അർബുദ പരിശോധനയ്ക്കെന്ന വ്യാജേന സ്ത്രീകളുടെ സ്വകാര്യ അവയവങ്ങളിൽ പരിശോധന നടത്തിയ സംഭവത്തിൽ ഇന്ത്യൻ‌ വംശജനായ ഡോക്ടർ കുറ്റക്കാരനെന്ന് ലണ്ടൻ കോടതിയുടെ കണ്ടെത്തല്‍. നിരവധി യുവതികളെ ഇയാൾ ഇത്തരത്തിൽ ലൈം​ഗികമായി ദുരുപയോ​ഗിച്ചുവെന്നാണ് കോടതി കണ്ടെത്തിയത്. ജനറൽ പ്രാക്റ്റീഷണറായ മനീഷ് ഷാ (50) യാണ് 23 സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് ലൈം​ഗികമായി ഉപയോ​ഗിച്ചതായി കണ്ടെത്തിയിരിക്കുന്നത് .

സെലിബ്രിറ്റികൾക്ക് സ്തനാർബുദം വന്ന സംഭവം വിശദീകരിച്ചാണ് ഇയാൾ സ്ത്രീകളുടെ മാറിടം പരിശോധിച്ചു കൊണ്ടിരുന്നത്. മുൻകൂട്ടി പരിശോധന നടത്തിയത് കൊണ്ടാണ് ആഞ്ചലീന ജോളി സ്തനാർബുദത്തിൽ രക്ഷപ്പെട്ടതെന്ന് പറഞ്ഞാണ് ഇയാൾ സ്ത്രീകളെ പരിശോധനയ്ക്ക് വിധേയരാക്കിക്കൊണ്ടിരുന്നത്. അർബുദത്തെക്കുറിച്ച് പറഞ്ഞ് ഇയാൾ രോ​ഗികളെ ഭയപ്പെടുത്തിയിരുന്നു. മാവ്നി മെഡിക്കൽ സെന്ററിൽ ജോലി ചെയ്തിരുന്ന 2009 മുതൽ 2013 ഇടയിലുള്ള വർഷങ്ങളിൽ ആറ് സ്ത്രീകളെ ഇയാൾ പീഡിപ്പിച്ചിരുന്നതായും കോടതി കണ്ടെത്തി. ഇക്കൂട്ടത്തിൽ 11 വയസ്സുള്ള പെൺകുട്ടിയുമുണ്ടെന്ന് കോടതി വെളിപ്പെടുത്തുന്നു.

ഇതിന് മുമ്പ് സമാനമായ 17 പരാതികൾ ഇയാൾക്കെതിരെ ലഭിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. സ്ത്രീകളുടെ അർബുദത്തോടുള്ള ഭയത്തെ മുതലെടുക്കുകയാണ് മനീഷ് ഷാ ചെയ്തതെന്നും അതുവഴി സ്ത്രീത്വത്തെയും ജോലിയെയും അപമാനിക്കുകയാണ് ഇയാൾ ചെയ്തതെന്നും പ്രോസിക്യൂട്ടർ കെയ്റ്റ് ബെക്സ് കോടതിയിൽ പറഞ്ഞു. ലൈം​ഗിക ചോഷ്ടകളോടെയാണ് മനീഷ് ഷാ രോ​ഗികളോട് ഇടപഴകിയിരുന്നതെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി. ആലിം​ഗനം ചെയ്തും ഉമ്മ വച്ചുമാണ് ചിലരെ പരിശോധിക്കുക.  ഇയാൾക്കെതിരെ വ്യാപകമായി പരാതികൾ ഉയർന്നതോടെ 2013 ൽ മെഡിക്കൽ പ്രാക്ടീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.