Asianet News MalayalamAsianet News Malayalam

'ഇന്ത്യയില്‍ 6-8 ആഴ്ചയ്ക്കുള്ളില്‍ കൊവിഡ് മൂന്നാം തരംഗം'; എയിംസ് മേധാവി

'മഹാരാഷ്ട്രയില്‍ നിലവില്‍ 1.4 ലക്ഷം രോഗികളാണുള്ളത്. മൂന്നാം തരംഗത്തില്‍ അത് എട്ട് ലക്ഷം എന്ന കണക്കിലെല്ലാം എത്തിയേക്കാം. ആദ്യതരംഗത്തില്‍ വൈറസ് അത്ര വേഗം മറ്റുള്ളവരിലേക്ക് എത്തിയിരുന്നില്ല. എന്നാല്‍ രണ്ടാം തരംഗമായപ്പോഴേക്ക് നമ്മള്‍ കണ്ടതാണ്. പെട്ടെന്ന് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത് തന്നെയാണ് രാജ്യത്തിന് ഭീഷണി...'
 

covid third wave will hit india within 6 to eight weeks says aiims chief
Author
Delhi, First Published Jun 19, 2021, 1:10 PM IST

കൊവിഡ് 19 മഹാമാരിയുടെ രണ്ടാം വരവോടെ രാജ്യം കനത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. പലയിടങ്ങളിലും ആരോഗ്യമേഖല തകര്‍ച്ചയുടെ വക്കോളമെത്തി തിരിച്ചുവന്നു എന്ന് തന്നെ പറയാം. രാജ്യതലസ്ഥാനമായ ദില്ലി അടക്കമുള്ള സ്ഥലങ്ങളില്‍ ആശുപത്രിക്കിടക്കകളുടെ ദൗര്‍ലഭ്യവും ഓക്‌സിജന്‍ ക്ഷാമവുമെല്ലാം നിരവധി രോഗികളുടെ ജീവനാണ് കവര്‍ന്നത്. 

ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളും ഒന്നാം തരംഗത്തിന് ശേഷം പൊതുവില്‍ ജനങ്ങള്‍ക്കിടയിലുണ്ടായ അശ്രദ്ധയുമാണ് രണ്ടാം തരംഗത്തെ അത്രമേല്‍ രൂക്ഷമാക്കിത്തീര്‍ത്തത്. ഇതിന്റെ അലയൊലികള്‍ അടങ്ങിവരവേ, മൂന്നാം തരംഗത്തിനുള്ള സാധ്യതകളിലേക്ക് വിരല്‍ചൂണ്ടുകയാണ് വിദഗ്ധര്‍. 

ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന് പല റിപ്പോര്‍ട്ടുകളും നേരത്തെ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഇതുതന്നെ അടിവരയിട്ട് ആവര്‍ത്തിക്കുകയാണ് ദില്ലി എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേരിയ. കൊവിഡ് 19 മഹാമാരിയുടെ ആദ്യഘട്ടം മുതല്‍ തന്നെ രോഗവുമായി ബന്ധപ്പെട്ട വിവരങ്ങളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളുമെല്ലാം കൃത്യമായി പങ്കുവയ്ക്കുന്നയാള്‍ കൂടിയാണ് ഡോ.രണ്‍ദീപ് ഗുലേരിയ. 

രാജ്യത്ത് ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്നാണ് ഡോ. രണ്‍ദീപ് ഗുലേരിയ അഭിപ്രായപ്പെടുന്നത്. ഇതിനുള്ളില്‍ വാക്‌സിനേഷന്‍ എത്ര ഫലവത്തായി നടത്താന്‍ സാധിക്കുമെന്നതാണ് വെല്ലുവിളിയെന്നും അദ്ദേഹം പറയുന്നു. 

 

covid third wave will hit india within 6 to eight weeks says aiims chief

 

'ഇപ്പോള്‍ നിയന്ത്രണങ്ങളെല്ലാം പിന്‍വലിക്കുന്ന സമയമാണല്ലോ. വീണ്ടും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ജനക്കൂട്ടങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ആദ്യതരംഗത്തിന് ശേഷം രണ്ടാം തരംഗമുണ്ടായതെങ്ങനെയെന്ന് നമുക്കറിയാം. എന്നാല്‍ അതില്‍ നിന്ന് നമ്മള്‍ ഒരു പാഠം ഉള്‍ക്കൊണ്ടിട്ടില്ല. ഇനി കൊവിഡ് കേസുകള്‍ വീണ്ടും ദേശീയതലത്തില്‍ ഉയര്‍ന്നുവരും. അതിന് അല്‍പസമയം കൂടിയെടുക്കും. എന്തായാലും മൂന്നാം തരംഗം നമുക്ക് ഒഴിവാക്കാന്‍ സാധിക്കില്ല. ആറ് മുതല്‍ എട്ട് ആഴ്ച വരെയുള്ള സമയമാണ് ഞാനിതിന് കാണുന്നത്. ഒരുപക്ഷേ ഇതില്‍ നിന്ന് കുറച്ചുകൂടി അങ്ങോട്ട് നീങ്ങുമായിരിക്കാം...'- ഡോ. രണ്‍ദീപ് ഗുലേരിയ പറയുന്നു. 

