Asianet News MalayalamAsianet News Malayalam

പാല്‍ കഴിക്കുന്നത് മലബന്ധത്തിന് കാരണമാകുമോ?

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പതിവായവരിലാണ് അധികവും പാല്‍ മലബന്ധത്തിന് ഇടയാക്കുന്നത്. അതുപോലെ പൊടിക്കുഞ്ഞുങ്ങള്‍, കുട്ടികള്‍ എന്നിവരിലാണ് ഏറെയും പാല്‍ ദഹനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറ്

cow milk may lead you to constipation
Author
Trivandrum, First Published Jan 16, 2021, 9:49 PM IST

ദഹനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിത്യജീവിതത്തില്‍ നേരിടാത്തവരായി ആരും കാണില്ല. എന്നാല്‍ ചിലരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പതിവായിരിക്കും. ഓരോരുത്തരുടേയും ശരീരപ്രകൃതി പോലെ തന്നെ വ്യത്യസ്തമാണ് ദഹനപ്രവര്‍ത്തനങ്ങളും എങ്കിലും ഒര് തോതില്‍ നിന്ന് താഴേക്ക് ദഹനപ്രവര്‍ത്തനങ്ങള്‍ നീങ്ങുകയാണെങ്കില്‍ അതിന് ശ്രദ്ധ നല്‍കിയേ മതിയാകൂ. 

ഏറ്റവുമധികം പേര്‍ നേരിടുന്നൊരു ദഹനസംബന്ധമായ പ്രശ്‌നമാണ് മലബന്ധം. പ്രധാനമായും ഡയറ്റിനേയും ജീവിതശൈലിയേയും ആശ്രയിച്ചാണ് ഈ പ്രശ്‌നം ഉടലെടുക്കുന്നത് തന്നെ. ചിലര്‍ക്ക് ഇതൊരു പതിവ് പ്രശ്‌നമായും മാറാറുണ്ട്. ചില ഭക്ഷണ-പാനീയങ്ങള്‍ മലബന്ധമുണ്ടാക്കുകയും ചെയ്യാറുണ്ട്. 

അത്തരത്തിലൊന്നാണ് പാല്‍ എന്ന് നിങ്ങളില്‍ പലരും കേട്ടിരിക്കും. ഇത് ശരിയുമാണ്. പാല്‍, നമുക്കറിയാം വളരെ ആരോഗ്യകരമായൊരു പാനീയമാണ്. കാത്സ്യം, വിറ്റാമിന്‍ ബി-12, പ്രോട്ടീന്‍ തുടങ്ങി ശരീരത്തിന് അവശ്യം വേണ്ട പല ഘടകങ്ങളും പാലിലുണ്ട്. എന്നാല്‍ പലരിലും ഇത് ദഹനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. 

നേരത്തേ സൂചിപ്പിച്ചത് പോലെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പതിവായവരിലാണ് അധികവും പാല്‍ മലബന്ധത്തിന് ഇടയാക്കുന്നത്. അതുപോലെ പൊടിക്കുഞ്ഞുങ്ങള്‍, കുട്ടികള്‍ എന്നിവരിലാണ് ഏറെയും പാല്‍ ദഹനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറ്. 

പശുവിന്‍ പാലില്‍ കാണപ്പെടുന്ന 'കാസിന്‍' എന്ന പ്രോട്ടീനാണ് ഇതിനെല്ലാം കാരണമാകുന്നത്. വയറ്റിനകത്തുള്ള ബാക്ടീരീയകളുടെ സന്തുലിതാവസ്ഥ തകര്‍ക്കാനും ചില സമയങ്ങളില്‍ ഈ പ്രോട്ടീനിനാകും. ചിലരില്‍ പാല്‍ കഴിക്കുന്നത് വയറിളക്കത്തിനും ഛര്‍ദിക്കും വരെ കാരണമാകുന്നത് ഇങ്ങനെയാണ്. 

പാലിന് പുറമെ കാപ്പി, മദ്യം തുടങ്ങിയ പാനീയങ്ങളും ചിലരില്‍ പതിവായ മലബന്ധത്തിന് കാരണമാകാറുണ്ട്. ഇത് കണ്ടെത്താന്‍ സാധിക്കുകയാണെങ്കില്‍ ഡയറ്റില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഈ പ്രശ്‌നത്തെ വലിയൊരു പരിധി വരെ മറികടക്കാനാകും.

Also Read:- പ്രമേഹമുള്ളവര്‍ മല്ലിയില കഴിക്കുന്നത് കൊണ്ടുള്ള ഫലം...

Follow Us:
Download App:
  • android
  • ios