നമ്മുടെ ശരീരത്തിന്റെ സ്വാഭാവികമായ 24 മണിക്കൂർ ജൈവഘടികാരമാണ് സർക്കാഡിയൻ റിഥം. ഇത് ഉറക്കത്തെ മാത്രമല്ല നിയന്ത്രിക്കുന്നത്.
ജോലി തീർക്കാൻ വേണ്ടി രാത്രി വൈകിയിരുന്ന് ഉണർന്നിരിക്കുക, ഉറക്കമില്ലാത്ത രാത്രിക്ക് ശേഷം പിറ്റേന്ന് നേരം വൈകി ഉണരുക, അല്ലെങ്കിൽ തിരക്കുകൾ കാരണം അർദ്ധരാത്രിയിൽ അത്താഴം കഴിക്കുക എന്നിവയൊക്കെ ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ പലർക്കും ഒരു സാധാരണ ശീലമായി മാറിയിട്ടുണ്ട്. എന്നാൽ ഇത്തരം നിസ്സാരമായ ശീലങ്ങൾ നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക താളത്തെ അഥവാ ജൈവഘടികാരത്തെ ഇല്ലാതാക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.
എന്താണ് സർക്കാഡിയൻ റിഥം?
നമ്മുടെ ശരീരത്തിന്റെ സ്വാഭാവികമായ 24 മണിക്കൂർ ജൈവഘടികാരമാണ് സർക്കാഡിയൻ റിഥം. ഇത് ഉറക്കത്തെ മാത്രമല്ല നിയന്ത്രിക്കുന്നത്. ശരീരത്തിലെ ഹോർമോൺ ഉത്പാദനം, ദഹനം, ശരീരതാപനില, വിശപ്പ്, നമ്മൾ കഴിക്കുന്ന ഭക്ഷണം ശരീരം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്ന പ്രക്രിയ എന്നിവയെയെല്ലാം ഈ ആന്തരിക ഘടികാരം സ്വാധീനിക്കുന്നുണ്ട്. കരൾ, കുടൽ, മസ്തിഷ്കം എന്നിവയെല്ലാം പ്രവർത്തിക്കുന്നത് ഈ ഘടികാരത്തിന്റെ താളത്തിലാണ്.
നമ്മുടെ ജൈവഘടികാരത്തെ തെറ്റിക്കുന്നത് എന്തൊക്കെയാണ്?
ദൈനംദിന ജീവിതത്തിലെ ചില അശ്രദ്ധകളാണ് പ്രധാനമായും നമ്മുടെ ശരീരത്തിന്റെ താളം തെറ്റിക്കുന്നത്. അവ എന്തൊക്കെയാണെന്ന് അറിയാം.
- ഓരോ ദിവസവും വ്യത്യസ്ത സമയങ്ങളിൽ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത്.
2. രാവിലെയുള്ള പ്രകൃതിദത്തമായ സൂര്യപ്രകാശം ഏൽക്കാതിരിക്കുന്നത്.
3. അർദ്ധരാത്രിയിൽ അത്താഴം കഴിക്കുന്നത്.
4. ഉറക്കം വരാൻ വേണ്ടി മെലാടോണിൻ ഗുളികകളെ ആശ്രയിക്കുന്നത്.
ശരീരത്തിന്റെ ജൈവഘടികാരം വീണ്ടെടുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
ശരീരത്തിന്റെ സ്വാഭാവിക താളം വീണ്ടെടുക്കാനും മികച്ച ആരോഗ്യം നിലനിർത്താനും താഴെ പറയുന്ന ശീലങ്ങൾ പിന്തുടരാം.
- കൃത്യമായ ഉറക്കസമയം- പ്രവൃത്തിദിവസങ്ങളിലും അല്ലാത്ത ദിവസവും ഒരേ സമയത്ത് തന്നെ ഉണരാൻ ശ്രമിക്കുക.
2. രാവിലെയുള്ള സൂര്യപ്രകാശം- ഉറക്കമുണർന്ന് ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ കുറച്ചു സമയം വെയിൽ കൊള്ളുക.
3. ഭക്ഷണസമയം ക്രമീകരിക്കുക- എല്ലാ ദിവസവും ഏകദേശം ഒരേ സമയത്തുതന്നെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും കഴിക്കാൻ ശ്രദ്ധിക്കുക.
4. രാത്രിയിലെ വെളിച്ചം കുറയ്ക്കുക- ഉറങ്ങാൻ കിടക്കുന്നതിന് മുൻപായി മുറിയിലെ പ്രകാശതീവ്രത കുറയ്ക്കുക
5. ഫോൺ മാറ്റിവെക്കുക- ഉറങ്ങാൻ പോകുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുൻപെങ്കിലും മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.
ഇക്കാര്യങ്ങൾ കൃത്യമായി ശീലമാക്കുന്നതിലൂടെ നിങ്ങളുടെ ശരീരം സ്വാഭാവിക താളത്തിലേക്ക് മടങ്ങിയെത്തുകയും ദഹനക്കേട്, ഉറക്കമില്ലായ്മ പോലുള്ള സാധാരണ ആരോഗ്യപ്രശ്നങ്ങൾ തനിയെ മാറാൻ തുടങ്ങുകയും ചെയ്യും.


