Asianet News Malayalam

കൊവിഡ് 19; അമേരിക്കയില്‍ വീണ്ടും പരിഭ്രാന്തി പരത്തി ഇന്ത്യന്‍ വകഭേദമായ വൈറസ്

വേനലോടെ തൊഴില്‍ മേഖലകളെല്ലാം  സജീവമാകാനുള്ള ഒരുക്കത്തിലായിരുന്നു. ആളുകള്‍ വ്യാപകമായി യാത്ര ചെയ്യാന്‍ തുടങ്ങുകയും ചെയ്തിരുന്നു. ഇതിനിടെയാണ് 'ഡെല്‍റ്റ' വകഭേദം ഭീഷണിയായി മാറിയിരിക്കുന്നത്. വാക്‌സിനേഷന്‍ പ്രക്രിയയും പടിപടിയായി നടന്നുവരുന്നതേയുള്ളൂ

delta variant covid cases are increasing in us
Author
USA, First Published Jul 5, 2021, 1:37 PM IST
  • Facebook
  • Twitter
  • Whatsapp

കൊവിഡ് 19 വ്യാപകമായതോടെ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ അല്‍പാല്‍പമായി പിന്‍വലിച്ച് സാധാരണജീവിതത്തിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു യുഎസ്. എന്നാല്‍ ഇന്ത്യയില്‍ രണ്ടാം തരംഗത്തിന് കാരണമായ 'ഡെല്‍റ്റ' വൈറസ് വകഭേദം നിലവില്‍ യുഎസില്‍ കാര്യമായ പരിഭ്രാന്തിയാണ് സൃഷ്ടിക്കുന്നത്. 

വേനലോടെ തൊഴില്‍ മേഖലകളെല്ലാം  സജീവമാകാനുള്ള ഒരുക്കത്തിലായിരുന്നു. ആളുകള്‍ വ്യാപകമായി യാത്ര ചെയ്യാന്‍ തുടങ്ങുകയും ചെയ്തിരുന്നു. ഇതിനിടെയാണ് 'ഡെല്‍റ്റ' വകഭേദം ഭീഷണിയായി മാറിയിരിക്കുന്നത്. വാക്‌സിനേഷന്‍ പ്രക്രിയയും പടിപടിയായി നടന്നുവരുന്നതേയുള്ളൂ. 

'ഡെല്‍റ്റ വകഭേദം വലിയ ആശങ്കയാണ് ഇവിടെ സൃഷ്ടിക്കുന്നത്. വാക്‌സിന്‍ എടുക്കുന്നതിന് പ്രാമുഖ്യം കൊടുക്കേണ്ടി വരുന്ന സാഹചര്യമാണ് ഇതോടെ വന്നുചേര്‍ന്നിരിക്കുന്നത്. എങ്ങോട്ട് തിരിയണമെങ്കിലും വാക്‌സിന്‍ എടുത്തതല്ലേ എന്ന സംശയമാണ്. ഞങ്ങള്‍ സുരക്ഷിതരല്ലേ, ഞങ്ങളുടെ മക്കള്‍ സുരക്ഷിതരല്ലേ, ഞങ്ങള്‍ പുറത്തുപോകുന്നതില്‍ പ്രശ്‌നമുണ്ടോ...  തുടങ്ങിയ ചിന്തകളാണ് അധികപേര്‍ക്കും ഉള്ളത്...'- യുഎസില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൊഫസര്‍ മേഗന്‍ റാണി പറയുന്നു. 

 


മേഗന്‍ ചൂണ്ടിക്കാട്ടിയത് വസ്തുത തന്നെയാണെന്ന് വ്യക്തമാക്കുന്ന സര്‍വേ ഫലവും ഇതിനോടകം തന്നെ യുഎസില്‍ വന്നിട്ടുണ്ട്. ഏതാണ്ട് 84 ശതമാനം അമേരിക്കന്‍ ജനതയും 'ഡെല്‍റ്റ' വകഭേദത്തെ കുറിച്ച് കേട്ടിട്ടുണ്ടെന്നാണ് 'Axios- lpsso' സര്‍വേ ഫലം അവകാശപ്പെടുന്നത്. ഇതില്‍ 72 ശതമാനം പേരും 'ഡെല്‍റ്റ' വകഭേദത്തെ ചൊല്ലി ആശങ്കപ്പെടുന്നതായും സര്‍വേ സൂചിപ്പിക്കുന്നു. 

നിലവില്‍ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ 40 ശതമാനവും 'ഡെല്‍റ്റ' വകഭേദം മൂലമുള്ളതാണ്. ഇനി വരും ദിവസങ്ങളിലും ഇത് മുന്നോട്ടായിരിക്കുമെന്നാണ് വിദഗ്ധര്‍ അറിയിക്കുന്നത്. ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.

ഇതുവരെ ആകെ ജനസംഖ്യയില്‍ പകുതി പേര്‍ക്കാണ് വാക്‌സിന്‍ എത്തിച്ചിരിക്കുന്നത്. പല പ്രദേശങ്ങളിലും വാക്‌സിന്‍ എടുക്കാത്തവര്‍ കൂട്ടമായി താമസിക്കുന്നുണ്ട്. ഇത്തരം ഇടങ്ങളാണ് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്. ഇവിടങ്ങളില്‍ 'ഡെല്‍റ്റ' വകഭേദം വ്യാപകമായാല്‍ അത് വീണ്ടും ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുമോ എന്നതാണ് മിക്കവരുടെയും ആശങ്ക. 

 

 

ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി അതിവേഗം രോഗവ്യാപനം നടത്താന്‍ കഴിവുള്ളതും, ഒരുപക്ഷേ വാക്‌സിനുകളെ പോലും തോല്‍പിച്ച് ശരീരത്തിനകത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നതുമായ വകഭേദമാണ് 'ഡെല്‍റ്റ'. ഇന്ത്യയിലാണ് ഇതാദ്യമായി സ്ഥിരീകരിക്കപ്പെട്ടത്. പിന്നീട് യുഎസ്, യുകെ തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങളിലും കണ്ടെത്തപ്പെട്ടു. നേരത്തേ യുകെയില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും 'ഡെല്‍റ്റ'യുടെ വരവോട് കൂടി ഇതില്‍ ചില മാനദണ്ഡങ്ങള്‍ വീണ്ടും കര്‍ശനമാക്കേണ്ടതായ സാഹചര്യമുണ്ടായിരുന്നു. 

Also Read:- വാക്‌സിന്‍ എടുത്തതിന് ശേഷവും കൊവിഡ് 19; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Follow Us:
Download App:
  • android
  • ios