Asianet News MalayalamAsianet News Malayalam

വൈറസ് ചോർന്നത് വുഹാൻ ലാബിൽ നിന്ന് തന്നെയോ?- ഇന്ത്യൻ സൈബർ അനലിസ്റ്റിന്റെ നിർണായക വെളിപ്പെടുത്തലുകൾ

മൊയ്‌ജാങ് ഖനിയിലെ വവ്വാലിൽ നിന്ന് കണ്ടെത്തിയത്, കോവിഡിന് കാരണമായ Sars Cov 2 വൈറസുമായി ബന്ധമുള്ള ഒന്നല്ല, ഒമ്പതു വൈറസുകളെയാണ്.

Did the Sars Cov 2 Corona virus leak from Wuhan Lab, indian expert the seeker from Drastic reveals
Author
Wuhan, First Published Jun 4, 2021, 11:49 AM IST

കൊവിഡ് 19 എന്ന മഹാമാരിക്ക് കാരണമായ കൊറോണ വൈറസ് ലോകമെമ്പാടും പറന്നത് ചൈനയിലെ വുഹാനിലുള്ള ഒരു ബയോ റിസർച്ച് ലാബിൽ നിന്ന് ചോർന്നിട്ടാണ് എന്നത്  കഴിഞ്ഞ ഒരു വർഷമായി പലയിടത്തും പറഞ്ഞു കേൾക്കുന്ന ഒരു തിയറി ആണ്. എന്നാൽ, ഇത് സംബന്ധിച്ച ആക്ഷേപങ്ങളെ എല്ലാം തന്നെ ചൈന മുഖവിലക്കെടുക്കാതെ തള്ളിക്കളഞ്ഞിട്ടുള്ളത്, ഇതെല്ലാം പാശ്ചാത്യലോബികളുടെ വസ്തുതാവിരുദ്ധമായ അപവാദ പ്രചാരണങ്ങൾ മാത്രമാണ് എന്ന് പറഞ്ഞുകൊണ്ടാണ്. അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾ എല്ലാം തന്നെ ഈ ആരോപണത്തെ തള്ളിക്കളയുന്ന നിലപാടാണ് കഴിഞ്ഞ മാസങ്ങളിൽ സ്വീകരിച്ചു പോന്നിട്ടുള്ളത്. എന്നാൽ, കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഈ വിഷയം വീണ്ടും മുഖ്യധാരയിലേക്ക് കടന്നു വന്നിരിക്കുകയാണ്. 

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഈ വിഷയത്തിൽ ഒരു യുഎസ് ഇന്റലിജൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നു. അതോടെ മാധ്യമങ്ങളും ഇങ്ങനെ ഒരു സാധ്യതയിലേക്ക് തങ്ങളുടെ അന്വേഷണങ്ങളെ തിരിച്ചുവിട്ടു കഴിഞ്ഞു. ഇത് ഒരു രാത്രികൊണ്ടുണ്ടായിരിക്കുന്ന ഒരു മാറ്റമല്ല. കഴിഞ്ഞ ഒരു വർഷത്തോളം, ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇരുന്നുകൊണ്ട്,  വൈറസ് വ്യാപനത്തിൽ വുഹാൻ ലാബിനുള്ള പങ്ക് ശരിവെക്കാൻ പോന്ന തെളിവുകൾക്കായി, തികച്ചും 'അമേച്വർ' എന്ന് തന്നെ പറയാവുന്ന പല വ്യക്തികളും സംഘടനകളും ചേർന്ന് നടത്തിയ തുടർച്ചയായ അന്വേഷണങ്ങളുടെ ഫലമാണിത്. ഈ അന്വേഷണങ്ങളുടെ ഫലങ്ങൾ ഇന്ന് അവഗണിക്കാനാവാത്ത വിധം പ്രസക്തമായി മാറിയിരിക്കയാണ്. 

