സംസ്ഥാനത്ത് കൊവിഡ് ഭീതിക്കിടയില്‍ ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. തൊടുപുഴ മേഖലയിൽ 10 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പത്ത് പേരും തൊടുപുഴയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ലോക്ക് ഡൗൺ നിലവിൽ വന്നതിന് ശേഷം മേഖലയിൽ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായിരുന്നില്ല.

പകര്‍ച്ചപ്പനികളില്‍ വളരെ മാരകമായേക്കാവുന്നതാണ് ഡെങ്കിപ്പനി. അൽപം ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ പ്രതിരോധിക്കാവുന്നതും ആരംഭത്തില്‍തന്നെ ചികിത്സ നേടിയാല്‍ മരണം ഒഴിവാക്കാവുന്നതുമായ രോ​ഗമാണ് ഡെങ്കിപ്പനി.  ആര്‍ബോ വൈറസ് വിഭാഗത്തില്‍പ്പെടുന്ന രോഗാണുക്കളാണ് രോഗം ഉണ്ടാക്കുന്നത്. അവ മനുഷ്യന്‍റെ ശരീരത്തില്‍ പ്രവേശിക്കുന്നതാവട്ടെ ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പ്പെടുന്ന, രോഗാണുവാഹകരായ കൊതുകുകള്‍ കടിക്കുമ്പോഴാണ്.  

ഈ കൊതുകുകള്‍ പകല്‍ സമയങ്ങളിലാണ് മനുഷ്യനെ കടിക്കുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ 2-7 ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതില്‍ ഡെങ്കി 1, ഡെങ്കി 3 അണുക്കള്‍ ഡെങ്കി 2, ഡെങ്കി 4 അണുക്കളെ അപേക്ഷിച്ച് അപകടം കുറഞ്ഞവയാണ്. 

പ്രധാനപ്പെട്ട ലക്ഷണങ്ങൾ...

1.ഡെങ്കിയുടെ തുടക്കത്തില്‍ തലവേദനയോടുകൂടിയ ജ്വരം, ശരീരവേദന, മസിലുകളിലും സന്ധികളിലും വേദന തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടാവുക.
2. ഡെങ്കിപ്പനി പരത്തുന്ന കൊതുകിന്റെ കടിയേറ്റ ശേഷമുള്ള 4 മുതല്‍ 7 വരെ ദിവസങ്ങളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. എന്നാല്‍ ചിലപ്പോള്‍ ഇത് 14 ദിവസത്തോളമെടുത്തേക്കാം. ഇവ കണ്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം. 
3. 5 മുതല്‍ 7 ദിവസം വരെയാണ് സാധാരണഗതിയില്‍ പനി നീണ്ടുനില്‍ക്കുക. പനിക്കുശേഷം ആഴ്ചകളോളം വിട്ടുമാറാത്ത ക്ഷീണം മുതിര്‍ന്നവരില്‍ പതിവാണ്. സന്ധിവേദന, ശരീരവേദന, തിണര്‍പ്പ് എന്നിവ സ്ത്രീകളില്‍ കണ്ടുവരുന്നു.