വിഷാദം, ഉത്കണ്ഠ, സ്ട്രെസ് തുടങ്ങിയവയൊക്കെ പലരെയും ബാധിക്കുന്ന പ്രശ്നങ്ങളായി മാറിയിരിക്കുന്നു. പല കാരണങ്ങളും കൊണ്ടും മാനസികാരോഗ്യം മോശമാകാം. കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്.
ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. എന്നാല്‍ ഇന്നത്തെ ഈ തിരക്കേറിയ ജീവിതത്തിനിടെ പലരും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാകാം കടന്നുപോകുന്നത്. വിഷാദം, ഉത്കണ്ഠ, സ്ട്രെസ് തുടങ്ങിയവയൊക്കെ പലരെയും ബാധിക്കുന്ന പ്രശ്നങ്ങളായി മാറിയിരിക്കുന്നു. പല കാരണങ്ങളും കൊണ്ടും മാനസികാരോഗ്യം മോശമാകാം. കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. ഉത്കണ്ഠ നിയന്ത്രിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം:
1. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല മാനസിക ആരോഗ്യത്തെയും ബാധിക്കാം. അമിതമായ തോതിലുള്ള കൊഴുപ്പ് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും രക്തസമ്മര്‍ദ്ദം ഉയരാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാനും കാരണമാകും. കൂടാതെ ഇത് ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ക്കും ഉറക്കത്തെ തടസപ്പെടുത്തുന്നതിനും കാരണമാകും. അതിനാല്‍ ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. പകരം ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഒലീവ് ഓയില്‍, ബദാം, അവക്കാഡോ, പാല്‍, മുട്ട എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
2. കോഫി
കഫൈന്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളും പരാമവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് മാനസികാരോഗ്യത്തിന് നല്ലത്. പ്രത്യേകിച്ച് രാത്രികളില്‍ കോഫി കുടിക്കുന്നത് ഉറക്കം കുറയാന്‍ കാരണമാകാം. അതിനാല്‍ ചായ, കോഫി തുടങ്ങിയവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
3. ശുദ്ധീകരിച്ച പഞ്ചസാര
ശുദ്ധീകരിച്ച പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും മാനസികാരോഗ്യം മോശമാകാനും ഉത്കണ്ഠ, വിഷാദം തുടങ്ങിയവയുടെ സാധ്യതയെ കൂട്ടുകയും ചെയ്യും. അതിനാല്‍ കേക്കുകൾ, പേസ്ട്രികൾ, കുക്കീസ്, പാസ്ത, സോസുകൾ തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
4. മദ്യം
മദ്യപാനവും ഒഴിവാക്കുന്നതാണ് മാനസികാരോഗ്യത്തിന് നല്ലത്. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.
മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍:
ഇലക്കറികള്‍, ഫാറ്റി ഫിഷ്, ബ്ലൂബെറി, അവക്കാഡോ, യോഗര്‍ട്ട്, ബദാം, നേന്ത്രപ്പഴം, ഓട്മീല്‍, ഗ്രീന്‍ ടീ, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവ കഴിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
