Asianet News MalayalamAsianet News Malayalam

'ആശയക്കുഴപ്പവും ആശങ്കയും വേണ്ട'; സംശയങ്ങള്‍ക്ക് മറുപടിയായി ഡോക്ടറുടെ കുറിപ്പ്...

''പി സി ആര്‍ ടെസ്റ്റ് ഇന്‍ക്യുബേഷന്‍ പിരീഡിന്റെ അവസാന രണ്ട് ദിവസം മുതല്‍ രോഗലക്ഷണങ്ങള്‍ അവസാനിക്കുന്നത് വരെയാണ് സാധാരണ ഗതിയില്‍ പോസിറ്റീവായിരിക്കുക. എന്നാല്‍ ചിലരില്‍ ഇത് പിന്നീടും പോസിറ്റീവ് ആകാം. എന്നാല്‍ അവര്‍ക്ക് രോഗവ്യാപന സാധ്യത (Infectivity) ഉണ്ടാവില്ല. മറ്റുള്ളവരിലേക്ക് രോഗം പകരില്ലെന്നര്‍ത്ഥം...''

doctor clarifies doubts about covid 19 test
Author
Trivandrum, First Published Apr 22, 2020, 6:26 PM IST

കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ പലതരത്തിലുള്ള സംശയങ്ങളും ആശങ്കകളുമെല്ലാം ഈ വിഷയവുമായി ബന്ധപ്പെട്ട് നമുക്ക് മുമ്പില്‍ ഉയര്‍ന്നേക്കാം. ഇതിനിടെ അശാസ്ത്രീയമായ പല പ്രചാരണങ്ങളും നമ്മളെ തേടിയെത്തിയേക്കാം. എന്നാല്‍ കൃത്യമായതും ആധികാരികമായതുമായ വിവരങ്ങളാണ് ഈ പ്രതിസന്ധിഘട്ടത്തില്‍ നമ്മള്‍ ആശ്രയിക്കേണ്ടത്. അത്തരത്തില്‍ പ്രാധാന്യമുള്ള ഒരു കുറിപ്പാണ് പങ്കുവയ്ക്കുന്നത്. ആരോഗ്യരംഗത്ത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള പ്രമുഖ ന്യൂറോസര്‍ജന്‍ ഡോ. ബി ഇക്ബാല്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചൊരു കുറിപ്പാണിത്. 

Also Read:- ലോകത്തിന് പുതിയ വെല്ലുവിളി; കൊവിഡ് ഭേദമായി 70 ദിവസത്തിന് ശേഷം വീണ്ടും രോഗം...

കുറിപ്പ് വായിക്കാം...

കോവിഡ് നിരീക്ഷണ കാലത്തിന് (ക്വാറന്റൈന്‍ കാലം) ശേഷവും (14-28 ദിവസം) ചിലരില്‍ പി സി ആര്‍ വൈറല്‍ ടെസ്റ്റ് പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

പി സി ആര്‍ ടെസ്റ്റില്‍ വൈറസിന്റെ ആര്‍ എന്‍ എ ഘടകമാണ് പരിശോധിക്കുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണം പ്രകടിപ്പിക്കുന്നത് വരെയുള്ള കാലമാണ് ഇന്‍ക്യുബേഷന്‍ പിരീഡ് (Incubation Period). ഇത് ഒന്ന് മുതല്‍ 14 ദിവസം വരെയാകാമെങ്കിലും മിക്കവാറും 5-6 ദിവസങ്ങള്‍ക്കകം ഇന്‍ക്യുബേഷന്‍ കാലം അവസാനിച്ച് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങും. 

മിക്ക കേസുകളിലും തുടര്‍ന്ന് രോഗം 8 ദിവസം വരെ നീണ്ട് നില്‍ക്കാം. ചുമ, പനി, ശ്വാസ തടസ്സം തുടങ്ങിയവയാണ് സാധാരണ കാണുന്ന രോഗലക്ഷണങ്ങള്‍. ഈ കാലയളവില്‍ രോഗിയില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ (Infective Period) സാധ്യതയുണ്ട്. കേരളത്തില്‍ പലരിലും രോഗകാലത്ത് രോഗലക്ഷണം പ്രകടിപ്പിച്ചതായി കാണുന്നില്ല. ഇവരെയാണ് രോഗിലക്ഷണമില്ലാത്ത രോഗികള്‍ (Asymptomatic Patients) എന്ന് വിളിക്കുന്നത്.

