കൊവിഡ് 19 പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുന്നതെന്ന് നമ്മള്‍ കണ്ടു. പലരിലും രോഗം ഭേദമായ ശേഷവും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടരുന്നതായും മെഡിക്കല്‍ വൃത്തങ്ങളും ഗവേഷകരും പുറത്തിറക്കുന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമായി സൂചിപ്പിക്കുന്നുമുണ്ട്. 

ഇത്തരത്തില്‍ കൊവിഡിന് ശേഷം ശ്വാസകോശത്തില്‍ ഗുരുതരമായ രോഗം ബാധിച്ച യുവാവിന്റെ ശ്വാസകോശം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ദില്ലിയിലെ മാക്‌സ് സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍. ഇന്ത്യയില്‍ തന്നെ കൊവിഡ് ബാധിച്ച ഒരു വ്യക്തിയുടെ ശ്വാസകോശം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ ആദ്യമായാണ് നടക്കുന്നത്. 

യുപി സ്വദേശിയായ മുപ്പത്തിയൊന്നുകാരന് മാസങ്ങള്‍ക്ക് മുമ്പാണ് കൊവിഡ് 19 പിടിപെടുന്നത്. രോഗം ഭേദമായ ശേഷവും ആരോഗ്യപ്രശ്‌നങ്ങള്‍ തുടര്‍ന്നതോടെയാണ് വിശദ പരിശോധന നടത്തിയത്. പരിശോധനയില്‍ ഗുരുതരമായ ശ്വാസകോശ രോഗമാണെന്നും അവയവം മാറ്റിവച്ചാല്‍ മാത്രമേ രോഗി രക്ഷപ്പെടാനുള്ള സാധ്യതയുള്ളൂവെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. 

തുടര്‍ന്ന് യുവാവിന് യോജിക്കുന്ന ശ്വാസകോശത്തിന് വേണ്ടിയുള്ള അന്വേഷണമായിരുന്നു. ഇതിനിടെയാണ് ജയ്പൂരില്‍ ഒരു റോഡപകടത്തില്‍ ഗുരുതരമായി തലക്ക് പരിക്കേറ്റ നാല്‍പത്തിയൊമ്പതുകാരന്റെ ശ്വാസകോശം യുവാവിന് അനുയോജ്യമാണെന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ തയ്യാറായി. 

അങ്ങനെ കഴിഞ്ഞ ദിവസം പതിനഞ്ച് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മാക്‌സ് സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ശസ്ത്രക്രിയയും നടന്നു. പത്ത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയകരായി പൂര്‍ത്തിയാക്കിയത് വലിയ ചുവടുവയ്പായാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ കണക്കാക്കുന്നത്. 

കൊവിഡ് ബാധിക്കുന്നതിന് മുമ്പ് തന്നെ യുവാവിന് ശ്വാസകോശ രോഗമുണ്ടായിരുന്നുവെന്നും അതിനാലാണ് കൊവിഡിന് ശേഷം ഗുരുതരമായ അവസ്ഥയിലേക്ക് യുവാവ് എത്തിയതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ച് വരുന്നതായും ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 

Also Read:- വൃദ്ധനായ കൊവിഡ് രോഗിയെ മാറോടണച്ച് ഡോക്ടർ; ഹൃദയസ്പര്‍ശിയായ ചിത്രം വൈറൽ...