കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ മുതിര്‍ന്നവര്‍ എപ്പോഴും ജാഗ്രത പാലിക്കേണ്ടതുണ്ട്. പല സന്ദര്‍ഭങ്ങളിലും തങ്ങള്‍ക്ക് സംഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് സ്വയം ബോധ്യം വരില്ലെന്നതിനാലാണിത്. അത്തരമൊരു ഞെട്ടിക്കുന്ന സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് യുഎസിലെ മിസൗറിയില്‍ നിന്ന് വരുന്നത്. 

ക്രിസ് മോങ്ക് എന്ന നാല്‍പതുകാരി ഫേസ്ബുക്കിലൂടെ പങ്കുവച്ച ചിത്രങ്ങളിലൂടെയും കുറിപ്പിലൂടെയുമാണ് സംഭവം പുറംലോകമറിയുന്നത്. ഭര്‍ത്താവ് ജോസഫിനും തന്റെ ആറ് മക്കള്‍ക്കുമൊപ്പമാണ് ക്രിസ് കഴിയുന്നത്. കഴിഞ്ഞ 28ന് വൈകീട്ട് ആറുവയസുകാരിയായ മകള്‍ സിബി കെയ്വ കണ്ണ് വേദനയെന്ന് പറഞ്ഞ് ക്രിസിനരികിലേക്ക് വന്നു. 

കണ്ണ് കലങ്ങിയിരിക്കുന്നു എന്നല്ലാതെ മറ്റൊന്നും ക്രിസ് കണ്ടില്ല. എന്തെങ്കിലും സാധാരണഗതിയിലുണ്ടാകുന്ന അണുബാധയാകാമെന്നും ഭേദമാകുന്നില്ലെങ്കില്‍ ആശുപത്രിയില്‍ കൊണ്ടുപോകാമെന്നും ക്രിസ് വിചാരിച്ചു. അസാധാരണമായ എന്തെങ്കിലും സംഭവിച്ചതായി സിബിയും അമ്മയോട് പറഞ്ഞില്ല. 

രാത്രി ഏറെ വൈകിയപ്പോഴക്കും വേദന കൂടാന്‍ തുടങ്ങിയിരുന്നു. എങ്കിലും സിബി ഉറക്കമായി. രാവിലെ ഉണര്‍ന്നപ്പോഴേക്ക് കണ്ണില്‍ നിന്ന് തുടര്‍ച്ചയായി വെള്ളം വരികയും കണ്ണില്‍ പഴുപ്പ് കയറുകയും ചെയ്തിരുന്നു. അസഹ്യമായ വേദന കൊണ്ടാണെങ്കില്‍ കുട്ടി കരഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ക്രിസും ജോസഫും അവളേയും കൊണ്ട് ആശുപത്രിയിലേക്ക് തിരിച്ചു. 

ആശുപത്രിയില്‍ അധികം തിരക്കൊന്നുമുണ്ടായിരുന്നില്ല. എങ്കിലും പേര് രജിസ്റ്റര്‍ ചെയ്ത ശേഷം വിളിക്കാമെന്നറിയിച്ച് നഴ്‌സ് അകത്തേക്ക് പോയി. ക്രിസും സിബിയും ജോസഫും കാത്തിരിപ്പുമുറിയില്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് സിബി കണ്ണ് ശക്തമായി തിരുമ്മാന്‍ തുടങ്ങി. അങ്ങനെ ചെയ്യരുതെന്ന് അവളെ വിലക്കിയ ശേഷം വീണ്ടും അവളുടെ കണ്ണിലേക്ക് നോക്കിയപ്പോള്‍ ഒരു കോണിലായി എന്തോ കറുത്ത നിറത്തില്‍ കിടക്കുന്നത് ക്രിസ് കണ്ടു. 

അപ്പോഴേക്ക് ഒരു ടിഷ്യൂ പേപ്പറുമെടുത്ത് നഴ്‌സും ഓടിയെത്തി. ആ ടിഷ്യൂ ഉപയോഗിച്ച് പതുക്കെ കണ്‍കോണില്‍ കണ്ട കറുത്ത സാധനത്തെ ക്രിസ് തന്നെ പുറത്തെടുത്തു. ആ നിമിഷം ഞെട്ടല്‍ കൊണ്ട് ശരീരം മരവിച്ചുപോയെന്നാണ് ക്രിസ് പറയുന്നത്. സാമാന്യം വലിപ്പമുള്ള ഒരു വണ്ടായിരുന്നു അത്. താന്‍ മാത്രമല്ല, കൂടെയുണ്ടായിരുന്ന ഭര്‍ത്താവും നഴ്‌സും പിന്നീട് ഡോക്ടറുമെല്ലാം ഇത് കണ്ട് ഭയന്നുവെന്നാണ് ക്രിസ് ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. 

Also Read:- ചൊറിച്ചിലും അസ്വസ്ഥതയും; കണ്ണ് തിരുമ്മിയപ്പോള്‍ കിട്ടിയത്...

എങ്ങനെയാണ് വണ്ട് കണ്ണിനകത്ത് കയറിക്കൂടിയതെന്ന് വ്യക്തമല്ല. ഏതാണ്ട് ഒമ്പത് മണിക്കൂറുകള്‍ അത് സിബിയുടെ കണ്ണിനകത്ത് കഴിഞ്ഞു. ഇതിനിടെ ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധം താങ്ങാനാകാതെ വണ്ട് ചാവുകയും ചെയ്തു. ചത്ത ശേഷമാണ് ഇത് കണ്ണിലൂടെ തന്നെ തനിയെ പുറത്തേക്ക് വന്നത്. ഏതായാലും കണ്ണിനോ അകത്തെ ഭാഗങ്ങള്‍ക്കോ കാര്യമായ പ്രശ്‌നങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഡോക്ടര്‍ പരിശോധിച്ച ശേഷം അറിയിച്ചു. കുട്ടികളുടെ കാര്യത്തില്‍ ഇത്തരം അശ്രദ്ധകള്‍ ഇനിയുമാര്‍ക്കും സംഭവിക്കാതിരിക്കാനാണ് താനിത് പങ്കുവയ്ക്കുന്നതെന്ന മുഖവുരയോടെയാണ് ക്രിസ് ഇക്കാര്യങ്ങളെല്ലാം എഴുതിയത്. നിരവധി പേരാണ് ഈ കുറിപ്പും ചിത്രങ്ങളും പിന്നീട് ഷെയര്‍ ചെയ്തത്.