Asianet News MalayalamAsianet News Malayalam

നിര്‍ജലീകരണം ഉണ്ടാക്കുന്ന 6 പ്രശ്നങ്ങൾ

നിങ്ങളില്‍ നിര്‍ജലീകരണം പിടിപെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ എളുപ്പവഴിയുണ്ട്. ചര്‍മ്മം നോക്കിയാല്‍ മതി! വരണ്ടതും പൊട്ടുന്നതും മങ്ങിയതുമാണ് ചര്‍മ്മം എങ്കില്‍ നിങ്ങള്‍ക്ക് നിര്‍ജലീകരണം പിടിപെട്ടിട്ടുണ്ടെന്ന് മനസിലാക്കാം. 

Dehydration Causes Symptoms and Diagnosis
Author
Trivandrum, First Published Aug 26, 2019, 9:43 AM IST

വെള്ളം ശരീരത്തിന് എത്രത്തോളം ആവശ്യമാണെന്ന കാര്യം നമുക്കറിയാം. ശരീരത്തിൽ വെള്ളം കുറയുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. ദിവസവും കുറഞ്ഞത് എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് ഡോക്ടർ പറയുന്നത്.വെള്ളം നന്നായി കുടിച്ചാൽ രോ​ഗങ്ങളെ അകറ്റി നിർത്താം. നിര്‍ജലീകരണം (dehydration) മൂലം ശരീരത്തിന് ആരോഗ്യം തന്നെ നഷ്ടപ്പെട്ടേക്കാം.

ശരീരത്തിലേക്കെത്തുന്നതിലും കൂടിയ അളവില്‍ ജലം ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന അവസ്ഥയാണ് നിര്‍ജലീകരണം. ജലാംശവും മറ്റ് ദ്രാവകങ്ങളും വേണ്ടവിധത്തില്‍ ശരീരത്തിന് ലഭിച്ചില്ലെങ്കില്‍ സാധാരണഗതിയിലുള്ള പ്രവര്‍ത്തനം തകരാറിലാകുമെന്നും അതിനാല്‍ ദിവസവും കഴിയുന്നത്ര വെള്ളം കുടിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും മയോ ക്ലിനിക്കി(mayo clinic)ന്റെ കണ്ടെത്തലില്‍ പറയുന്നു..ശരീരത്തിൽ വെള്ളം കുറഞ്ഞാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ...

ഒന്ന്...

നിങ്ങളില്‍ നിര്‍ജലീകരണം പിടിപെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ എളുപ്പവഴിയുണ്ട്. ചര്‍മ്മം നോക്കിയാല്‍ മതി! വരണ്ടതും പൊട്ടുന്നതും മങ്ങിയതുമാണ് ചര്‍മ്മം എങ്കില്‍ നിങ്ങള്‍ക്ക് നിര്‍ജലീകരണം പിടിപെട്ടിട്ടുണ്ടെന്ന് മനസിലാക്കാം. വരണ്ട ചര്‍മ്മവും നിര്‍ജലീകരണം പിടിപെട്ടവരുടെ ചര്‍മ്മവും രണ്ട് രീതിയിലാണ് കൈകാര്യം ചെയ്യേണ്ടത്. വരണ്ട ചര്‍മ്മം രോഗാവസ്ഥയെയല്ല സൂചിപ്പിക്കുന്നത്. എന്നാല്‍ നിര്‍ജലീകരണം പിടിപെട്ടിട്ടുണ്ടെങ്കില്‍ സൂക്ഷിക്കണം. ശരീര അവയവങ്ങളെയും ഭാവിയില്‍ ഇത് ബാധിച്ചേക്കാം.

രണ്ട്....

മനുഷ്യവിസര്‍ജ്യത്തില്‍ ജലാംശത്തിന്റെ അളവ് കൂടുതലാണ്. വിസര്‍ജ്യം വന്‍കുടലില്‍ ബാക്കിയാകുമ്പോൾ ജലാംശം തിരികെ വന്‍കുടലിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. നിര്‍ജലീകരണം സംഭവിക്കുമ്പോൾ ആഗിരണം കൂടിയ അളവില്‍ സംഭവിക്കുന്നു. മലബന്ധമുണ്ടാകാന്‍ ഇത് കാരണമാകുന്നു. ഈ അവസ്ഥ തിരിച്ചറിയാത്ത പക്ഷം, ബാക്ടീരിയയുടെ സാന്നിധ്യം വന്‍കുടലില്‍ വന്‍തോതില്‍ കാണപ്പെടാം. അണുക്കളാണ് പിന്നീട് ശരീരത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്.