ഈ അന്വേഷണങ്ങളിൽ ഏർപ്പെട്ടവർ പ്രൊഫഷണൽ ജേർണലിസ്റ്റുകളോ ചാരന്മാരോ സയന്റിസ്റ്റുകളോ ഒന്നുമല്ല. അവർ മറ്റുപല തൊഴിലുകളിലും ഏർപ്പെട്ടിരിക്കുന്ന, എന്നാൽ ബിഗ് ഡാറ്റയിൽ തങ്ങളുടേതായ പ്രാഗത്ഭ്യം തെളിയിച്ചിട്ടുളള തികച്ചും അമേച്വറായ അന്വേഷകരാണ്. ഇത്തരത്തിലുള്ള ഒരു ഡസനിലധികം അന്വേഷകർ തങ്ങളുടെ വ്യക്തിപരമായ കൗതുകങ്ങളുടെ പുറത്ത് നടത്തിയ സ്വകാര്യ അന്വേഷണങ്ങളിലാണ് വിലപ്പെട്ട പല വിവരങ്ങളും പുറത്തുവന്നിട്ടുള്ളത്. അവർ നടത്തിയ ഓപ്പൺ സോഴ്സ് ചർച്ചകളുടെയും, പാതി സൈബർ ഫോറൻസിക്സ് പാതി സിറ്റിസൺ ജേർണലിസം എന്ന് വിളിക്കാവുന്ന തരം കൂട്ടായ പരിശ്രമങ്ങളുടെയും വിശദമായ വിവരണം കഴിഞ്ഞ ദിവസം ന്യൂസ് വീക്ക് പ്രസിദ്ധപ്പെടുത്തിയ എക്സ്ക്ലൂസീവ് ലേഖനത്തിലുണ്ട്. 

വുഹാൻ ലാബിലെ ദുരൂഹതകൾ 

ഈ അന്വേഷകരുടെ കൂട്ടം സ്വയം വിളിക്കുന്ന പേര് DRASTIC എന്നാണ്. അതായത് Decentralized Radical Autonomous Search Team Investigating COVID-19. എന്നുവെച്ചാൽ കൊവിഡ് 19 നെക്കുറിച്ച് അന്വേഷിക്കുന്ന ക്രാന്തദർശികളും സ്വാശ്രയശീലരുമായ അന്വേഷകരുടെ വികേന്ദ്രീകൃതമായ ഒരു കൂട്ടം എന്നർത്ഥം. മാസങ്ങളായി ട്വിറ്റർ എന്ന പ്ലാറ്റ്ഫോമിൽ മാത്രം തങ്ങളുടെ പ്രവർത്തനങ്ങൾ ഒതുക്കി നിർത്തിയിരുന്ന DRASTIC അംഗങ്ങളുടെ ഈ അന്വേഷണങ്ങളെപ്പറ്റി ഈ മേഖലയെക്കുറിച്ച് അറിവും താത്പര്യവും ഉണ്ടായിരുന്ന ചുരുക്കം ചിലർക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. എന്നാൽ, ഇന്ന്, DRASTIC ന്റെ പഠനങ്ങളുടെ ബലത്തിൽ ഇന്ന് നമുക്ക് പല സത്യങ്ങളും അറിയാം. വവ്വാലുകളുടെ ഗുഹകൾ കയറിയിറങ്ങി വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കഴിഞ്ഞ എത്രയോ വർഷങ്ങളായി പലയിനം വൈറസുകളുടെ സാമ്പിളുകൾ ശേഖരിച്ച് പഠനങ്ങൾ നടത്തുകയായിരുന്നു എന്ന് നമുക്കിന്നറിയാം. അത് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് നിഷേധിക്കുമ്പോഴും, സത്യം അവരുടെ തന്നെ പല പേപ്പറുകളുടെയും രൂപത്തിൽ ഇന്റർനെറ്റിൽ ഉണ്ടായിരുന്നത് DRASTIC ഇന്ന് നമുക്ക് മുന്നിലെത്തിച്ചു കഴിഞ്ഞു.

ഈ വൈറസുകളിൽ കൊവിഡിനു കാരണമായ വൈറസ്, അഥവാ SARS-CoV-2 നോട് വളരെ സാമ്യമുള്ള, ഒരു വൈറസുമുണ്ട്. ചൈനയിലെ ഒരു ഖനിക്കുള്ളിൽ വെച്ച്, ചത്തുചീഞ്ഞു ദുർഗന്ധം പരത്തിയ ഒരു വവ്വാലിനെ നീക്കം ചെയ്ത മൂന്നു തൊഴിലാളികൾ ന്യൂമോണിയ ബാധിച്ചു മരിച്ചപ്പോഴാണ് 2012 -ൽ ആദ്യമായി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ ഖനിക്കുള്ളിൽ നിന്ന് ഈ സാമ്പിളുകൾ ശേഖരിക്കുന്നത്. അന്ന് അതിനെ വിശദമായി പഠിക്കാനുള്ള സാങ്കേതിക വിദ്യ അവർക്കുണ്ടായിരുന്നില്ല. പിന്നീട് സാങ്കേതിക വിദ്യ പുതിയത് ലഭ്യമാകുന്ന മുറയ്ക്ക് ചുരുങ്ങിയത് ഏഴു പ്രാവശ്യമെങ്കിലും അവർ വീണ്ടും ഇതേ ഖനിയിൽ നിന്ന് ഇതേ വൈറസിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട് എന്നത് സംബന്ധിച്ച രേഖകൾ  DRASTIC പുറത്തുകൊണ്ടുവന്നു കഴിഞ്ഞു.

