Asianet News MalayalamAsianet News Malayalam

നിപ വൈറസ് ബാധയെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങള്‍ വിശ്വസിക്കരുത്; ഡോക്ടർ പറയുന്നു...

നിപ വൈറസിനെക്കാള്‍ വേഗത്തിൽ പടരുന്നത് വ്യാജപ്രചാരണങ്ങളാണെന്നും ഒരു കാരണവശാലും അത് വിശ്വസിക്കരുതെന്നും തിരുവനന്തപുരം പിആർഎസ് ഹോസ്പിറ്റലിലെ എമർജൻസി വിഭാ​ഗം മേധാവി ഡോ. ഡാനിഷ് സലീം പറയുന്നു.

Do not believe the fake messages about the Nipah virus
Author
Trivandrum, First Published Sep 5, 2021, 4:33 PM IST

മൂന്ന് വർഷത്തിന് ശേഷം കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇത് മൂന്നാമത്തെ തവണയാണ് കേരളത്തിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. ആദ്യം നിപയെ വിജയകരമായി പ്രതിരോധിച്ച കോഴിക്കോട്ട് തന്നെയാണ് യാദൃശ്ചികമായി വീണ്ടും രോഗം കണ്ടെത്തിയിരിക്കുന്നത്.

കൊവിഡ് വ്യാപിക്കുന്ന ഈ സമയത്ത് നിപ്പയെ കുറിച്ചോർത്ത് ഒരു അനാവശ്യമായ ഭീതി പരത്തേണ്ടതില്ല. നിപ വൈറസിനെക്കാള്‍ വേഗത്തിൽ പടരുന്നത് വ്യാജപ്രചാരണങ്ങളാണെന്നും ഒരു കാരണവശാലും അത് വിശ്വസിക്കരുതെന്നും തിരുവനന്തപുരം പിആർഎസ് ഹോസ്പിറ്റലിലെ എമർജൻസി വിഭാ​ഗം മേധാവി ഡോ. ഡാനിഷ് സലീം പറയുന്നു.

നിപ വൈറസിനെക്കാള്‍ വേഗത്തിൽ പടരുന്നത് വ്യാജപ്രചാരണങ്ങള്‍...

നിപ വൈറസിനെപ്പറ്റിയുള്ള ച്രചാരണങ്ങളും അവയുടെ വാസ്തവവുമാണ് ചുവടെ... 

കൊവിഡ് പോലെ ഇതും പടർന്നു പിടിക്കുമോ ?

കൊവിഡ് മുൻകരുതലുകൾ നമ്മൾ കൃത്യമായി പാലിക്കുന്നത് കൊണ്ട് തന്നെ ഒരു തീവ്രവ്യാപനത്തിനും സാധ്യതയില്ല. എന്നാൽ വൈറസിന്റെ സാന്നിധ്യത്തെ നമ്മൾ നിസ്സാരവത്ക്കരിക്കരുത്. പനി, തലവേദന, അപസ്മാരം. ശ്വാസ തടസ്സം,പെരുമാറ്റത്തിൽ വ്യത്യാസം തുടങ്ങിയ സമാനലക്ഷണങ്ങളുള്ള രോഗികൾ പരിശോധനയ്ക്ക് വിധേയരാവേണ്ടതുണ്ട്. 

പ്രത്യേകിച്ച് ഇപ്പോൾ രോഗം സ്ഥിരീകരിച്ച സ്ഥലത്തിന് തൊട്ടടുത്തുള്ളവർ ഇക്കാര്യത്തിൽ ഒരു വീഴ്ചയും കാണിക്കരുത്. കോവിഡ് ടെസ്റ്റ് നെഗറ്റീവായവരും ഇത്തരം ലക്ഷണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ പരിശോധനക്ക് വിധേയരാവേണ്ടതാണ്. ഇത്തരം ആളുകൾ നമ്മൾ നേരത്തെ നിപയിലും ഇപ്പോൾ കൊവിഡിലും തുടരുന്ന ക്വാറന്റൈൻ മാതൃക കൃത്യമായി പാലിക്കേണ്ടതുണ്ട്.

മനുഷ്യൻ ഉണ്ടാക്കി വിടുന്ന വൈറസ് ആണോ ഇത്?

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. അപൂർവമായി ആണ് മനുഷ്യർക്ക് അസുഖം ഉണ്ടാകുന്നത് . എന്നാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ഈ വൈറസ് പടരാം.

 രോഗ സ്ഥിരീകരിക്കാൻ പ്രയാസമാണ്..?