മൂന്ന്...

കടുത്ത വ്യായാമവും വിയര്‍പ്പും വെള്ളം വേണ്ടത്ര കുടിക്കാത്ത സാഹചര്യവും-അപകടകരമായ സാഹചര്യമാണ്. ഓരോ അവയവത്തിനും ആവശ്യത്തിന് ജലാംശം ലഭിക്കാതെ വരുമ്ബോള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ജലം ആഗിരണം ചെയ്യപ്പെടും. ഇത് രക്തത്തെ കട്ടിയുള്ളതാക്കും. ശരീരത്തിന്റെ പ്രവര്‍ത്തനവും തകരാറിലാക്കും. പേശിവേദനയും അനുഭവപ്പെടും. 

നാല്...

എത്രയാണോ വെള്ളം കുടിക്കുന്നതിന്റെ അളവ്; അത്രത്തോളം മാത്രമായിരിക്കും മൂത്രത്തിന്റെ അളവും. എത്ര കുറച്ചാണോ മൂത്രമൊഴിക്കുന്നത്; അത്രയും വേഗത്തില്‍ വൃക്കയില്‍ കല്ല് രൂപപ്പെട്ടേക്കും. മൂത്രത്തില്‍ ലവണങ്ങള്‍ അടിഞ്ഞുകൂടി ഉണ്ടാകുന്ന അവസ്ഥയാണ് കല്ല്. കഫീന്‍, സോഡിയം മുതലായവ കൂടുതലായി കഴിക്കുന്നതും കല്ല് രൂപപ്പെടാന്‍ കാരണമാകും.കഠിനമായ വേദനയുണ്ടാകുന്ന സാഹചര്യമാണിത്. ഭക്ഷണക്രമം മാറ്റുക എന്നതാണ് ഏകവഴി. ദിവസവും 8 ഗ്ലാസ് വെള്ളമെന്ന കണക്ക് വൃക്കയിലെ കല്ലിനെ അകറ്റാന്‍ സഹായിക്കുമെന്നാണ് പ്രശസ്ത യൂറോളജിക്കല്‍ സര്‍ജന്‍ ഡോ. ഡേവിഡ് ലഡ്ലോ(David Ludlow) പറയുന്നത്. 

അഞ്ച്...

എവരിഡേ ഹെല്‍ത്ത്(everyday health)മാസികയോട് ഡോ. ജോണ്‍ ഹിഗ്ഗിന്‍സ്(Dr.John Higgins) പറഞ്ഞതിങ്ങനെ-നിര്‍ജലീകരണം സംഭവിക്കുമ്പോൾ വായയില്‍ വേണ്ടവിധം ഉമിനീര് ഉത്പാദിപ്പിക്കപ്പെടുന്നില്ല. ആന്റി-ബാക്ടീരിയില്‍ ശേഷിയുള്ള ഉമിനീരിന്റെ ഉത്പാദനത്തില്‍ കുറവ് വരുന്നത്, ബാക്ടീരിയ വര്‍ധിക്കാന്‍ കാരണമാകും. അങ്ങനെ വായനാറ്റവും ഉണ്ടാകും.

ആറ്...

അമിതഭക്ഷണവും നിര്‍ജലീകരണവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും ഡോ.ഹിഗ്ഗിന്‍സിന് പറയാനുണ്ട്-നിര്‍ജലീകരണം കരളിനെയും ബാധിക്കും. ആ സാഹചര്യത്തില്‍ ഗ്ലൈക്കോജന്‍ ഉള്‍പ്പെടെയുള്ളവ ഉത്പാദിപ്പിക്കാന്‍ ആവശ്യത്തിന് ജലാംശം കരളിനും കിട്ടാതെ വരും. ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാനാകാതെയും കൂടുതല്‍ വിശപ്പും അനുഭവപ്പെടും. കഫീനും സോഡിയവും കൂടുതലായി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളാകും ഈ സമയത്ത് അധികമായി കഴിക്കുക. ഇത് നിര്‍ജലീകരണത്തിന്റെ ആക്കം കൂട്ടും.
 

Follow Us:
Download App:
  • android
  • ios