Did the Sars Cov 2 Corona virus leak from Wuhan Lab, indian expert the seeker from Drastic reveals

 

ഈ ഒരൊറ്റ കാര്യം കൊണ്ട് പക്ഷേ, കൊവിഡ് വൈറസ് പുറംലോകത്തേക്കു വ്യാപിച്ചത് വുഹാൻ ലാബിലുണ്ടായ ചോർച്ചകൊണ്ടാണ് എന്ന് സ്ഥാപിച്ചെടുക്കാൻ സാധിക്കില്ല. പക്ഷേ, ഈ വൈറസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ചൈന തുടരുന്ന ദുരൂഹമായ രഹസ്യ സ്വഭാവവും, ഇത് സംബന്ധിച്ച് ചൈനീസ് വൈറോളജി വിദഗ്ധരിൽ നിന്നുണ്ടായ പത്രക്കുറിപ്പുകളിൽ കാണാനാകുന്ന വ്യാപകമായ വസ്തുതാവിരുദ്ധതയും എല്ലാം സൂചിപ്പിക്കുന്നത്, ചൈനയ്ക്ക് എന്തൊക്കെയോ മറച്ചു വെക്കാനുണ്ട് എന്നുതന്നെയാണ്. അത് സത്യമാണെങ്കിൽ, ഇന്റർനെറ്റിലെ ഒരു പറ്റം അന്വേഷകർ ചേർന്ന് ബ്രേക്ക് ചെയ്തിരിക്കുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സ്കൂപ്പാണ്.

തുടക്കമിട്ടത് ഇന്ത്യക്കാരൻ

എല്ലാറ്റിന്റെയും തുടക്കം ഒരു ഇന്ത്യക്കാരന്റെ കൗതുകങ്ങളിൽ നിന്നാണ്. പരമാവധി ഒരു പത്തുമുപ്പതു വയസ്സ് പ്രായം കണ്ടേക്കാവുന്ന ഈ അജ്ഞാതൻ സ്വയം വിളിക്കുന്ന പേര് The Seeker എന്നാണ്. ട്വിറ്ററിലെ അയാളുടെ ലോഗോ സൂചിപ്പിക്കുന്നത് ഇന്ത്യയുടെ കിഴക്കൻ പ്രവിശ്യയുടെ ബന്ധമുണ്ടാകാൻ ഇടയുണ്ട് എന്നാണ്. ഈ മഹാമാരിയുടെ തുടക്കത്തിൽ നമ്മളിൽ പലരെയും പോലെ ഇദ്ദേഹവും വിശ്വസിച്ചിരുന്നത് ഈ വൈറസ് വവ്വാലിൽ നിന്ന് ഈനാംപീച്ചിയിലേക്കും അവിടെ നിന്ന് വുഹാൻ വെറ്റ് മാർക്കറ്റു വഴി മനുഷ്യരിലേക്കും പകർന്നതാവും എന്നുതന്നെയാണ്. കാരണം, മുഖ്യധാരാ മാധ്യമങ്ങളിൽ അന്നുണ്ടായിരുന്ന വാർത്തകൾ അദ്ദേഹത്തോട് പറഞ്ഞുകൊണ്ടിരുന്നത് അതായിരുന്നു. ശാസ്ത്രജ്ഞരിൽ പലരും പറഞ്ഞുകൊണ്ടിരുന്നതും അതുതന്നെ. 

