Asianet News MalayalamAsianet News Malayalam

Healthy Heart: ഭക്ഷണക്രമം മുതല്‍ വ്യായാമം വരെ; ഹൃദയാരോ​ഗ്യത്തിൽ പ്രധാനം ഈ ഘടകങ്ങൾ...

ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയരക്ത ധമനി രോഗത്തിന്റെ പ്രധാന കാരണങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, പുകവലി, പൊണ്ണത്തടി, തുടങ്ങിയവയ്ക്ക് എതിരായുള്ള ബോധവത്‌ക്കരണമാണ് പ്രധാനം. 

Diet to cardio exercise for a Healthy Heart
Author
First Published Oct 10, 2022, 10:53 AM IST

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഹൃദയം. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗവും രക്തധമനി രോഗവും (കാർഡിയോ വാസ്ക്കുലാർഡിസീസ്- CVD) മാറി കഴിഞ്ഞു. കൊവിഡ് മഹാമാരിയുടെ ഇക്കാലത്ത് ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. 

ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയരക്ത ധമനി രോഗത്തിന്റെ പ്രധാന കാരണങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, പുകവലി, പൊണ്ണത്തടി, തുടങ്ങിയവയ്ക്ക് എതിരായുള്ള ബോധവത്‌ക്കരണമാണ് പ്രധാനം. ശരിയായ ഭക്ഷണക്രമം, ശരിയായ വ്യായാമം, ശരിയായ ജീവിതശൈലി എന്നിവയാണ്  ഹൃദയാരോ​ഗ്യത്തിൽ പ്രധാനം  ഘടകങ്ങൾ.

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ഹൃദയത്തെ സംരക്ഷിക്കാന്‍ ശരിയായ ഭക്ഷണക്രമം പ്രധാനമാണ്. അതായത് ചിട്ടയായ ഒരു ഡയറ്റ് സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. അത് ഹൃദയാരോഗ്യത്തിന് ഏറെ പ്രധാനമാണ്. പാക്കറ്റ് ഭക്ഷണള്‍, ഫ്രൈഡ് ഭക്ഷണം, സോഫ്റ്റ് ഡ്രിംഗ്‌സ്, ഫാസ്റ്റ് ഫുഡ്, മധുരപലഹാരങ്ങള്‍ തുടങ്ങിയവയെല്ലാം ഡയറ്റില്‍ നിന്ന് പരമാവധി ഒഴിവാക്കാം. കൂടാതെ നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. അതുപോലെ തന്നെ, ഹൃദയാരോഗ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കണം. നാരുകള്‍ക്ക് പുറമെ, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാം. 

രണ്ട്... 

പുകവലിയാണ് മറ്റൊരു വില്ലന്‍. ഹൃദയത്തെ സംരക്ഷിക്കാന്‍ ഇന്നുതന്നെ  പുകവലി ഉപേക്ഷിക്കുക.  ഇനി പുകവലിക്കാത്തവര്‍, പുകവലിക്കുന്നവരുടെ അടുത്തു നിന്ന് മാറിനില്‍ക്കാനും ശ്രദ്ധിക്കുക. കാരണം പാസീവ് സ്‌മോക്കിങ് മൂലമുള്ള ഹൃദ്രോഗനിരക്ക് ഏറിവരുന്നതായാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുകവലി ഹൃദയത്തെ മാത്രമല്ല, മറ്റ് അവയവങ്ങളെയും മോശമായി ബാധിക്കും.

മൂന്ന്...

ഉറക്കക്കുറവും ഹൃദയാരോഗ്യത്തെ ബാധിക്കാം.  അതിനാല്‍ മതിയായ ഉറക്കം ലഭ്യമാക്കുക.   മുതിര്‍ന്നവര്‍ ഒരു ദിവസം 7-8 മണിക്കൂറും കുട്ടികള്‍ 8-9 മണിക്കൂറും ഉറങ്ങണം. സ്ഥിരമായി ആറുമണിക്കൂറില്‍ കുറച്ച് ഉറങ്ങുന്നവരില്‍ ഹൃദയാഘാതം, ഹൃദയധമനിയില്‍ ബ്ലോക്ക് എന്നീ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത ഏറേ കൂടുതലാണ്. ഉറക്കക്കുറവ് മാനസികാരോഗ്യത്തെയും ബാധിക്കാം. 

നാല്...

പ്രമേഹവും രക്തസമ്മര്‍ദ്ദവും ഹൃദ്രോഗസാധ്യത കൂട്ടുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ ഇത്തരം ആരോഗ്യ പ്രശ്നങ്ങളെ അകറ്റാനുള്ള വഴികള്‍ സ്വീകരിക്കുക. 

അഞ്ച്...

മദ്യപാനം അമിതമായാല്‍, രക്തത്തിലെ ട്രൈഗ്ലിസറൈഡിന്‍റെ അളവ് കൂടും. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്. അതിനാല്‍ മദ്യപാനം ഒഴിവാക്കുക.  

ആറ്...

ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വ്യായാമം നിര്‍ബന്ധമാണ്. പ്രത്യേകിച്ച് കാര്‍ഡിയോ വ്യായാമങ്ങള്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നാല്‍ ഹൃദയത്തിന്‍റെ എന്തെങ്കിലും അസുഖമുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം വ്യായാമം ചെയ്യുക.  ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ശരീരം നന്നായി വിയര്‍ക്കുന്നവിധം വ്യായാമം ചെയ്യുന്നതാണ് ഏറെ ഗുണം ചെയ്യുന്നത്. വ്യായാമം അധികം ആകരുത് എന്നതും ഓര്‍ക്കുക. 

Also Read: സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

Follow Us:
Download App:
  • android
  • ios