ണം ഈ തരംഗത്തില്‍ കൂടുതലാണെന്നത് കൊണ്ടാണ് ആകെ തീവ്രത കുറവായിരിക്കുന്നതെന്നും രാജേഷ് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

Also Read:- കൊവിഡ് രോഗിയെ പരിചരിക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ പാലിക്കാൻ മറക്കരുത്