പ്രമേഹം ഇന്ന് മിക്കവരെയും അലട്ടുന്ന അസുഖമാണ്. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. 

പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. 95% പ്രമേഹ രോഗികളിലും കാണപ്പെടുന്നത് ടൈപ്പ്  2 പ്രമേഹം ആണ്. സാധാരണയായി  35 വയസ്സിന് മുകളിൽ  ഉള്ളവർക്കാണ് ഈ രോഗം കൂടുതലും കാണപ്പെടുന്നത്. ഇൻസുലിന്റെ  ഉല്പാദനക്കുറവോ അല്ലെങ്കിൽ ഉല്പാദിപ്പിക്കാതെയിരിക്കുകയോ ചെയ്യുമ്പോഴാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്. 

ടെെപ്പ് 2 പ്രമേഹം തടയാൻ ഏറ്റവും നല്ലതാണ് നെല്ലിക്ക ജ്യൂസ്. പ്രമേഹമുള്ളവർ ദിവസവും ഒരു നെല്ലിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാം. നെല്ലിക്കയിലെ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. നെല്ലിക്കാ ജ്യൂസിൽ അൽപം മഞ്ഞൾ ചേർത്ത് കഴിക്കുന്നത് ടെെപ്പ് 2 പ്രമേഹം തടയാൻ സഹായിക്കും. 

സ്ഥിരമായി നെല്ലിക്ക കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. അണുബാധ, ബാക്ടീരിയ തുടങ്ങിയവയെ അകറ്റാനും നെല്ലിക്ക സഹായിക്കും. ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലൊരു പ്രതിവിധിയാണ് നെല്ലിക്ക ജ്യൂസ്. ​നെല്ലിക്ക ജ്യൂസ് ദിവസവും കുടിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറച്ച് എച്ച്ഡിഎൽ കൊളസ്ട്രോൾ ഉയർത്താൻ സഹായിക്കുന്നു. പിഎച്ച് ലെവൽ നിയന്ത്രിക്കാനും നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും.