ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ലോകത്തെ മുഴുവൻ പിടിച്ചകെട്ടിയ മഹാമാരിക്കെതിരെ വിവിധ വാക്‌സിന്‍ പരീക്ഷണങ്ങളാണ് ശാസ്ത്രലോകത്ത് നടക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും നടക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഒരു പഠനം പറയുന്നത് രോഗമുക്തി നേടിയാലും കൊവിഡ് പ്രതിരോധശേഷി മാസങ്ങള്‍ക്കുള്ളില്‍ നഷ്ടപ്പെട്ടേക്കാമെന്നാണ്. 

രോഗമുക്തനായ വ്യക്തിയുടെ ശരീരത്തിൽ 28 ദിവസം മുതൽ 3 മാസം വരെയുള്ള കാലയളവിൽ ഉൽപാദിപ്പിക്കപ്പെടുന്ന ആന്‍റിബോഡി ശക്തമായ രോഗപ്രതിരോധശേഷി ഉള്ളതായിരിക്കും. എന്നാല്‍ ഈ ആന്‍റിബോഡി മൂന്ന് മാസത്തില്‍ കൂടുതല്‍ ശരീരത്തിലുണ്ടാകില്ല എന്നാണ് പുതിയ പഠനം പറയുന്നത്. ലണ്ടനിലെ 'കിങ്സ് കോളേജി'ലെ ഗവേഷകരാണ് പഠനം നടത്തിയത്. 

കൊവിഡ് സ്ഥിരീകരിച്ച 90ലധികം രോഗികളിലെ ആന്‍റിബോഡികളെയാണ് പഠനത്തിന് വിധേയമാക്കിയത്. അതില്‍ 60 ശതമാനം പേരില്‍ അണുബാധയ്ക്ക് ശേഷമുള്ള ആദ്യ ആഴ്ചകളില്‍ ‘ശക്തമായ’  ആന്‍റിബോഡി കാണപ്പെട്ടു. എന്നാല്‍ 17 ശതമാനം ആളുകളില്‍ മാത്രമാണ് മൂന്ന് മാസങ്ങള്‍ക്ക് ശേഷവും ശക്തമായ ആന്‍റിബോഡി കാണപ്പെട്ടത്.

അതായത്,  മൂന്ന് മാസങ്ങള്‍ക്ക് ശേഷവും വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി രോഗമുക്തരായ എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. ഇത് ഓരോ വ്യക്തികളുടെയും ആരോഗ്യനിലയെ ബന്ധപ്പെട്ടിരിക്കുന്നു എന്നും പഠനം പറയുന്നു. 

Also Read: മനുഷ്യരിൽ നടത്തിയ പരീക്ഷണം വിജയിച്ച് ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിന്‍...