ഈ ഒരു തിയറിയുടെ പ്രധാന വക്താക്കളിൽ ഒരാൾ, എക്കോ ഹെൽത്ത് അലയൻസ് എന്ന എൻജിഒയുടെ പ്രസിഡന്റായ പീറ്റർ ഡാസ്സാക്ക് ആയിരുന്നു. പകർച്ച വ്യാധികളുണ്ടാക്കുന്ന പ്രാകൃതിക പാത്തജനുകളെക്കുറിച്ചുള്ള പഠനങ്ങളിൽ ഏർപ്പെടുക എന്നതായിരുന്നു എക്കോ ഹെൽത്തിന്റെ പ്രവർത്തനമണ്ഡലം. ഷി സെങ്ലി എന്ന വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മേധാവിയുടെ വർഷങ്ങളായി അദ്ദേഹം സഹകരിച്ചു വരുന്നതാണ്. ഷിക്കൊപ്പം ഡസൻ കണക്കിന് പ്രബന്ധങ്ങൾ പീറ്റർ എഴുതിയിട്ടുണ്ട്. പീറ്റർ വഴി ലക്ഷങ്ങളുടെ അമേരിക്കൻ ഗ്രാന്റും ഷിക്ക് അനുവദിച്ചു കിട്ടിയിട്ടുണ്ട്. 

കൊവിഡ് പടർന്നു പിടിച്ച കാലത്ത്, വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സംശയത്തിന്റെ നിഴലിലേക്ക് നീക്കി നിർത്തപ്പെട്ടപ്പോൾ, ഈ പീറ്റർ ഡാസ്സാക്ക് ചെയ്തത്, 26 ശാസ്ത്രജ്ഞരുടെ ഒപ്പുവെച്ച ഒരു കത്ത് ലാൻസെറ്റ് എന്ന ലോകപ്രസിദ്ധിയാർജ്ജിച്ച വൈദ്യശാസ്ത്ര ഗവേഷണ മാസികയിൽ പ്രസിദ്ധപ്പെടുത്തുകയാണ്. 'കൊവിഡ് 19 നു കാരണമായ കൊറോണ വൈറസ് വന്നത് പ്രകൃതിയിൽ നിന്നല്ല എന്ന തരത്തിലുള്ള ദുഷ്പ്രചാരണങ്ങളെ ഞങ്ങൾ തള്ളിക്കളയുന്നു, അപലപിക്കുന്നു' എന്നായിരുന്നു ഈ കത്തിന്റെ ഉള്ളടക്കം. ഈ കത്തിന് പിന്നിൽ പീറ്റർ നടത്തിയ ലോബിയിങ്ങിന്റെ വിവരങ്ങൾ പിന്നീട് വിവരാവകാശ അപേക്ഷകളിലൂടെ പുറത്തെത്തുകയുണ്ടായി.

വുഹാൻ ലാബുമായി കൊറോണ വൈറസിനെ ബന്ധിപ്പിക്കുന്ന ആരോപണങ്ങൾ ശുദ്ധ അസംബന്ധം ആണെന്നായിരുന്നു പീറ്ററിന്റെ അഭിപ്രായം. വുഹാൻ ലാബിൽ SARS Cov 2 വൈറസുമായി സാമ്യമുള്ള ഒരു വൈറസിനെയും വളർത്തുന്നില്ല, സൂക്ഷിക്കുന്നില്ല എന്ന് പീറ്റർ അടിവരയിട്ടു പറഞ്ഞു. എന്നാൽ, ചൈന തന്നെയാണ് ഈ വൈറസിന്റെ വ്യാപനത്തിന് പിന്നിൽ എന്ന് പ്രസംഗങ്ങളിൽ ആക്ഷേപിച്ച്, രാഷ്ട്രീയ മൈലേജ് ഉണ്ടാക്കിക്കൊണ്ടിരുന്ന പീറ്ററിന്റെ ഈ പ്രസ്താവന ട്രംപിന് രുചിച്ചില്ല. അടുത്ത ദിവസം തന്നെ ട്രംപ് അഡ്മിനിസ്ട്രേഷൻ എക്കോ ഹെൽത്തിന് കോടിക്കണക്കിനു ഡോളർ ഫണ്ടുകൾ അനുവദിച്ചുകൊണ്ടുള്ള കോൺട്രാക്ടുകൾ റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കി. 