ഇതുവരെ രാജ്യത്തെ ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. 130 കോടി ജനങ്ങളില്‍ 108 കോടിയെയും ഈ വര്‍ഷാവസനത്തോടെ വാക്‌സിനെടുപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. 

'വാക്‌സിനാണ് നിലവില്‍ ഏറ്റവും വലിയ വെല്ലുവിളി. പുതിയൊരു തരംഗം വന്നാല്‍ സാധാരണഗതിയില്‍ അത് പ്രകടമാകാന്‍ മൂന്ന് മാസമെങ്കിലും എടുത്തേക്കാം. പക്ഷേ അതിലും കുറവ് സമയവും ആകാമല്ലോ. പല ഘടകങ്ങളെ അപേക്ഷിച്ചാണ് പുതിയൊരു തരംഗമുണ്ടാകുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സാഹചര്യം അതുപോലെ വൈറസിന് സംഭവിക്കുന്ന ജനിതകവ്യതിയാനങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങള്‍. ഇനിയും വൈറസില്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് നമുക്കറിയാം. ഇത്തരത്തില്‍ മാറ്റങ്ങള്‍ സംഭവിച്ച വൈറസ് തന്നെയാണ് രണ്ടാം തരംഗം രൂക്ഷമാക്കിയത്. അതിനാല്‍ ഇനിയുള്ള സമയങ്ങളില്‍ ആശുപത്രി അടക്കമുള്ളയിടങ്ങളില്‍ ശക്തമായ നിരീക്ഷണം ആവശ്യമാണ്...'- ഡോ. രണ്‍ദീപ് ഗുലേരിയയുടെ വാക്കുകള്‍. 

കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നയിടങ്ങളില്‍ 'മിനി ലോക്ഡൗണ്ട' പ്രഖ്യാപിച്ച് മുന്നോട്ടുപോകണമെന്നും വാക്‌സിനേഷന്‍ വലിയ തോതില്‍ പൂര്‍ത്തിയാകാത്തിടത്തോളം വരും മാസങ്ങളില്‍ നമ്മള്‍ വലിയ അപകടഭീഷണിയാണ് നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ കണ്ടെത്തപ്പെട്ട 'ഡെല്‍റ്റ' വകഭേദമായ കൊറോണ വൈറസ് ഇപ്പോള്‍ യുകെ, യുഎസ് പോലുള്ള രാജ്യങ്ങളില്‍ കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇതെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. 

 

covid third wave will hit india within 6 to eight weeks says aiims chief

 

'മഹാരാഷ്ട്രയില്‍ നിലവില്‍ 1.4 ലക്ഷം രോഗികളാണുള്ളത്. മൂന്നാം തരംഗത്തില്‍ അത് എട്ട് ലക്ഷം എന്ന കണക്കിലെല്ലാം എത്തിയേക്കാം. ആദ്യതരംഗത്തില്‍ വൈറസ് അത്ര വേഗം മറ്റുള്ളവരിലേക്ക് എത്തിയിരുന്നില്ല. എന്നാല്‍ രണ്ടാം തരംഗമായപ്പോഴേക്ക് നമ്മള്‍ കണ്ടതാണ്. പെട്ടെന്ന് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത് തന്നെയാണ് രാജ്യത്തിന് ഭീഷണി. ആരോഗ്യമേഖല തകരാന്‍ അത് വഴിയൊരുക്കും....'- അദ്ദേഹം പറയുന്നു. 

വൈറസിലെ ജനിതകവ്യതിയാനങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രത്യേകസംവിധാനങ്ങള്‍ രാജ്യത്ത് ഒരുങ്ങേണ്ടതുണ്ടെന്നും ജാഗ്രതയോടെ മുന്നോട്ട് നീങ്ങിയാല്‍ മൂന്നാം തരംഗത്തെ ലഘൂകരിക്കാന്‍ ശ്രമിക്കാമെന്നും ഡോ. ഗുലേരിയ ഓര്‍മ്മിപ്പിക്കുന്നു. ഇതിനിടെ വാക്‌സിനേഷനില്‍ ഒരു ഡോസിന് ശേഷം രണ്ടാം ഡോസിലേക്ക് എടുക്കുന്ന ദൂരം ചര്‍ച്ചയായപ്പോള്‍ അക്കാര്യം ആവശ്യമെങ്കില്‍ പുനപരിശോധിക്കാവുന്നതേ ഉള്ളൂ എന്ന അഭിപ്രായവും അദ്ദേഹം പങ്കുവച്ചു.

Also Read:- കൊവിഡ് 19; വിദേശരാജ്യങ്ങളില്‍ തലവേദന സൃഷ്ടിച്ച് ഇന്ത്യന്‍ വകഭേദമായ വൈറസ്...

Follow Us:
Download App:
  • android
  • ios