വിഷാദം എന്ന രോഗാവസ്ഥയെക്കുറിച്ചും അതിനെത്തുടര്‍ന്ന് അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളെക്കുറിച്ചും വീണ്ടും മനസ്സുതുറന്ന് ബോളിവുഡ് നടി ദീപിക പദുകോണ്‍. ഒരിക്കല്‍ താനും വിഷാദത്തിന് അടിമയായിരുന്നു എന്നും ദീപിക പറഞ്ഞു. ദാവോസില്‍ ലോക ഇക്കണോമിക് ഫോറത്തില്‍ക്രിസ്റ്റല്‍ പുരസ്കാരം സ്വീകരിച്ചുകൊണ്ടു സംസാരിക്കുമ്പോഴാണ് ദീപിക മനസ്സുതുറന്നത്. 

'വിഷാദം ബാധിച്ച വ്യക്തിയെ മനസ്സിലാക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതാണ് രോഗത്തെ നേരിടാനുള്ള ആദ്യ ചുവടും. വിഷാദ രോഗവും ഉല്‍കണ്ഠയും മറ്റ് ഏതൊരു രോഗത്തെയും പോലെയാണ്. ചികിത്സിക്കാനും ഭേദമാക്കാനും കഴിയുന്ന രോഗമാണിത്. സ്വന്തം അനുഭവത്തില്‍നിന്നും പഠിച്ച കാര്യങ്ങളിൽ നിന്നാണ് മറ്റുള്ളവര്‍ക്കുവേണ്ടിയും പോരാടേണ്ടതുണ്ടെന്ന തീരുമാനത്തില്‍ ഞാന്‍ എത്തിയത്'- ദീപിക പറഞ്ഞു. 

 എന്‍റെ പ്രണയം പോലും ഞാന്‍ വെറുത്തു. വിഷാദം അനുഭവിക്കുന്നവരോടൊപ്പം ഞാന്‍ ഉണ്ടാകും.  വിഷാദ രോഗത്തെ എതിരിടാന്‍ വേണ്ടി മാത്രം ലക്ഷക്കണക്കിനു ഡോളറുകളാണ് ഓരോ വര്‍ഷവും രാജ്യങ്ങള്‍ ചെലവഴിക്കുന്നത്. ഇങ്ങനെ പോയാല്‍ വിഷാദം രാജ്യങ്ങള്‍ക്കു വലിയ സാമ്പത്തിക ബാധ്യതയായി മാറും. ഞാന്‍ സംസാരിക്കുമ്പോള്‍ തന്നെ ലോകത്ത് എവിടെയെങ്കിലും ഒരാളെങ്കിലും വിഷാദത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തിട്ടുണ്ടാകും എന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

സാധാരണമായ രോഗമാണെങ്കിലും ഗൗരവതരവുമാണ് വിഷാദം. ഇത് മനസ്സിലാക്കിയാണ് 'ലിവ് ലവ് ലാഫ്' എന്ന സന്നദ്ധ സംഘടന രൂപീകരിക്കുന്നതെന്നും ദീപിക വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ദീപികയുടെ പ്രവര്‍ത്തനത്തിനാണ് താരത്തിന് ക്രിസ്റ്റല്‍ പുരസ്കാരം ലഭിക്കുന്നത്.