2020 ന്റെ തുടക്കത്തിൽ, The Seeker തന്റെ പഴയ ധാരണകൾ തിരുത്താൻ തയ്യാറാവുന്നു. വൈറസും വുഹാൻ ലാബുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഒന്നന്വേഷിച്ച് ഉറപ്പിക്കേണ്ടതുണ്ട് എന്നദ്ദേഹം കരുതുന്നു. അങ്ങനെ ഇരിക്കെയാണ് മീഡിയം എന്ന ബ്ലോഗ് സൈറ്റിൽ യൂറി ഡെയ്‌ഗിൻ എന്നൊരു വ്യക്തി RaTG13 എന്ന ഒരു വൈറസിനെപ്പറ്റി ഒരു കുറിപ്പെഴുതി പ്രകാശിപ്പിക്കുന്നത്. 2020 ഫെബ്രുവരിയിൽ നേച്വർ മാസികയിൽ താൻ എഴുതിയ ഒരു പ്രബന്ധത്തിലൂടെ ഷി സെങ്ലി ലോകത്തിനു പരിചയപ്പെടുത്തിയ ഈ വൈറസ്  SARS-CoV-2 എന്ന കൊറോണ വൈറസുമായി പ്രകടമായ സാമ്യമുള്ള ഒന്നായിരുന്നു. ഈ വൈറസ് എവിടെ നിന്ന് വന്നു എന്ന് ഷി തന്റെ ലേഖനത്തിൽ വ്യക്തമാക്കിയിരുന്നില്ല. 'ചൈനയിലെ യുനാൻ പ്രവിശ്യയിലെ ഒരു വവ്വാലിൽ ഇതിനു മുമ്പ് കണ്ടിട്ടുണ്ട്' എന്ന ഒരു പരാമർശത്തിൽ അവർ അതിന്റെ ഉത്ഭവകഥ ഒതുക്കി. ഈ പ്രബന്ധം ഡെയ്‌ഗിന്റെ കുതൂഹലം ഉണർത്തി. തന്റെ മീഡിയം പോസ്റ്റിൽ ഡെയ്‌ഗിൻ വെളിപ്പെടുത്തിയത്, കോവിഡിന് കാരണമായ വൈറസ് രൂപപ്പെട്ടത് വുഹാൻ ലാബിൽ ഷി സെങ്ലി RaTG13 ഉപയോഗിച്ച് നടത്തിയ വല്ല ജെനെറ്റിക്  കോക്ക് ടെയ്ൽ പരീക്ഷണങ്ങളിലൂടെയുമാണോ എന്ന തന്റെ സംശയമായിരുന്നു. തന്റെ സംശയം Reddit എന്ന മാധ്യമത്തിൽ ആദ്യം പ്രകാശിപ്പിച്ചപ്പോൾ, മണിക്കൂറുകൾക്കുള്ളിൽ തന്നെ ഡെയ്‌ഗിന്റെ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെടുകയും, അദ്ദേഹത്തിന്റെ അക്കൗണ്ട് എന്നെന്നേക്കുമായി റദ്ദാക്കപ്പെടുകയും ചെയ്തു. 

Did the Sars Cov 2 Corona virus leak from Wuhan Lab, indian expert the seeker from Drastic reveals

 

ഡെയ്‌ഗിനു നേരെ ഉണ്ടായ ഈ കടുത്ത സെൻസർഷിപ്പ് നടപടികൾ The Seeker നെ അസ്വസ്ഥനാക്കി. അങ്ങനെയാണ് അദ്ദേഹം DRASTIC എന്നൊരു ഗ്രൂപ്പിൽ ഈ വിഷയത്തിൽ നടക്കുന്ന ചർച്ചകൾ ശ്രദ്ധിക്കുന്നത്. ഈ ഗ്രൂപ്പിൽ പല തരത്തിലുള്ള ആളുകളുണ്ടായിരുന്നു. സംരംഭകരുണ്ടായിരുന്നു, എഞ്ചിനീയര്മാരുണ്ടായിരുന്നു, ഒപ്പം ഇൻസ്ബ്രൂക്ക് സർവകലാശാലയിൽ നിന്നുള്ള റോസന്ന സിഗ്രിറ്റോ എന്ന ഒരു മൈക്രോ ബയോളജിസ്റ്റും. ഇവർ ചേർന്ന് നടത്തിയ പഠനത്തിൽ പല സത്യങ്ങളും വെളിപ്പെട്ടു. RaTG13 വൈറസിന്റെ ജനിതക ഘടന, അവർ തന്നെ പിന്നീട് ഒരു പ്രബന്ധത്തിൽ പ്രസിദ്ധപ്പെടുത്തിയ  യുനാനിലെ ഖനിയിൽ നിന്ന്, അവിടെ ചത്തുകിടന്ന ആ വവ്വാലിൽ നിന്ന് ഷി സെങ്ലി കണ്ടെത്തിയ വൈറസിന്റെതുമായി കമ്പോടു കമ്പ് യോജിക്കുന്ന ഒന്നായിരുന്നു. സയന്റിഫിക് അമേരിക്കയിൽ എഴുതിയ ചില കുറിപ്പുകളിൽ താൻ മോയിജാങ് കൗണ്ടിയിലെ ഖനികളിൽ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട് എന്ന് ഷി സെങ്‌ലി എഴുതുന്നെണ്ടെങ്കിലും അതിനെ RaTG13 യുമായി ബന്ധിപ്പിക്കാതിരിക്കാൻ അവർ ശ്രദ്ധിച്ചിട്ടുണ്ട്.  ആ ഖനിയിൽ അന്ന് മൂന്നു തൊഴിലാളികൾ മരണപ്പെട്ടത് ഏതോ ഫംഗസ്  കാരണമാണ് അല്ലാതെ വൈറസ് കാരണമല്ല എന്നായിരുന്നു അവരുടെ വിശദീകരണം.

