കൊവിഡ് ലക്ഷണങ്ങളായി വരുന്ന പല ആരോഗ്യപ്രശ്‌നങ്ങളും പിന്നീട് നെഗറ്റീവ് ആയ ശേഷവും ഏറെ കാലത്തേക്ക് നീണ്ടുനിന്നേക്കാം. 'ലോംഗ് കൊവിഡ്' എന്നാണിതിനെ വിളിക്കുന്നത്. എന്നാലിക്കൂട്ടത്തില്‍ ചില പ്രശ്‌നങ്ങള്‍ വളരെ ഗൗരവമായിത്തന്നെ നാം എടുക്കേണ്ടതുണ്ട്
കൊവിഡ് 19മായുള്ള നമ്മുടെ ( Covid 19 Disease ) പോരാട്ടം ആരംഭിച്ചിട്ട് രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇതിനിടെ ജനിതകവ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ് വകഭേദങ്ങള്‍ വലിയ തോതിലുള്ള വെല്ലുവിളികളാണ് ഉയര്‍ത്തിയത്. ആശ്വാസമായി വാക്‌സിനെത്തിയെങ്കിലും ( Covid Vaccine ) പല തരത്തിലുള്ള സവിശേഷതകളുമായി വൈറസ് വകഭേദങ്ങള്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചു.
രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുന്നു എന്നതായിരുന്നു ഓരോ പുതിയ വൈറസ് വകഭേദവും ഉയര്‍ത്തിയ പ്രധാന വെല്ലുവിളി. ഇന്ത്യയില്‍ ഡെല്‍റ്റ എന്ന വകഭേദമാണ് ഏറ്റവും ശക്തമായ കൊവിഡ് തരംഗം സൃഷ്ടിച്ചത്.
ഡെല്‍റ്റയെക്കാള്‍ മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ ശേഷിയുള്ള ഒമിക്രോണ്‍ എന്ന വകഭേദം പിന്നീട് വന്നു. ഒമിക്രോണ്‍ മൂന്നാം തരംഗത്തിനും കാരണമായി. എന്നാല്‍ ഡെല്‍റ്റയോളം തന്നെ തീവ്രമായിരുന്നില്ല ഒമിക്രോണ്‍ എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോഴിതാ ഒമിക്രോണിനും അതിന്റെ ഉപവകഭേദങ്ങള്‍ക്കും ശേഷം മറ്റ് പല വകഭേദങ്ങളും വന്നിരിക്കുന്നു. രോഗവ്യാപനശേഷി കൂടുതലാണെന്നത് തന്നെയാണ ഇവയുടെയെല്ലാം സവിശേഷത.
കൊവിഡ് ലക്ഷണങ്ങളായി വരുന്ന പല ആരോഗ്യപ്രശ്‌നങ്ങളും പിന്നീട് നെഗറ്റീവ് ആയ ശേഷവും ഏറെ കാലത്തേക്ക് നീണ്ടുനിന്നേക്കാം. 'ലോംഗ് കൊവിഡ്' എന്നാണിതിനെ വിളിക്കുന്നത്. എന്നാലിക്കൂട്ടത്തില്‍ ചില പ്രശ്‌നങ്ങള്‍ വളരെ ഗൗരവമായിത്തന്നെ നാം എടുക്കേണ്ടതുണ്ട്.
അത്തരത്തിലൊന്നാണ് രക്തം കട്ട പിടിക്കുന്ന ( ഡീപ് വെയിന്‍ ത്രോംബോസിസ് ) സാഹചര്യം. കൊവിഡ് ആദ്യതരംഗത്തില്‍ ഇത്തരം കേസുകള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ സ്വീഡനില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനപ്രകാരം കൊവിഡ് വന്ന് ഭേദമായി മൂന്ന് മുതല്‍ ആറ് മാസം വരെയുള്ള സമയങ്ങള്‍ക്ക് അകത്ത് രക്തം കട്ട പിടിക്കുന്ന സാഹചര്യമുണ്ടായേക്കാമെന്നാണ് വിവരം.
സ്വീഡനിലും കൊവിഡിന്റെ ആദ്യഘട്ടത്തിലായിരുന്നു ഇത്തരം കേസുകള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ജീവിതശൈലീരോഗങ്ങള്‍ അടക്കമുള്ള രോഗങ്ങള്‍ ഉള്ളവരിലും പ്രായമായവരിലുമാണ് കൂടുതലായും കൊവിഡിന്റെ ഭാഗമായി 'ഡീപ് വെയിന്‍ ത്രോംബോസിസ്' കാണപ്പെടുന്നതെന്നും ഇക്കാര്യത്തില്‍ ലിംഗവ്യത്യാസം സ്വാധീനപ്പെടുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു. എങ്കില്‍പോലും പുരുഷന്മാരില്‍ താരതമ്യേന സാധ്യത കൂടുതലായി കാണപ്പെടുന്നുണ്ടത്രേ.
ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷത്തിലധികം കൊവിഡ് രോഗികളുടെ കേസ് വിശദാംശങ്ങള്‍ പഠിച്ച ശേഷമാണ് ഈ നിഗമനത്തിലേക്ക് ഗവേഷകര്‍ എത്തിയിരിക്കുന്നത്. ഹൃദയാഘാതം അടക്കം ഗൗരവമുള്ള പല അവസ്ഥകളിലേക്കും രക്തം കട്ട പിടിക്കുന്ന അവസ്ഥ നമ്മെ എത്തിച്ചേക്കാം. അതുകൊണ്ട് തന്നെ ലോംഗ് കൊവിഡ് സമയത്ത് നാം ഏറെ ശ്രദ്ധിക്കേണ്ടുന്നൊരു പ്രശ്‌നമാണിത്.
Also Read:- പുതിയ കൊവിഡ് വൈറസ് വകഭേദം XE; അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍...
കൊവിഡിന്റെ ഒമിക്രോണ്‍ എക്‌സ് ഇ വകദേഭം ഗുജറാത്തില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്; അതിവ്യാപനശേഷിയുള്ള കൊവിഡ് വകഭേദം എക്‌സ് ഇ ഗുജറാത്തില്‍ ഒരാള്‍ക്ക് ബാധിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്തില്‍ മാര്‍ച്ച് 13നാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചക്കകം ഇയാള്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു...Read More...
