കാർമേഘങ്ങൾക്ക് സൂര്യപ്രകാശത്തെ ഒരു പരിധി വരെ മറയ്ക്കാൻ കഴിയുമെങ്കിലും, ഹാനികരമായ അൾട്രാവയലറ്റ് രശ്മികളെ പൂർണ്ണമായി തടയാൻ കഴിയില്ല.

മഴക്കാലത്ത് നമ്മളിൽ പലരും സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് നിർത്താറുണ്ട്. വെയിലില്ലാത്തതിനാൽ ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കില്ലെന്ന ധാരണയിലാണ് പലരും ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ചർമ്മസംരക്ഷണത്തിൽ വരുത്തുന്ന ഏറ്റവും വലിയ തെറ്റുകളിൽ ഒന്നാണിതെന്ന് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നു. കാർമേഘങ്ങൾക്ക് സൂര്യപ്രകാശത്തെ ഒരു പരിധി വരെ മറയ്ക്കാൻ കഴിയുമെങ്കിലും, ഹാനികരമായ അൾട്രാവയലറ്റ് രശ്മികളെ പൂർണ്ണമായി തടയാൻ കഴിയില്ല. സൺസ്‌ക്രീൻ എന്നത് വേനൽക്കാലത്ത് മാത്രം ഉപയോഗിക്കേണ്ട ഒന്നല്ല, മഴക്കാലം ഉൾപ്പെടെ വർഷത്തിൽ എല്ലാ ദിവസവും ചർമ്മസംരക്ഷണത്തിന് ഇത് അത്യാവശ്യമാണ്. മഴക്കാലത്തും സൺസ്‌ക്രീൻ ഉപയോഗിക്കേണ്ടതിന്റെ പ്രധാന കാരണങ്ങൾ ഇവയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1. മേഘങ്ങൾക്ക് യുവി രശ്മികളെ പൂർണ്ണമായി തടയാനാകില്ല

മേഘാവൃതമായ കാലാവസ്ഥ ചർമ്മത്തെ സൂര്യരശ്മികളിൽ നിന്ന് സംരക്ഷിക്കുമെന്നത് ഒരു തെറ്റായ ധാരണയാണ്. സൂര്യനെ നേരിട്ട് കാണാൻ സാധിക്കാത്ത ദിവസങ്ങളിൽ പോലും യുവി രശ്മികൾക്ക് മേഘ പാളികളെ ഭേദിച്ച് പുറത്തുവരാൻ കഴിയും. വേനൽക്കാലത്ത് മാത്രമേ സൺസ്‌ക്രീൻ ആവശ്യമുള്ളൂ എന്നാണ് നമ്മളിൽ ഭൂരിഭാഗം പേരും കരുതുന്നത്. എന്നാൽ മഴക്കാലത്തും ഈ യുവി രശ്മികൾ ചർമ്മത്തിലേക്ക് എത്തിക്കൊണ്ടേയിരിക്കും.

2. യുവിഎ രശ്മികൾ വർഷം മുഴുവനുമുണ്ട്

സൂര്യതാപത്തിന് പ്രധാന കാരണം യുവിബി രശ്മികളാണെങ്കിൽ, ചർമ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന യുവിഎ രശ്മികൾ വർഷം മുഴുവൻ അന്തരീക്ഷത്തിൽ ഒരുപോലെ ഉണ്ടാകും. മഴക്കാലത്ത് മേഘങ്ങൾ സൂര്യപ്രകാശത്തിന്റെ തീവ്രത കുറയ്ക്കുമെങ്കിലും അൾട്രാവയലറ്റ് വികിരണങ്ങളെ അവ പൂർണ്ണമായി തടയുന്നില്ല. ചർമ്മത്തിൽ നേരത്തെ തന്നെ പ്രായക്കൂടുതൽ തോന്നിക്കുന്നതിനും, കറുത്ത പാടുകൾക്കും, ദീർഘകാല ചർമ്മ പ്രശ്നങ്ങൾക്കും പ്രധാന കാരണം ഈ യുവിഎ രശ്മികളാണ്.