എന്നാൽ ഈ വിശദീകരണം DRASTIC ഗ്രൂപ്പിന് ദഹിക്കുന്നില്ല. ഈ ഖനി തൊഴിലാളികൾ മരിച്ചത് ഒരു വൈറസിന്റെ ആക്രമണത്തിലാണ് എന്ന് തന്നെ ഗ്രൂപ്പ് അംഗങ്ങൾ വിശ്വസിച്ചു. ഈ വിശ്വാസത്തെ സാധൂകരിക്കാൻ പോന്ന തെളിവുകൾ തേടി ഇറങ്ങിപ്പുറപ്പെട്ട THE SEEKER ക്ക്, തികച്ചും യാദൃച്ഛികമായി CNKI എന്നുപേരായ ഒരു ചൈനീസ് അക്കാദമിക് ഡാറ്റാബേസ് ആർകൈവ് കിട്ടുന്നു. ഈ ആർകൈവിൽ വിലപ്പെട്ട പല ലേഖനങ്ങളും ഉണ്ടായിരുന്നു അദ്ദേഹം അന്വേഷിച്ചത് മാത്രം ഉണ്ടായിരുന്നില്ല. അങ്ങനെ ഏറെക്കുറെ അന്വേഷണം അവസാനിപ്പിക്കാൻ തയ്യാറെടുത്ത് നിന്ന സമയത്താണ് കുങ്മിങ് സർവകലാശാലയിലെ ഒരു ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയുടെ തിസീസ് ഡോക്യുമെന്റ് അദ്ദേഹം ശ്രദ്ധിക്കുന്നത് അതിൽ, "The Analysis of 6 Patients with Severe Pneumonia Caused by Unknown Viruses." എന്നൊരു പഠനം അദ്ദേഹം കാണുന്നു. ഈ രോഗങ്ങൾക്ക് പിന്നിൽ, ചൈനീസ്  വവ്വാലിൽ നിന്നും വന്ന സാർസ് വൈറസിനെപ്പോലെ (കൊറോണ വൈറസിനെപ്പോലെ) എന്തോ ഒന്നാണ്" എന്നായിരുന്നു ഈ പഠനത്തിന്റെ ചുരുക്കം.

ഈ ലേഖനത്തിന്റെ ലിങ്ക് SEEKER  DRASTIC  ഗ്രൂപ്പിൽ ഇടുന്നു. ഈ മൊയ്‌ജാങ് ഖനിയിലേക്കുള്ള വിദേശ ജേർണലിസ്റ്റുകളുടെ പ്രവേശനം ഗവണ്മെന്റ് തടഞ്ഞതും, കൊറോണ വൈറസിനെയും വുഹാൻ ലാബിനെയും ബന്ധിപ്പിച്ചു കൊണ്ട് എന്തെങ്കിലും ആക്ഷേപങ്ങൾ ഉന്നയിക്കുന്ന മാധ്യമ പ്രവർത്തകർ അപ്രത്യക്ഷരാകാൻ തുടങ്ങിയതും ഒക്കെ ആശങ്കകൾ ഇരട്ടിപ്പിച്ചു.  മെയ് 2020 -ൽ ഈ മൊയ്‌ജാങ് ഖനിയിലെ വവ്വാലിനെയും കോവിഡിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വാർത്തകൾ മാധ്യമങ്ങളിൽ വരുന്നുണ്ടെങ്കിലും അതൊന്നും ചർച്ചചെയ്യപെടുന്നില്ല. 

