പകര്‍ച്ചപ്പനികളില്‍ ഏറ്റവും സൂക്ഷിക്കേണ്ട ഒന്നാണ് 'ഡെങ്കിപ്പനി'. ഈഡിസ് വിഭാഗത്തിലുള്ള കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. രോഗിയുടെ രക്തം കുടിക്കുമ്പോള്‍ വൈറസ് കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥികളില്‍ എത്തുന്നു. മറ്റൊരാളെ ആ കൊതുക് കുത്തുമ്പോള്‍ വൈറസ് അയാളിലേക്ക് പകരുന്നു. കടുത്ത പനി, തലവേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛര്‍ദി എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. 

സാധാരണ വൈറല്‍ പനി പിടിപെടുമ്പോള്‍ ഉണ്ടാകാറുള്ള ലക്ഷണങ്ങള്‍ ഡെങ്കിപ്പനിയിലും കാണുന്നു. ഡെങ്കിപ്പനിക്ക് പ്രതിരോധ കുത്തിവയ്പ്പുകളില്ല. ഡെങ്കിപ്പനി പിടിപെടാതിരിക്കാൻ ആദ്യം ചെയ്യേണ്ടത് രോഗം പരത്തുന്ന കൊതുകുകളെ നശിപ്പിക്കുക എന്നതാണ്. വീട്ടിൽ കൊതുകുകൾ വരാതിരിക്കാൻ നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ...

ഒന്ന്...

കൊതുകുകള്‍ വീട്ടിനുള്ളിലും പരിസരത്തും വളരാം. കെട്ടിനില്‍ക്കുന്ന തീരെ ചെറിയ അളവിലുള്ള വെള്ളത്തില്‍ പ്പോലും കൊതുകുകള്‍ മുട്ടയിട്ട് വളരാനിടയുണ്ട്. 

രണ്ട്...

 എറിഞ്ഞുകളഞ്ഞ പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍ തുടങ്ങിയവില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുക് വളരാം. അവ വലിച്ചെറിയാതെ നശിപ്പിക്കുകയോ, വള്ളം കെട്ടിനില്‍ക്കാതെ കമിഴ്ത്തിവയ്ക്കുകയോ ചെയ്യുക. 

മൂന്ന്...

 ഫ്രിഡ്ജിന് അടിയില്‍ വെള്ളം നില്‍ക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുണ്ട്. ഫ്രിഡ്ജിനിടയിലെ ട്രേ ഒന്നിടവിട്ട ദിവസങ്ങളില്‍ വൃത്തിയാക്കുക. വെള്ളം പിടിച്ച് സൂക്ഷിച്ചുവയ്ക്കുന്ന പാത്രങ്ങള്‍ മൂടി വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

നാല്...

പകല്‍സമയത്ത് കടിക്കുന്ന കൊതുകുകളാണ് ഈഡിസ് കൊതുകുകള്‍. അതിനാല്‍ പകല്‍നേരത്ത് കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൊതുക് കടിക്കാതിരിക്കാന്‍ ശരീരം നന്നായി മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. 

ഡെങ്കുവിനെ തുരത്താന്‍ 'തോട്ടങ്ങളിലേക്ക് നീങ്ങാം'; ക്യാംപയിനുമായി ആരോഗ്യ വകുപ്പ്...