ലോകരാജ്യങ്ങളെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിക്കൊണ്ട് കൊറോണ വൈറസ് എന്ന രോഗകാരി വ്യാപനം തുടരുന്നതിനിടെ ആശങ്കപ്പെടുത്തുന്ന വാര്‍ത്തയുമായി ദില്ലി എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ആശുപത്രി ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ രംഗത്ത്. രാജ്യത്ത് കൊവിഡ് 19 അതിന്റെ ഔന്നത്യത്തിലേക്ക് കടക്കുന്നതേയുള്ളൂ എന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്. 

'ഇതുവരെയുള്ള വിവരങ്ങള്‍, കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ തോത് എന്നിവ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ രോഗവ്യാപനം അതിന്റെ മൂര്‍ധന്യത്തിലേക്ക് പോകുന്നതേയുള്ളൂ എന്നാണ് മനസിലാക്കാനാവുന്നത്. ജൂണ്‍- ജൂലൈ മാസങ്ങളിലായിരിക്കും ഇത് വര്‍ധിക്കുകയെന്നാണ് കണക്കുകൂട്ടുന്നത്. എന്നാല്‍ ഇക്കാര്യം പൂര്‍ണ്ണമായി ഉറപ്പിക്കാനും ആവില്ല. ഇനി വരുന്ന ദിവസങ്ങളിലെ തോത്, അതുപോലെ ലോക്ഡൗണിന്റെ സ്വാധീനം എന്നിവ കൂടി ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടിവരും...'- ഡോ. രണ്‍ദീപ് ഗുലേരിയ പറയുന്നു. 

വാക്‌സിന്‍ എന്ന പരിഹാരം വിദൂരത്തായിരിക്കുന്ന സാഹചര്യത്തിലാണ് കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 24നാണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. മാര്‍ച്ച് 25ന് ഇന്ത്യയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 600 ആയിരുന്നു. 13 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 

Also Read:- കൊവിഡ് വ്യാപനം അതിതീവ്രഘട്ടത്തിലേക്ക്: ആരോഗ്യ മന്ത്രാലയ സംഘം മഹാരാഷ്ട്രയിലേക്ക്...

ഇപ്പോള്‍ ലോക്ഡൗണ്‍ 43 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 53,000 പേര്‍ക്കാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ 1,800ലുമെത്തി നില്‍ക്കുന്നു. 17,000 കൊവിഡ് കേസുകളുമായി മഹാരാഷ്ട്രയാണ് രാജ്യത്തിന് ഏറ്റവും വലിയ ഭീഷണിയുയര്‍ത്തുന്നത്. ഇതിന് പിന്നാലെ 6,500 കേസുകളുമായി ഗുജറാത്തും 5,500 കേസുകളുമായി ദില്ലിയുമുണ്ട്. കേരളമാണ് രോഗം ഭേദമായവരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. മരണസംഖ്യയുടെ കാര്യത്തിലും ആശ്വാസം നല്‍കുന്ന സംസ്ഥാനം കേരളം തന്നെ.