3. മഴക്കാലത്തെ ചർമ്മ കേടുപാടുകൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല

വേനൽക്കാലത്തെപ്പോലെ ചർമ്മം പെട്ടെന്ന് കറുത്തുപോകാത്തതിനാൽ, മഴക്കാലത്ത് യുവി രശ്മികൾ ഉണ്ടാക്കുന്ന ദോഷങ്ങൾ തിരിച്ചറിയാൻ സമയമെടുക്കും. തുടർച്ചയായി യുവി രശ്മികൾ ഏൽക്കുന്നത് ഈ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

  1. ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുന്ന കൊളാജൻ നശിക്കുന്നു.

2. ചർമ്മത്തിൽ കറുത്ത പാടുകൾ വർദ്ധിക്കുന്നു.

3. മുഖക്കുരുവിന്റെ പാടുകൾ മാറാൻ കൂടുതൽ സമയമെടുക്കുന്നു.

4. ചർമ്മത്തിന് അകാല വാർദ്ധക്യം ഉണ്ടാകുന്നു.

5. ചർമ്മത്തിലെ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

4. ചർമ്മ ചികിത്സകൾ ചെയ്യുന്നവർ കൂടുതൽ ശ്രദ്ധിക്കുക

കെമിക്കൽ പീലിംഗ്, ലേസർ ചികിത്സകൾ, മൈക്രോനീഡ്‌ലിംഗ്, റെറ്റിനോയിഡുകൾ അല്ലെങ്കിൽ എക്‌സ്‌ഫോളിയേറ്റിംഗ് ആസിഡുകൾ എന്നിവ ഉപയോഗിക്കുന്നവർ മഴക്കാലത്ത് കൂടുതൽ ജാഗ്രത പാലിക്കണം. ഇത്തരം ചികിത്സകൾ ചർമ്മത്തെ കൂടുതൽ സെൻസിറ്റീവ് ആക്കുന്നു. അതിനാൽ, മേഘാവൃതമായ ദിവസങ്ങളിൽ സൺസ്‌ക്രീൻ ഉപയോഗിക്കാതിരുന്നാൽ അത് ചർമ്മത്തിൽ കൂടുതൽ കറുത്ത പാടുകൾ വീഴാൻ ഇടയാക്കും.

5. മഴക്കാലത്തെ വായുവിലെ ഈർപ്പം

സൺസ്‌ക്രീൻ പുരട്ടുമ്പോൾ ചർമ്മത്തിൽ കനവും എണ്ണമയവും അനുഭവപ്പെടാറുണ്ട്. എന്നാൽ ഇത് സൺസ്‌ക്രീൻ ഒഴിവാക്കാനുള്ള കാരണമല്ല. മഴക്കാലത്തെ വായുവിലെ ഈർപ്പത്തിന് അനുയോജ്യമായ ഭാരം കുറഞ്ഞതും ജൽ രൂപത്തിലുള്ളതുമായ സൺസ്‌ക്രീനുകൾ തെരഞ്ഞെടുക്കാം.

6. ശരിയായ സൺസ്‌ക്രീൻ എങ്ങനെ തിരഞ്ഞെടുക്കാം?

  1. യുവിഎ, യുവിബി രശ്മികളിൽ നിന്ന് സംരക്ഷണം നൽകുന്ന ബ്രോഡ്-സ്പെക്ട്രം സൺസ്‌ക്രീൻ.

2. എസ്‌പിഎഫ് 30 (SPF 30) അല്ലെങ്കിൽ അതിന് മുകളിലുള്ളവ.

3. PA+++ അല്ലെങ്കിൽ അതിന് മുകളിലുള്ള റേറ്റിംഗ്.

4. എണ്ണമയം തോന്നിക്കാത്ത ലൈറ്റ്‌വെയിറ്റ് ജെൽ അല്ലെങ്കിൽ ഫ്ലൂയിഡ് രൂപത്തിലുള്ളവ.

7. ശ്രദ്ധിക്കാം

രാവിലെ ഒരു തവണ മാത്രം സൺസ്‌ക്രീൻ പുരട്ടിയാൽ പോരാ. കൂടുതൽ സമയം പുറത്തു ചെലവഴിക്കുന്നവരോ, അമിതമായി വിയർക്കുന്നവരോ, മഴ നനയുന്നവരോ ആണെങ്കിൽ ഓരോ 2 മുതൽ 3 മണിക്കൂർ കൂടുമ്പോഴും സൺസ്‌ക്രീൻ വീണ്ടും പുരട്ടേണ്ടതുണ്ട്. ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ ഏത് കാലാവസ്ഥയിലും സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് ഒരു ശീലമാക്കുക.