പി സി ആര്‍ ടെസ്റ്റ് ഇന്‍ക്യുബേഷന്‍ പിരീഡിന്റെ അവസാന രണ്ട് ദിവസം മുതല്‍ രോഗലക്ഷണങ്ങള്‍ അവസാനിക്കുന്നത് വരെയാണ് സാധാരണ ഗതിയില്‍ പോസിറ്റീവായിരിക്കുക. എന്നാല്‍ ചിലരില്‍ ഇത് പിന്നീടും പോസിറ്റീവ് ആകാം. എന്നാല്‍ അവര്‍ക്ക് രോഗവ്യാപന സാധ്യത (Infectivity) ഉണ്ടാവില്ല. മറ്റുള്ളവരിലേക്ക് രോഗം പകരില്ലെന്നര്‍ത്ഥം. 

രോഗശമന ശേഷം രോഗിയുടെ ശരീരത്തില്‍ നിന്നും രോഗ വ്യാപനത്തിനാവശ്യമായ അളവില്‍ (<100000) വൈറസ് പുറത്തേക്ക് വരില്ല. ഈ ഘട്ടത്തില്‍ പുറത്തേക്ക് വരുന്ന വൈറസ് ഘടകങ്ങളെ വൈറസ് മാലിന്യം (Virus Litter) എന്ന് ചില വിദ്ഗ്ധര്‍ വിളിക്കുന്നുണ്ട്.

പി സി ആര്‍ പോസിറ്റീവായ ഒരാള്‍ക്ക് രോഗവ്യാപന സാധ്യതയുണ്ടോ എന്നറിയാന്‍ മൂന്ന് ടെസ്റ്റ്കളിലേതെങ്കിലും ഒന്ന് ചെയ്ത് നോക്കാവുന്നതാണ്. വൈറസിനെ കള്‍ചര്‍ചെയ്യുക (Viral Culture) എന്നതാണ് ആദ്യത്തേത്. വൈറസിനെ കൃത്രിമ മാധ്യമങ്ങളില്‍ വളര്‍ത്തിയെടുക്കാനാണ് കള്‍ചറില്‍ ശ്രമിക്കുന്നത്. ലെവല്‍ -3 ലാബറട്ടറിയില്‍ മാത്രമേ വൈറസ് കള്‍ചര്‍ ചെയ്യാനാവൂ. കേരളത്തില്‍ അതിന് സൌകര്യമില്ല. പൂനയിലെ നാഷണല്‍ വൈറോളജി ലാബറട്ടറിയില്‍ അയക്കേണ്ടിവരും.

മറ്റൊന്ന് ആന്റിബോഡി ടെസ്റ്റ് ചെയ്യുക എന്നതാണ്. ഐ ജി എം (IgM) ആന്റിബോഡിയുണ്ടെങ്കില്‍ രോഗം ഇപ്പോഴുമുണ്ടെന്നും ഐ ജി ജി യും ഐ ജി എമ്മുമും ഉണ്ടെങ്കില്‍ (IgG+IGM) രോഗ ഭേദമായെന്നും കരുതാവുന്നതാണ്.

വൈറസ് ആന്റിജന്‍ ടെസ്റ്റാണ് മറ്റൊരു രീതി. അന്റിജന്‍ ടെസ്റ്റ് പോസിറ്റീവായാല്‍ രോഗമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ശ്രീ ചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റിജന്‍ ടെസ്റ്റ് വികസിപ്പിച്ചെടുക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്.

പി സി ആര്‍ ടെസ്റ്റ് പോസ്റ്റിറ്റ് ആണോയെന്ന് ഉറപ്പ് വരുത്തുന്നതിനായി മറ്റൊരു ലാബില്‍ കൂടി പരിശോധിക്കുന്നതും പരിഗണിക്കാവുന്നതാണ്.
ഇന്നത്തെ സ്ഥിതിയില്‍ ആന്റിബോഡി കിറ്റ് ലഭ്യമായി കഴിഞ്ഞാല്‍ സംശയമുള്ള കേസുകളില്‍ ആന്റിബോഡി ടെസ്റ്റ് ചെയ്ത് നോക്കുന്നതാവും ഉചിതം.

ഏതായാലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പവും ആശങ്കയും ആവശ്യമില്ല.

Also Read:- കൊവിഡ് 19 ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും? നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന...
 

Follow Us:
Download App:
  • android
  • ios