Did the Sars Cov 2 Corona virus leak from Wuhan Lab, indian expert the seeker from Drastic reveals

 

ആ ഘട്ടത്തിലാണ് മാഡ്രിഡിലെ ഒരു ഡാറ്റ സയന്റിസ്റ്റ് ആയ ഫ്രാൻസിസ്‌കോ റിബെറ എന്ന THE DRASTIC അംഗം THE SEEKER -നോട് സഹകരിച്ച് പ്രവർത്തിക്കാൻ തുടങ്ങുന്നത്. ഇന്റർനെറ്റിൽ നിന്ന് THE SEEKER  മുങ്ങിത്തപ്പി എടുത്തു കൊണ്ടുവന്നിരുന്ന വിവരങ്ങൾ, കൃത്യമായി കണക്റ്റ് ചെയ്യാൻ റിബെറക്ക് കഴിഞ്ഞു. RaTG13 വൈറസുമായി ബന്ധപ്പെട്ട വളരെ നിർണായകമായ ഒരു കണ്ടെത്തലായിരുന്നു റിബെറ നടത്തിയത്. ഈ വൈറസിനെ വുഹാനിലെ ലാബിൽ എത്തിച്ച ശേഷം അതിനെ ഒരു ഫ്രീസറിൽ കയറ്റി വെച്ചതല്ലാതെ യാതൊരു വിധത്തിലുള്ള പരീക്ഷണങ്ങൾക്കും അതിനെ ഷി സെങ്ലിയുടെ ടീം വിധേയമാക്കിയിട്ടില്ല എന്നാണ് പീറ്റർ ഡസാക്ക് മാധ്യമങ്ങളോട് നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ, ഈ ഒരു അവകാശവാദത്തെ ഖണ്ഡിക്കുകയാണ് റിബെറ ചെയ്തത്.

ജനിതക ശാസ്ത്ര മേഖലയിൽ പുതിയൊരു പ്രബന്ധം അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധം ചെയ്യുമ്പോൾ അതിന്റെ കർത്താക്കൾ അതുമായി ബന്ധപ്പെട്ട ജനിതക സീക്വൻസുകളും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇക്കൂട്ടത്തിൽ അബദ്ധവശാൽ വുഹാൻ ഇന്സ്ടിട്യൂട്ടിൽ നിന്ന് അപ്‌ലോഡ് ചെയ്യപ്പെട്ട ചില ജനിതക സീക്വൻസുകളിൽ RaTG13 യുടെ ഘടനയും റിബെറ കണ്ടെത്തി. അതുമായി ബന്ധപ്പെട്ട മറ്റു രേഖകൾ പരിശോധിച്ചതിൽ നിന്ന് 2017 -18  കാലത്ത് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി RaTG13  വൈറസിന്മേൽ നിരന്തരം പഠനങ്ങൾ നടത്തുകയായിരുന്നു എന്ന സത്യം വെളിപ്പെടുന്നു. അതായത് ഈ വൈറസിനെ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അവകാശപ്പെട്ട പോലെ അവർ ഫ്രീസറിൽ കയറ്റി വെക്കുകയല്ല ഉണ്ടായത് എന്നർത്ഥം. റിബെറ ഇതേ ഡാറ്റയിൽ വീണ്ടും നടത്തിയ പഠനങ്ങളിൽ തെളിഞ്ഞ മറ്റൊരു ഞെട്ടിക്കുന്ന വസ്തുത, മൊയ്‌ജാങ് ഖനിയിലെ വവ്വാലിൽ നിന്ന് കണ്ടെത്തിയത്, കോവിഡിന് കാരണമായ Sars Cov 2 വൈറസുമായി ബന്ധമുള്ള ഒന്നല്ല, ഒമ്പതു വൈറസുകളെയാണ് എന്നതായിരുന്നു. 