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍. (റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍) ഉപയോഗിച്ച് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാന്‍ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കലകളില്‍ നിന്നെടുക്കുന്ന സാമ്പിളുകളില്‍ ഇമ്യൂണോ ഹിസ്‌റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരികരിക്കാന്‍ സാധിക്കും.

ചിക്കൻ ഒഴിവാക്കണം നിപ്പയുടെ ഉറവിടം കോഴിയാണ് ??

കോഴിയല്ല നിപ വൈറസ് പടര്‍ത്തുന്നത്. പഴന്തീനി വവ്വാലുകളാണ് വൈറസ് പടര്‍ത്തുന്നത്. ചിക്കനും പാലും മുട്ടയും കൂടെ അസുഖം വരില്ല.

പട്ടികളെയും പൂച്ചകളെയും തൊട്ടാൽ വൈറസ് പടരും!!??

വീട്ടിൽ വളര്‍ത്തുന്ന പശുവും പട്ടിയും പൂച്ചയുമടക്കം എല്ലാ ജീവികള്‍ക്കും വൈറസ് ബാധയേൽക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇവ നിപ വൈറസ് പടര്‍ത്തുമെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. എന്നാൽ വളര്‍ത്തുമൃഗങ്ങളുടെ ശരീരസ്രവങ്ങള്‍ ദേഹത്തു പറ്റിയാൽ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാൻ ശ്രദ്ധിക്കുക. 

പഴങ്ങള്‍ കഴിക്കുന്നത് അപകടകരമാണ്, അവ പൂര്‍ണ്ണമായും ഒഴിവാക്കണം !!??

വിറ്റമിൻ സി അടങ്ങിയ പഴങ്ങള്‍ പനിയുള്ളവര്‍ കഴിക്കുന്നത് നല്ലതാണെന്നതാണ് വാസ്തവം. എന്നാൽ പക്ഷികളും വവ്വാലുകളും കടിച്ച് ഉപേക്ഷിച്ച പഴങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്. നിലത്തു വീണു കിടക്കുന്ന പഴങ്ങളും ഒഴിവാക്കാം. മറ്റു പഴങ്ങള്‍ കഴുകിയ ശേഷം തൊലി നീക്കി കഴിക്കാം. 

കിണര്‍ വെള്ളത്തിൽ വവ്വാൽ മൂത്രമുണ്ടാകും, ഉപയോഗിക്കരുത് !!??

കിണറുകള്‍ ഉള്‍പ്പെടെയുള്ള ശുദ്ധജലസ്രോതസ്സുകളിൽ വവ്വാലുകളുടെ വിസര്‍ജ്യം വീഴുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാൽ വെള്ളം നന്നായി തിളപ്പിച്ച് ഉപയോഗിച്ചാൽ ഭയക്കേണ്ടതില്ല. 

പനിയും തലവേദനയുമുണ്ടെങ്കിൽ നിപ ഉറപ്പ് !!??

പനിയും തലവേദനയും നിപയുടെ ലക്ഷണങ്ങളാണ്. എന്നാൽ എല്ലാ പനിയും തലവേദനയും നിപയല്ല. പനി, തലവേദന, കടുത്ത ക്ഷീണം, ചുമ, ഛര്‍ദ്ദി, പേശീവേദന, വയറിളക്കം, മസ്തിഷ്കജ്വരം, ദുര്‍ബലമായ മനോശക്തി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടെങ്കിൽ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എന്നാൽ സ്വയം ചികിത്സ ഒഴിവാക്കുകയും ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കുകയുമാണ് ചെയ്യേണ്ടത്. 

ഒരു കാര്യം ഓര്‍മിക്കുക, നിപ വൈറസിനെ തുരത്താൻ ഏറ്റവും മികച്ച ആയുധമാണ് സോപ്പ്. ദിവസവും പല തവണ സോപ്പ് ഉപയോഗിച്ച് രണ്ട് കൈകളും വൃത്തിയാക്കണം. ഭക്ഷണം കഴിക്കുന്നതിനു മുൻപ് 30-40 സെക്കണ്ട് വരെ കൈകള്‍ വൃത്തിയാക്കണം.ഉപയോഗിച്ച ശേഷം ടിഷ്യൂ പേപ്പറുകള്‍ മാസ്ക് വലിച്ചെറിയുന്നതും അലക്ഷ്യമായി എല്ലായിടത്തും തുപ്പുന്നതും ഒഴിവാക്കണം.

എഴുതിയത്:
Dr Danish Salim,
CEO Dr D Better Life,
HOD PRS Emergency,
Trivandrum.

 

Follow Us:
Download App:
  • android
  • ios