ഈ കൊവിഡ് കാലഘട്ടത്തിൽ ലോക്ക്ഡൗണിന് ഇളവുകൾ നൽകാനും ജീവിതം പുനരാരംഭിക്കാനുമുള്ള തീരുമാനങ്ങളും രാജ്യങ്ങൾ പുനഃപരിശോധിക്കുമ്പോഴും കൊറോണ വൈറസ് കൂടുതൽ ജീവനുകൾ അപഹരിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 49 ലക്ഷത്തിലേക്ക് അടുക്കുന്നു. 

ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം നിലവില്‍ രോഗികള്‍ 4,894,278 ആയി. ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 320,189 ആയി. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. രാജ്യത്തെ മൊത്തം രോഗികൾ 1,01,261 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 134 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3,163 ആയി ഉയർന്നു.

നിലവിൽ കൊവിഡ‍് 19 പ്രതിരോധിക്കാൻ കൃത്യമായ മരുന്ന് ലോകത്തെവിടേയും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ കൊവിഡിനെതിരെയുള്ള വാക്സിനുകള്‍ വികസിപ്പിക്കുന്ന തിരക്കിലാണ് ശാസ്ത്രലോകം. ഏഴ് - എട്ട്  മികച്ച വാക്സിനുകൾ പരീക്ഷണഘട്ടത്തിൽ ഉണ്ട് എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. 

അതിനിടെ കൊവിഡ് 19നെതിരെ ആദ്യം വികസിപ്പിച്ച വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുകയും ഒന്നാംഘട്ട  പരീക്ഷണം വിജയകരമാണെന്നും വാക്‌സിന്‍ നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി 'മൊഡേണ' ഇപ്പോള്‍ അവകാശപ്പെടുന്നു. ആദ്യഘട്ടത്തില്‍ എട്ട് പേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. ലാബില്‍ നടന്ന പരീക്ഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ഇവരില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള ആന്റിബോഡി ഉത്പാദിപ്പിച്ചുവെന്നാണ്.

കൊവിഡ് രോഗം ഭേദമായവരില്‍ കാണപ്പെട്ട ആന്റിബോഡിക്ക് സമാനമായ ആന്റിബോഡിയാണ് വാക്‌സിന്‍ പരീക്ഷിച്ചവരില്‍ കാണപ്പെട്ടതെന്നും ഇത് സുപ്രധാന മുന്നേറ്റമാണെന്നും മരുന്ന് കമ്പനിയായ മൊഡേണ അവകാശപ്പെടുന്നു. മാര്‍ച്ചില്‍ നടന്ന ആദ്യഘട്ട പരീക്ഷണം വിജയകരമായതിനാല്‍ രണ്ടാം ഘട്ടത്തില്‍ 600 പേരില്‍ വാക്‌സിന്‍ ഉടന്‍ പരീക്ഷിക്കും. ജൂലൈയോടെ മൂന്നാം ഘട്ട പരീക്ഷണം നടക്കുമെന്നും മൊഡേണ പറയുന്നു. 

ഈ മാസം തന്നെ വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണത്തിന് കമ്പനിക്ക് എഫ്ഡിഎ അനുമതി നല്‍കി കഴിഞ്ഞു. മൂന്നാം ഘട്ട പരീക്ഷണത്തിലും വാക്‌സിന്‍ പ്രയോജനപ്പെടുമെന്ന് കണ്ടാല്‍ 2021ല്‍ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനം ഉണ്ടാകും എന്നും മരുന്ന് കമ്പനിയുടെ ചീഫ് മെഡിക്കല്‍ ഓഫീസറായ താല്‍ സാക്സ് പറഞ്ഞു. ലോ, മീഡിയം, ഹൈ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഡോസുകളാണ് പരീക്ഷണത്തിനായി തയ്യാറാക്കിയത്. 

Also Read: 'കൊവിഡിനെതിരെ വാക്‌സിന്‍ വന്നേക്കില്ല'; നിര്‍ണ്ണായക വിവരങ്ങള്‍ പങ്കിട്ട് ലോകാരോഗ്യ സംഘടന പ്രതിനിധി...