Asianet News MalayalamAsianet News Malayalam

Omicron Variant : ഒമിക്രോണിനെതിരെ പോരാടാന്‍ നമ്മുടെ വാക്‌സിനുകള്‍ക്ക് കഴിയുമോ?

ഇന്ത്യയില്‍ നിലവില്‍ കൊവിഷീല്‍ഡ്, കൊവാക്‌സിന്‍, സ്പുട്‌നിക് വി എന്നീ വാക്‌സിനുകളാണ് ലഭ്യമായിട്ടുള്ളത്. കൊവിഷീല്‍ഡും സ്പുട്‌നിക് വിയും വൈറസിന്റെ തന്നെ മറ്റൊരു പതിപ്പ് പോലെ പ്രവര്‍ത്തിച്ചാണ് പ്രതിരോധവ്യവസ്ഥയെ സജ്ജമാക്കുന്നത്. അതേസമയം കൊവാക്‌സിന്റെ പ്രവര്‍ത്തനം ഇതില്‍ നിന്ന് വ്യത്യസ്തമാണ്

covid vaccines available in india may not resist omicron
Author
Trivandrum, First Published Dec 1, 2021, 4:40 PM IST
  • Facebook
  • Twitter
  • Whatsapp

കൊവിഡ് 19 രോഗം പരത്തുന്ന വൈറസുകള്‍ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍. ദക്ഷിണാഫ്രിക്കയിലാണ് ഇത് ആദ്യമായി ഔദ്യോഗികമായി കണ്ടെത്തപ്പെട്ടത് എങ്കിലും പല രാജ്യങ്ങളിലും ഇതിന്റെ സാന്നിധ്യം സമാന്തരമായി തന്നെ ഉണ്ടായിട്ടുണ്ടെന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ പന്ത്രണ്ട് രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. 

ഇന്ത്യയില്‍ ഇതുവരെ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും വിമാനത്താവളങ്ങള്‍ അടക്കമുള്ള കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കിയും ഒമിക്രോണ്‍ വൈറസ് സാന്നിധ്യം കണ്ടെത്തുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ രാജ്യത്ത് പുരോഗമിക്കുകയാണ്. 

ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല എന്നതുകൊണ്ട് ഇനി വരില്ലെന്ന് കരുതരുതെന്നും ഒമിക്രോണ്‍ രാജ്യത്ത് കണ്ടെത്തുന്ന സാഹചര്യം വൈകാതെയുണ്ടാകും, അതിനാല്‍ തന്നെ ഒരുങ്ങിയിരിക്കുകയാണ് വേണ്ടതെന്നുമാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതിവേഗത്തില്‍ രോഗവ്യാപനം നടത്തുന്ന ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുകയും അതുവഴി രണ്ടാം തരംഗത്തിലെന്ന പോലെ ചികിത്സാമേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നതുമാണ് പ്രധാന ആശങ്ക. 

ചിലരില്‍ രോഗതീവ്രത വര്‍ധിപ്പിക്കാനും ഒമിക്രോണിന് സാധ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത് മാത്രമേയുള്ളൂ. നിലവില്‍ വാക്‌സിനുകള്‍ക്ക് ഒമിക്രോണിനെ ചെറുക്കാനാകുമോയെന്ന സംശയമാണ് പൊതുവില്‍ ഉയരുന്നത്. 

covid vaccines available in india may not resist omicron
ഏതാണ്ട് മുപ്പതിലധികം തവണ ജനിതകവ്യതിയാനത്തിന് വിധേയമായ സ്‌പൈക്ക് പ്രോട്ടീനാണ് ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രത്യേകത. അതായത് നമ്മുടെ ശരീരകോശങ്ങളിലേക്ക് വൈറസ് പ്രവേശിക്കുന്നത് തന്നെ വൈറസിന്റെ പുറം ഭാഗത്തുള്ള സ്‌പൈക്ക് പ്രോട്ടീന്‍ ഉപയോഗിച്ചാണ്. ഇതുവച്ച് കോശങ്ങളിലേക്ക് ഒട്ടിച്ചേരുകയാണ് വൈറസ് ചെയ്യുന്നത്. 

ഇത്രയധികം തവണ വ്യതിയാനങ്ങള്‍ക്ക് വിധേയമായ സ്‌പൈക്ക് പ്രോട്ടീനിനെ തിരിച്ചറിയാനും അതിനെ പ്രതിരോധിക്കാനും നമ്മുടെ പ്രതിരോധവ്യവസ്ഥയ്ക്ക് സാധ്യമാകണം. ഇതിന് വാക്‌സിന്‍ സഹായിക്കണം. എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ വാക്‌സിനുകള്‍ക്ക് ഇതിന് പരിമിതിയുണ്ടെന്നാണ് വിദഗ്ധര്‍ തന്നെ സൂചിപ്പിക്കുന്നത്. 