ഇങ്ങനെ ഷെർലക്ക് ഹോംസിനെപ്പോലെ റിബെറയ്ക്ക് ഒളിച്ചും പാത്തുമൊക്കെ അന്വേഷണം നടത്തേണ്ടി വന്നത് തങ്ങളുടെ പക്കലുള്ള വൈറസുകളെക്കുറിച്ചുള്ള വിവരങ്ങൾ അന്താരാഷ്ട്ര സമൂഹം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നൽകാൻ തയ്യാറാവാഞ്ഞതുകൊണ്ടാണ്. ഈ വൈറസുകളുടെ ഡാറ്റ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ വുഹാൻ ഇന്സ്ടിട്യൂട്ടിന്റെ പേജ് ഇപ്പോൾ പ്രവർത്തനരഹിതമാണ്. അതേപ്പറ്റി ചോദിച്ചപ്പോൾ, 2021 ജനുവരിയിൽ ഷി സെങ്ലി പറഞ്ഞത്, കോവിഡിന് ശേഷം ഇന്സ്ടിട്യൂട്ടിനു നേരെ സൈബർ ആക്രമണങ്ങൾ ഉണ്ടായി എന്നും, അതേത്തുടർന്ന് സുരക്ഷാ കാരണങ്ങളാൽ ഇൻസ്റ്റിറ്റ്യൂട്ട് ഈ പേജ് ഓഫ് ലൈൻ ആക്കിയതാണ് എന്നുമാണ്. എന്നാൽ DRASTIC നടത്തിയ അന്വേഷണത്തിൽ സെങ്ലി ആ പറഞ്ഞതും വാസ്തവമല്ല എന്ന് തെളിഞ്ഞിട്ടുണ്ട്. കാരണം, ഈ ഡാറ്റാബേസ് ഓഫ്‌ലൈൻ ആയത് കൊവിഡ് ലോകം മുഴുവൻ വ്യാപിച്ച ശേഷമല്ല. അതിനൊക്കെ മുമ്പ് 2019 സെപ്റ്റംബറിലാണ്. 

 

Did the Sars Cov 2 Corona virus leak from Wuhan Lab, indian expert the seeker from Drastic reveals

 

എന്തായാലും DRASTIC സംഘം നടത്തിയ അന്വേഷണങ്ങളുടെ ഫലം ഇന്ന് അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തിന്റെ മുന്നിലുണ്ട്. പല പ്രസിദ്ധ വൈറോളജിസ്റ്റുകളും, ജനിതക ശാസ്ത്രജ്ഞരും ഈ പഠനങ്ങളിൽ ഭൂരിഭാഗവും വളരെ വിലപ്പെട്ടതാണ് എന്ന് സമ്മതിക്കുന്നുമുണ്ട്. ഇത്തരത്തിലുള്ള അന്വേഷണങ്ങളോടൊന്നും സഹകരിക്കുന്ന പതിവ് ചൈനയ്ക്കില്ല എന്നതുകൊണ്ട്, കൊവിഡ് വൈറസിന്റെ ഉത്പത്തിയെ സംബന്ധിച്ച രഹസ്യങ്ങളുടെ ചുരുളഴിഞ്ഞേക്കും എന്ന കാര്യത്തിൽ അമിതമായ പ്രതീക്ഷകൾക്കൊന്നും ഇപ്പോഴും വകുപ്പില്ല. എന്നാൽ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പോലെ ഒരു ബയോ ലാബിന് ഇങ്ങനെ സംഹാരാത്മകമായ ഒരു മഹാമാരിക്ക് കാരണമാകാൻ കഴിയുമോ എന്ന ചോദ്യത്തോട് ഒരു തരത്തിലും പ്രതികരിക്കാതിരുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ നിഷ്ക്രിയ മൗനത്തോടാണ്, ഒരു കൂട്ടം അമേച്വർ അന്വേഷകർ തങ്ങളുടെ അന്വേഷണങ്ങളിലൂടെ ഈ പ്രതികരിച്ചിട്ടുള്ളത്. ഇത്രയും കാലം ശാസ്ത്രലോകം കയ്യടക്കി വെച്ചിരുന്ന മേഖലകളിൽ പലതിലും ഇന്റർനെറ്റ് എന്ന വലിയ ലോകത്തിലെ സാധാരണക്കാരിൽ സാധാരണക്കാർക്ക് പോലും ചലനങ്ങൾ ഉണ്ടാക്കാനാവും എന്നാണ് 'THE SEEKER' തികഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞു നിർത്തുന്നത്. 

Follow Us:
Download App:
  • android
  • ios