'മുപ്പതിലധികം തവണ വ്യതിയാനത്തിന് വിധേയമായതെന്ന് പറയുമ്പോള്‍ അതിനെ വെട്ടിക്കുക എളുപ്പമല്ലെന്ന് മനസിലാക്കാമല്ലോ. അതുകൊണ്ട് തന്നെ നമ്മുടെ വാക്‌സിനുകള്‍ക്ക് ഇതിന് പരിമിതിയുണ്ട്. വാക്‌സിനുകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് നാമിനി കടക്കേണ്ടതുണ്ട്...'- ദില്ലി എയിംസ് ഡയറക്ടറും ആദ്യഘട്ടം മുതല്‍ തന്നെ കൊവിഡ് 19മായി ബന്ധപ്പെട്ട് വിശകലനങ്ങള്‍ നടത്തുന്നതുമായ ഡോ. രണ്‍ദീപ് ഗുലേരിയ പറയുന്നു. 

സമയമെടുത്ത് മാത്രമേ വാക്‌സിനുകള്‍ എത്രമാത്രം ഫലപ്രദമായി ഒമിക്രോണിനെ ചെറുക്കുമെന്നത് പറയാനാകൂ എന്നാണ് ഐസിഎംആറില്‍ ( ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ) നിന്നുള്ള ഡോ. സമീരന്‍ പാണ്ഡെ പറയുന്നത്. 

'ഇതുവരെ ലഭ്യമായിട്ടുള്ള ശാസ്ത്രീയമായ തെളിവുകള്‍ വച്ച് നമ്മുടെ വാക്‌സിനുകള്‍ക്ക് ഒമിക്രോണിനെ ചെറുക്കുക എളുപ്പമല്ല. ഇനി സമയമെടുത്ത് മാത്രമേ വാക്‌സിനുകളുടെ പ്രവര്‍ത്തനത്തെ വിലയിരുത്തുക സാധ്യമാകൂ...'- ഡോ. സമീരന്‍ പാണ്ഡെ പറയുന്നു. 

covid vaccines available in india may not resist omicron

വാക്‌സിന്‍ നിര്‍മ്മാതാക്കാളായ 'മൊഡേണ' ഇതിനോടകം തന്നെ ഒമിക്രോണിനെ ചെറുക്കാന്‍ കഴിവുള്ള വാക്‌സിന്‍ ഉടന്‍ തയ്യാറാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വരും വര്‍ഷത്തില്‍ ആദ്യപാദത്തില്‍ തന്നെ വാക്‌സിന്‍ ലഭ്യമാകുമെന്നാണ് ഇവര്‍ അറിയിക്കുന്നത്. ഓരോ വാക്‌സിനുകളുടെയും പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്നും ഇതിന് അനുസരിച്ച് ഒമിക്രോണിനെതിരായ പ്രതിരോധവും വ്യത്യസ്തമായിരിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

ഇന്ത്യയില്‍ നിലവില്‍ കൊവിഷീല്‍ഡ്, കൊവാക്‌സിന്‍, സ്പുട്‌നിക് വി എന്നീ വാക്‌സിനുകളാണ് ലഭ്യമായിട്ടുള്ളത്. കൊവിഷീല്‍ഡും സ്പുട്‌നിക് വിയും വൈറസിന്റെ തന്നെ മറ്റൊരു പതിപ്പ് പോലെ പ്രവര്‍ത്തിച്ചാണ് പ്രതിരോധവ്യവസ്ഥയെ സജ്ജമാക്കുന്നത്. അതേസമയം കൊവാക്‌സിന്റെ പ്രവര്‍ത്തനം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. അതുപോലെ ഒമിക്രോണിനെ പ്രതിരോധിക്കുന്നതിനും സവിശേഷമായ പ്രവര്‍ത്തനരീതി വാക്‌സിന് വേണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. 

നിലവില്‍ മാസ്‌ക് ധരിക്കുക, സാമൂഹികാകലം പാലിക്കുക, കൈകള്‍ ശുചിയായി സൂക്ഷിക്കുക, ആള്‍ക്കൂട്ടം- അനാവശ്യമായ യാത്രകള്‍ എന്നിവ ഒഴിവാക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ കൊവിഡിനെ പ്രതിരോധിച്ചുനില്‍ക്കുകയാണ് സുരക്ഷിതമായ രീതിയെന്നും ആരോഗ്യവിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. 

Also Read:- പുതിയ കൊവിഡ് വ്യാപനം; ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

Follow Us:
Download App:
  • android
  • ios